അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Sunday, July 15, 2012

ഈ വാര്‍ധക്യങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ!!

(ഈ ലേഖനം മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചിരുന്നു..വായിക്കൂ..http://www.marunadanmalayalee.com/Satyamev%20Jayate-73316.html  )
ദൃശ്യാ മാധ്യമ ചരിത്രത്തില്‍  ഒരു പുത്തന്‍ വിജയ ചരിത്രമെഴുതി മുന്നേറുകയാണ് അമീര്‍ഖാന്റെ 'സത്യമേവ ജയതേ' .മുന്‍ എപിസോഡുകള്‍ പോലെ തന്നെ സമകാലിക പ്രാധാന്യമുള്ള ഒരു വിഷയവുമായി,അതും ഒട്ടും  തന്നെ വിഷയത്തിന്റെ ചൂരും ചൂടും നഷ്ടപ്പെടാതെ വര്‍ത്തമാന കാല യാഥാര്‍ത്യങ്ങള്‍ തനിമയോടെ വരച്ചു കാട്ടുന്നതില്‍ ഈ  എപിസോഡും വിജയിച്ചു എന്ന്  പറയേണ്ടിയിരിക്കുന്നു. വാര്‍ധക്യം എന്നത് രണ്ടാം ബാല്യം ആണെന്ന് പറയാറുണ്ട്‌.എന്നാല്‍ രണ്ടാം ബാല്യം ശുഭാചിന്തകാലോ പ്രതീക്ഷകാലോ ഇല്ലാത്ത നിരാശയുടെയും വേദനയുടെയും  പീഡന കാലമായി  മാറുന്നതാണ് നാം ഇന്ന് കണ്ടു വരുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരുടെ വേദനകളും അനുഭവങ്ങളും തുറന്നു കാട്ടുന്നതോടൊപ്പം വാര്‍ധക്യം എങ്ങനെ പ്രത്യാശയുടെ സുവര്‍ണ്ണ തീരം  ആക്കി   മാറ്റാം എന്നാ കാര്യത്തില്‍ ഒരു വഴികാട്ടി കൂടി ആകുന്നതായിരുന്നു ഇന്നത്തെ എപിസോഡ്.വാര്‍ധക്യത്തില്‍ വിജയ സോപാനത്തില്‍  കയറിയവരുടെ അനുഭവങ്ങളും കഥകളും വാര്‍ധക്യത്തില്‍  ആയിരിക്കുന്നവര്‍ക്ക് പ്രചോദനം ആകുന്നതോടൊപ്പം യുവതലമുറയുടെ കണ്ണ്  തുറപ്പിക്കുന്നതുമായിരുന്നു  .വാര്‍ധക്യം എന്നത് ഒരു ശാരീരിക അവസ്ഥ  മാത്രമാണെന്നും  നിശ്ചയ  ദാര്‍ട്യവും  തളരാത്ത ഒരു മനസ്സുമുന്ടെങ്കില്‍ തങ്ങള്‍  യുവാക്കളേക്കാള്‍  ശക്തരാനെന്നും പലരുടെയും ജീവിതം തെളിയിച്ചു.
പതിവുപോലെ ഇന്ത്യന്‍ സാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളായിരുന്നു  ആദ്യ ഭാഗത്ത് വരച്ചു കാണിച്ചത്.വാര്‍ധക്യം  എന്ന   അവസ്ഥയെ മനുഷ്യന്‍ എങ്ങനെ ക്രൂരമായി നേരിടുന്നു എന്നതിന്റെ നേര്കാഴ്ചയുമായി 'ഡെക്കാന്‍ ക്രോനിക്കി'ളിലെ പ്രമീള കൃഷ്ണന്‍ എത്തിയപ്പോള്‍ കാഴ്ച്ചക്കരോടൊപ്പം അവതാരകനായ അമീര്‍ ഖാനും നിറകണ്ണുകളോടെയാണ്   ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെ കേട്ടത്.സംഭവം നടക്കുന്നത് തമിഴ്നാട്ടിലെ വിരുദുനഗര്‍ എന്നാ ഗ്രാമത്തിലാണ്.അവിടുത്തെ ജനങ്ങള്‍ വാര്‍ധക്യം ഒഴിവാക്കാന്‍ ചെയ്യുന്ന കൃത്യം ഒരു പക്ഷെ മനുഷ്യ മനസാക്ഷിയെ പ്പോലും ഞെട്ടിക്കുന്നതായിരുന്നു.പ്രമീള നേരിട്ട് ആ ഗ്രാമം സന്ദര്‍ശിക്കുകയും ഈ വിഷയത്തില്‍ പഠനം നടത്തുകയും ചെയ്തു.അവിടെ വാര്ധക്യത്തിലെത്തിയവേരെയും സുഖപ്പെടുത്താനാവാത്ത രോഗം ബാധിച്ചവരെയും 'തലൈ കൂത്തല്‍" എന്നാ ഒരു ചടങ്ങിലൂടെ പരലോകത്തെത്തിക്കുന്ന ഒരു പ്രത്യേക പരിപാടി അരങ്ങേറുന്നുണ്ട്.   തലൈ കൂത്തല്‍ എന്ന് വച്ചാല്‍ തലയില്‍ കൂടെ വെള്ളം ഒഴിക്കുക  എന്ന് അര്‍ഥം.കിടപ്പിലായിരിക്കുന്നവരെ തലയില്‍ കൂടി വെള്ളമൊഴിച്ചു കൊള്ളുക ആണത്രേ ചെയ്യുന്നത്.ഇതിനായി കരിക്കിന്‍ വെള്ളവും ഉപയോഗിക്കരുണ്ടാത്രേ.അസുഖം ബാധിച്ചു  കിടപ്പിലായിരിക്കുന്നവര്‍ ഈ വെള്ളം തലയിലൂടെ ഒഴിക്കുന്നതിന്റെ ഭാഗമായി ന്യൂമോണിയ ബാധിച്ചു മരിക്കുകയാണത്രെ  പതിവ്.ഇത് അവിടെ ഒരു  സാമൂഹ്യ   ആചാരമാണ്.ആര് എപ്പോള്‍ മരിക്കണമെന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ചു തീരുമാനിക്കുകയും കൃത്യം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.പലരും തങ്ങളുടെ അച്ഛനമ്മമാരെ തലൈ കൂത്തല്‍  നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു .നാട്ടുകാരില്‍ പലരും ഈ സംഭവം അവിടെ പതിവാണെന്ന് തുറന്നു പറഞ്ഞു. ഇപ്പോള്‍   വിഷം കുത്തി വയ്ക്കുന്ന  പരിപാടിയും ഉണ്ടെന്നു പറഞ്ഞു.അതിനായി ഡോക്ടര്‍മാരും വ്യാജ ഡോക്ടര്‍മാരും അവിടെ ഉണ്ട്. തന്റെ മുത്തച്ഛനെ കൊല്ലാനെന്ന വ്യാജേന ഒരു ഡോക്ടറെ സമീപിച്ച സംഭവവും പ്രമീള  പങ്കു  വെച്ചു.പണ്ട് അവിടെ പ്രായമുള്ളവരെ ജീവനോടെ മണ്ണിനുള്ളില്‍  മൂടുകയായിരുന്നു പതിവെന്ന് ചിലര്‍ തുറന്നു  പറഞ്ഞു.
      തങ്ങളുടെ യൌവ്വനം തങ്ങളുടെ മക്കളെ നന്നായി വളര്‍ത്താനായി കുരുതി  കൊടുത്തു വാര്‍ധക്യത്തില്‍ വീട്ടിനു പുറത്താവേണ്ടി വന്ന അച്ഛനമ്മമാരുടെ  കദന  കഥകള്‍ തീര്‍ച്ചയായും  ഹൃദയസ്പര്ഷിയും നൊമ്പരപ്പെടുത്തുന്നതുമായിരുന്നു.കൃഷ്ണ ദാവേര്‍,കുസും ഭോസ്ല എന്നീ  അമ്മമാര്‍ താങ്ങും തണലുമാവേണ്ട മക്കള്‍  തങ്ങളെ  വീട്ടിനു പുറത്താക്കിയ കഥ പങ്കുവെച്ചു.കഷ്ട്ടപ്പെട്ടും കടം വാങ്ങിയ പണം കൊണ്ട് താന്‍ വളര്‍ത്തി വലുതാക്കിയ മകന്‍ തന്നെ പുറത്താക്കിയ സംഭവം അശോക്‌ പഞ്ചാല്‍ എന്നാ അച്ഛന്‍ വേദനയോടെ വിവരിച്ചു. വൃന്ദാവന്‍ സ്ട്രീറ്റ് എന്ന ക്ഷേത്ര  നഗരിയിലെ ജീവിതങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയ പരിപാടി അവിടെ കഴിഞ്ഞു കൂടുന്ന പന്തീരായിരത്തോളം വരുന്ന വൃദ്ധ ജീവിതങ്ങളെ തുറന്നു കാട്ടി. മരണം വിരുന്നു വരുന്നതും കാത്തിരിക്കുന്ന ആ വൃദ്ധ ജന്മങ്ങള്‍ തീര്‍ച്ചയായും ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ തൊടും എന്ന കാര്യത്തില്‍ സംശയമില്ല.
വൃദ്ധ ജീവിതങ്ങള്‍ക്ക് താങ്ങും തണലും ആകുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ജീവിത സായന്തനം പ്രത്യാശയുടെയും കൂട്ടായ്മയുടെയും നല്ല മാതൃകകള്‍ കാട്ടി തരുന്നു.മക്കള്‍  പഴന്തുണി   പോലെ വലിച്ചെറിഞ്ഞ ജീവിതങ്ങളെ സ്നേഹത്തോടെയും കരുതലോടെയും പുനരധിവസിപ്പിക്കുന്ന  ആ മഹത് ജീവിതങ്ങള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം നാം അറിയാതെ ശിരസ്സു നമിച്ചു പോകും. വൃന്ധാവനത്തിലെ  'മൈത്രി'  എന്ന സംഘടനയുടെ  വിന്നി സിംഗ്, വൃദ്ധ ജനങ്ങള്‍ക്കായി  ആശ്രമം നടത്തുന്ന മങ്കേഷ് ,മുംബൈയില്‍ 'മാതാശ്രീ' എന്ന വൃദ്ധ ജന കെയര്‍ സെന്റെര്‍ നടത്തുന്ന അശോക്‌ എന്നിവര്‍ തങ്ങളുടെ അന്തേവാസികളുടെ   അനുഭവങ്ങള്‍ പങ്കു വച്ചു.'ഏജ് വെല്‍ ഫൌണ്ടാഷനി'ലെ ഹിമാന്ഷു വാര്‍ധക്യം നേരിടുന്ന പ്രശ്നങ്ങളുടെ സാമ്പത്തിക വശം വരച്ചു  കാട്ടി.തങ്ങളുടെ യൌവ്വന കാലത്ത് തങ്ങള്‍ നേടിയ ഒരു സ്വത്ത് പോലും മരണം  വരെ   ഒരു കാരണവശാലും മക്കള്‍ക്കോ മറ്റാര്‍ക്കോ കൈമാറരുതെന്ന നിര്‍ദ്ദേശം ആണ് മുന്‍പോട്ടു വച്ചത്.പലപ്പോഴും  വൃദ്ധ ജനങ്ങള്‍ വീടിനു പുറത്താവുന്നത് തങ്ങളുടെ സമ്പാദ്യം കൈമാറിയതിന് ശേഷമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 
വാര്‍ധക്യം ഒരു നേഴ്സറി  ക്ലാസിലെ കുട്ടികളെ പോലെ ആഘോഷിക്കുന്ന 'ആയുധാം' പോലെയുള്ള വൃദ്ധ സദനങ്ങള്‍ തീര്‍ച്ചയായും ഒരു രണ്ടാം ബാല്യത്തിന്റെ കഥ പറയുന്നവയാണ്  .അവിടെ വൃദ്ധ സദനത്തോടൊപ്പം സ്കൂളും  പ്രവര്‍ത്തിക്കുന്നു .അവിടുത്തെ കുട്ടികള്‍ വൃദ്ധ മാതാപിതാക്കള്‍ക്ക് പേരക്കുട്ടികള്‍ ആകുന്നു.അവര്‍ തങ്ങളുടെ ജീവിതാനുഭവ സമ്പത്ത് കുട്ടികള്‍ക്ക് പങ്കു വെയ്ക്കുകയും  തങ്ങളുടെ  കുട്ടിക്കാലത്തിലൂടെ വീണ്ടും കടന്നു പോവുകയും ചെയ്യുന്നു.വളരെ സ്വര്‍ഗീയമായ ഒരു അനുഭവം ആണത്. അതേപോലെ തന്നയുള്ള ഭൂമിയിലെ സ്വര്‍ഗം എന്ന് തന്നെ പറയാവുന്ന ഒന്നാണ് മുംബൈയിലെ 'ദാദ-ദീദി പാര്‍ക്ക്'.അവിടെ വൃദ്ധര്‍ കുട്ടികളാകുന്നു.അവര്‍ ക്രിക്കറ്റ് കളിക്കുന്നു, കമ്പ്യൂട്ടര്‍ പഠിക്കുന്നു,ഡാന്‍സ് ചെയ്യുന്നു. ജീവിതത്തില്‍  അതേവരെ ചെയ്തിട്ടില്ലാത്ത പലതും  പുതുതായി പഠിക്കുന്നു.തികച്ചും നവ്യമായ ഒരു അനുഭവം തന്നെ.
ഡല്‍ഹി യൂനിവേഴ്സിടിയിലെ പ്രൊഫസര്‍  ഡോ.അര്‍ച്ചന കൌശിക് വൃദ്ധ ജനങ്ങള്‍ക്കായി ഗവേന്മേന്റുകള്‍ ആരംഭിക്കുന്ന പദ്ധതികളെ    പറ്റി വിവരിച്ചു.ഡല്‍ഹി, ഗോവ സര്‍ക്കാരുകള്‍ ഈ വിധത്തില്‍ ചില ക്ഷേമ പദ്ധതികള്‍  ആരംഭിച്ചിട്ടുണ്ട് .കാലാനുസൃതമായ മാറ്റങ്ങള്‍ ജനങ്ങളുടെ ചിന്തകളില്‍ ഉണ്ടാവുന്നത്  ഒരു ശുഭകരമായ മാറ്റമായി കാണേണ്ടതുണ്ട്. വാര്‍ധക്യം ഒറ്റപ്പെടലിന്റെ വേദനയുടെത് കൂടിയാണ് പലപ്പോഴും.കാരണം പങ്കാളി മരിച്ച വൃദ്ധര്‍ പലപ്പോഴും തങ്ങളുടെ പല ആവശ്യങ്ങളിലും ഒരു തുണയില്ലാതെ കഴിയേണ്ടി വരുന്നത് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.അത്തരക്കാര്‍ക്കു  പുനര്‍വിവാഹത്തിന്റെ  മധുരം പങ്കുവെയ്ക്കാനായാണ് മുംബൈയില്‍ നിന്നും വൃദ്ധ ദമ്പതികളായ മിസ്റ്റര്‍ & മിസ്സിസ് ജോഷി എത്തിയത്.അരുപതിയോന്പതാം വയസ്സില്‍ വിവാഹിതനായ ജോഷിയുടെ ഭാര്യ മലയാളിയാണ്. തുണയില്ലാത്തവര്‍ക്കായി   'ലിവിംഗ് റിലേഷന്‍സ് '  എന്ന പേരില്‍  സമ്മേളനം  നടത്തി  വിജയിപ്പിച്ച അഹമ്മദാബാദില്‍ നിന്നും നാം കാണുന്ന പ്രത്യാശയുടെ പുതു നാമ്പുകളാണ്.അവിടെ വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കാന്‍ വൃദ്ധര്‍ക്ക് അവസരമൊരുക്കുകയാണ്. തികച്ചും പുതുമയാര്‍ന്ന ഒരു ആശയം.തങ്ങളുടെ സായന്തനം ഒരു മധുവിധു കാലം പോലെ കഴിയാനുള്ള ഈ അവസരം മക്കളും കുടുംബാങ്ങങ്ങളും ചേര്‍ന്നാണ് ഒരുക്കി കൊടുക്കുന്നതെന്നത് കൂടുതല്‍ മധുരതരമാകുന്നു.
തങ്ങളുടെ പ്രായത്തെ വകവെയ്ക്കാതെ ജീവിത വിജയം നേടിയ വൃദ്ധര്‍ പ്രേക്ഷകരുടെ ഹൃദയം കവരുകയും നിലയ്ക്കാത്ത കയ്യടി നേടുകയും ചെയ്തു.തൊണ്ണൂറ്റി ഒന്നുകാരനായ നാരായണ്‍ഈ പ്രായത്തില്‍ ചവിട്ടി കയറിയത്  മൂവായിരത്തി അഞ്ഞൂറ് അടി ഉയരമുള്ള ലോണാവാല കുന്നു മാത്രമല്ല.റാപ്ലിംഗ് നടത്തി കാണികളുടെ കയ്യടിയും നേടി.ഒപ്പം ലിംക ബുക്ക്‌ ഓഫ് റെകോര്‍ട്സില്‍ സ്വന്തം പേരും.അറുപത്തഞ്ചാം വയസ്സില്‍ പരിശീലനം  തുടങ്ങി ഷൂട്ടിങ്ങില്‍ സ്റ്റേറ്റ് ,ദേശീയ ലെവലില്‍ മെഡലുകള്‍ വാരിക്കൂട്ടിയ യു പി യിലെ ജുഹൈടിഗ്രാമത്തില്‍ നിന്നും എത്തിയ ചന്ദ്ര തോമാറും പര്‍കാഷി തോമാറും പ്രേക്ഷകര്‍ക്ക്‌ അദ്ഭുതമായി.
വാര്‍ധക്യം എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്നും നാം ഓരോരുത്തരും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ടവര്‍  ആണെന്നും ഇന്നും നാം നമ്മുടെ മാതാപിതാക്കളോടെ ചെയ്യുന്നത് നാളെ നമ്മുടെ മക്കളും പലിശ സഹിതം നമുക്ക് മടക്കി തരും എന്ന സത്യം നമ്മെ ഒര്മിപിക്കാന്‍ ഇന്നത്തെ എപിസോഡ് സഹായകമായിട്ടുണ്ടാവും എന്ന് ഞാന്‍ അടിവരയിട്ടു പറയാന്‍ ആഗ്രഹിക്കുന്നു.

Saturday, July 14, 2012

ദരിദ്രന്റെ ചട്ടിയില്‍ കയ്യിട്ടു വാരുന്നവര്‍...!!!

മതാധിഷ്ടിതമായ ഒരു സമൂഹത്തില്‍ മതം വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് തികച്ചു സ്വാഭാവികവും നമുക്ക്  മനസിലാക്കാവുന്നതുമേയുള്ളൂ. .എന്നാല്‍ മതവിശ്വാസികളുടെ സ്വകാര്യ ജീവിതം മതത്തിന്റെ കുത്തകാവകാശമുള്ള കോര്‍പ്പറേറ്റ് ചൂഷകരായ സഭകള്‍  നിയന്ത്രിക്കുന്ന  നിലയിലേയ്ക്ക് വഴുതിപ്പോകുന്നത് തികച്ചും ആശങ്കാജനകമാണ്.വ്യക്തികളുടെ പൊതു ജീവിതം  പലപ്പോഴും ഈ   കോര്‍പറെറ്റുകളുടെ    സ്ഥാപിത താല്പര്യങ്ങള്‍ക്ക് വിധേയമാകേണ്ടി വരാറുണ്ട്.കാരണം മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായ ജനനം,വിവാഹം ,മരണം തുടങ്ങിയ സ്വാഭാവിക പ്രക്രിയകളുമായി ബന്ടപ്പെട്ടു നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നതും പിന്തുടരാന്‍ നിര്‍ബന്ധിതവുമായ ചില  സാമൂഹ്യ ആചാരങ്ങള്‍ അഥവാ അനാചാരങ്ങള്‍ ഈ  കോര്‍പ്പറേറ്റ് ഭീമന്മാരുടെ കുത്തകകയും ആണ്.ഒരു വിധേയ വിശ്വാസിയെ സംബണ്ടിച്ചിടത്തോളം ഇവ ഒഴിവാക്കി ഒരു സാമൂഹ്യ അസ്ത്വിത്വം അവനില്ല. അല്ലെങ്കില്‍ ഈ ചൂഷക വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ അവനു കെല്പില്ല.അതിനപ്പുറം ഒരു ചോദ്യം ചെയ്യലിന് അവന്‍ തുനിഞ്ഞാല്‍ അതുവരെ അവന്‍ ഭാഗമായിരുന്ന സാമൂഹത്തില്‍ നിന്നും  ബഹിഷ്കൃതനാവുക    എന്നതായിരിക്കും ആത്യന്തിക ഫലം.അതുകൊണ്ട് പലപ്പോഴും ചോദ്യം ചെയ്യലുകള്‍ ഉള്ളിലൊതുക്കി നല്ല കുഞ്ഞാടാവാനാണ് അവനു താല്പര്യം.
ഇത് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ ഭീതി ജനിപ്പിക്കുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ,സംഘടിതമായ കോര്‍പ്പറേറ്റ് സ്വാഭാവം നിലനിര്തിപോരുന്ന വിഭാഗങ്ങളില്‍ പ്രത്യേകിച്ചും. ഈ വിഭാഗങ്ങളെ  സംബന്ധിച്ചിടത്തോളം മുന്‍പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങളില്‍ പിടിവീഴും എന്നതിനാല്‍ ജീവിതകാലം മുഴുവന്‍ തന്റെ നിസ്സഹായതയുടെ ഇരയായി തീരാനാണ് അവന്റെ വിധി."മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു,പക്ഷെ എല്ലായിടത്തും അവന്‍ ചങ്ങലകളാല്‍  ബന്ധിതനാണ്  " എന്നാ സിദ്ധാന്തം ശരിവച്ചുകൊണ്ട്  ഒരു  സാധാ   മനുഷ്യന്റെ സാമൂഹ്യ ജീവിതം അപ്പാടെ ഇത്തരം മത സംഘടനകള്‍ ചങ്ങലകളില്‍ ബന്ധിച്ചിരിക്കുന്നു.ശാസനകളുടെയും ഭീഷണിയുടെയും മതബോധന  ക്ലാസുകളില്‍ തുടങ്ങുന്നു ശിശുവായ ഒരു വിശ്വാസിയുടെ തടവറ ജീവിതം. മുലകുടി മാറും  മുന്‍പേ  കുഞ്ഞുങ്ങളെ വേദപടന ക്ലാസില്‍ എത്തിക്കാന്‍ താല്പര്യപ്പെടുന്ന ഈ വിഭാഗം ലക്‌ഷ്യം വെയ്ക്കുന്നത്, അക്ഷരം പഠിച്ചു പുതിയ അറിവുകള്‍ നേടും മുന്‍പേ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി അവരെ തങ്ങളുടെ വഴിയില്‍ തന്നെ നിലനിര്‍ത്തുന്നു എന്ന് ഉറപ്പു വരുത്തുക എന്നതാണ്. ഇവിടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നഷ്ടമാവുന്നത് വിശുദ്ധമായ  അവരുടെ ബാല്യമാണ്.എട്ടും പൊട്ടും തിരിയാത്ത ചോദ്യങ്ങളിലൂടെ  നമ്മളെ രസിപ്പിക്കേണ്ട അവരുടെ ബാല്യം പാപബോധത്തിന്റെയും  നിത്യനരകത്തിന്റെയും ഭീതിതമായ  ഒരു നൂല്പാലത്തിലൂടെയാണ് കടന്നു പോകുന്നത്.തന്റെ ഓരോ നിഷ്കളങ്കമായ ചെയ്തികളെയും പാപബോധത്തിന്റെ ത്രാസില്‍ തൂക്കി നോക്കേണ്ടി വരുന്ന അവന്‍ ശരിതെറ്റുകളെ വേര്‍തിരിച്ച്ചരിയാനാവാതെ കുഴയുകയാണ് .ഇത് കുഞ്ഞുങ്ങളുടെ മാനസികനിലയെ പോലും ബാധിച്ചേക്കാം. അറിവിന്റെ വിശാലമായ ലോകത്തെ ശുദ്ധവായു ശ്വസിക്കേണ്ട  കുഞ്ഞുങ്ങള്‍ ആരൊക്കെയോ കുത്തിചെലുത്തികൊടുക്കുന്ന അന്ധവിശ്വാസങ്ങളുടെയും അറിവില്ലയ്മയുടെയും അപ്പകഷണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.ഇങനെ ഈ മതത്തിന്റെ അഴിയാകുരുക്കില്‍ കുടുങ്ങി പോകുന്ന ഈ  ബാല്യം മുതല്‍  പിന്നീട് അവന്റെ ജീവിത  അന്ത്യത്തോളം ഇതിന്റെ അടിമത്തത്തില്‍ നിന്നും മോചിതനാകാനാവാതെ  വീര്‍പ്പുമുട്ടുന്ന   കാഴ്ചയാണ് നാം കാണുന്നത്.
ഇവിടെ പറയാനുദ്ദേശിക്കുന്നത് ഇന്ന്  ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ വിശ്വാസി ചൂഷണത്തിന്റെ ആഴം കൂടി വരുന്നത് തികഞ്ഞ ആശങ്കയോട് നാം കാണേണ്ടതുണ്ട്. തികച്ചും ലളിതജീവിതവും സേവനതല്പരതയും ഉണ്ടായിരുന്ന പൌരോഹിത്യത്തിന്റെ സ്ഥാനത്തു ലൌകിക ജീവികളും ഭൌതിക ജീവിത തല്‍പരരും ക്രിമിനല്‍ മനസുമുള്ള ആളുകള്‍ എത്തിത്തുടങ്ങിയതോടെ,അജ്ഞരും ചൂഷകവര്‍ഗത്തോട് എതിരിടാന്‍ അശക്തരുമായ വിശ്വാസ വര്‍ഗത്തെ കൊള്ളയടിക്കാനുള്ള പുത്തന്‍ സാമ്പത്തിക ചൂഷണ വിദ്യകള്‍ വേദ പ്രമാണത്തിന്റെ സുന്ദരമായ  പൊതികടലാസിനുള്ളില്‍  പൊതിഞ്ഞു വിശ്വാസികള്‍ക്ക്  എറിഞ്ഞു കൊടുക്കാന്‍ അണിയറയില്‍ തയ്യാറാവുന്നു.ഈ ഭീദിതമായ വാര്‍ത്തയ്ക്കു നേരെ കണ്ണും കാതും അടയ്ക്കാനാവില്ല ഒരു യഥാര്‍ത്ഥ  വിശ്വാസിക്കും."എളിയവനു നിങ്ങള്‍ ചെയ്യുന്നതൊക്കെയും നിങ്ങള്‍ എനിക്ക് ചെയ്യുന്നുവെന്നു" പറഞ്ഞ ക്രിസ്തുവിന്റെ അഭിനവ ശിഷ്യന്മാര്‍ അത്താഴ പട്ടിണിക്കാരനായ വിശ്വാസിയുടെ ഉള്ള വറ്റും കൂടി വടിച്ചു നക്കാന്‍ വരുന്നു എന്നത് ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ജീവിതത്തെ  കൂടുതല്‍    ദയനീയമാക്കും എന്ന് പറയാതെ വയ്യ.ഈ തിന്മയ്ക്കു നേരെ പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിശ്വാസിയെ നിന്റെ വിശ്വാസമെവിടെ ? സാമൂഹ്യ തിന്മകള്‍ക്കു മേല്‍  തന്റെ ചാട്ടവാര്‍ ആഞ്ഞു ചുഴട്ടിയ ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം ?
വിശ്വാസികളില്‍ നിന്നും ദശാംശം പിരിക്കാനുള്ള കത്തോലിക്ക മെത്രാന്‍ വൈതാളിക സംഘത്തിന്റെ തീരുമാനം ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ എന്നാ അവസ്ഥയില്‍ ആയിപോയി എന്ന് പറയാതെ നിവൃത്തിയില്ല.ജീവിത ചിലവുകള്‍ അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ എത്തിയിരിക്കുന്ന ഒരു ദുരവസ്ഥയില്‍  പെട്ടുഴലുന്ന  സാധാരണക്കാരന്റെ  ജീവിതത്തെ കൂടുതല്‍ ദുരിതമയം ആക്കുന്ന ഈ 'ഗുണ്ടാപിരിവു'  അനുവദിച്ചു കൊടുക്കുക ഒരു വിശ്വസിക്കും സാധ്യമാണെന്ന് ഞാന്‍  കരുതുന്നില്ല. ഇത് എതിര്‍ക്കപ്പെടണം.എതിര്‍ക്കപ്പെടണം എന്നല്ല ഇത്തരം തീരുമാനം എടുക്കുന്ന  ക്രിമിനലുകളെ കഴുവേറ്റുകയാണ്  വേണ്ടത്. ഇവിടെ ചൂഷണത്തിന്റെ പ്രശ്നം മാത്രമല്ല ഉദിക്കുന്നത്.ഭരണഘടനാധിഷ്ടിതമായ ജനാതിപത്യ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഭാരതം പോലെയൊരു രാജ്യത്ത്, രാജ്യത്തിനുള്ളില്‍ വേറൊരു ഭരണഘടനാതീതമായ ഒരു വ്യവസ്ഥിതി സൃഷ്ടിക്കാനുള്ള 'ക്രിസ്ത്യന്‍ തീവ്രവാദികളുടെ'(സര്‍ക്കാരുകളെ ന്യൂനപക്ഷം എന്ന തോക്കിന്‍ കുഴലില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഈ പദം അന്വര്‍ത്ഥമെന്നു  ഞാന്‍ കരുതുന്നു) ഈ ശ്രമങ്ങളെ തടയിടെണ്ടത് അത്യാവശ്യമാണ്.ഇപ്പോള്‍ തന്നെ ന്യൂനപക്ഷ ലേബലില്‍ ജനാതിപത്യ സര്‍ക്കാരുകളുടെയും നിയമത്തിന്റെയും നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് ഈ വിഭാഗം.'ദശാംശം' എന്ന ഓമനപേരിട്ടു വിളിക്കുന്ന ഈ ചുങ്കപിരിവ് നമ്മുടെ വരുമാന നികുതി(ഇന്‍കം ടാക്സ്)  തന്നെയാണ് .ഇത് തികച്ചും നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണ്.ഒരു ജനാതിപത്യ സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കല്ലാതെ  ആര്‍ക്കും നികുതി പിരിക്കാന്‍ അവകാശമില്ല. വത്തിക്കാനിലെ പോപ്പിന്റെ സാമന്ത രാജ്യമായി ഭാരതത്തിനുള്ളില്‍ മറ്റൊരു സാമ്രാജ്യം സൃഷ്ടിക്കാനാണ് ഈ തീവ്രവാദികളുടെ ശ്രമം. ഇത് മുളയിലെ നുള്ളിയില്ലെങ്കില്‍ സ്വതവേ ദുര്‍ബലമായ നമ്മുടെ സാമൂഹ്യ,രാഷ്ട്രീയ,നിയമ വ്യവസ്ഥകള്‍ക്ക് പിന്നീടൊരിക്കലും നിയന്ത്രിക്കാനാവാത്ത വിധം ഒരു 'ന്യൂനപക്ഷ അവകാശമായി' ഇതും മാറുന്ന ദുസ്ഥിതിയില്‍  നാം എത്തിച്ചേരും എന്ന് പറയാതെ വയ്യ.

Wednesday, July 11, 2012

വിശ്വാസം!!... അതാണോ എല്ലാം???


ഇന്നൊരു  ശപിക്കപ്പെട്ട ദിവസം ആണെന്ന്‌ തോന്നുന്നു.അല്ലെങ്കില്‍  ഏതു    നേരത്താവും എനിക്ക് ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തോന്നിയത്?? വേണ്ടപ്പെട്ട  ഒരാള്‍ ക്ഷണിച്ചത് കൊണ്ടാണ് ഒഴിവാക്കാനാവാതെ വന്നത് പക്ഷെ അത് പുലിവാലാകുമെന്ന് ഒട്ടും നിനച്ചില്ല്ല .മനുഷ്യനായി ജീവിക്കുന്നുവെന്ന്  മറ്റുള്ളവരെ  ബോധ്യപ്പെടുത്തുക ഇത്ര ബുദ്ധിമുട്ടോ ??
മലയാളിയാണോ ?,പത്തനംതിട്ടകാരനാണോ ?  ആദ്യമായി കാണുന്ന ഒരാളില്‍ നിന്ന് ഇങ്ങനെ ചോദ്യങ്ങള്‍ കേട്ട് അവസാനിക്കനെയെന്നു ഒരു പ്രവാസി എന്നാ നിലയില്‍  എപ്പോഴും ആഗ്രഹിക്കും .കാരണം അതിനപ്പുരത്തെയ്ക്ക് പോയാല്‍ അടുത്ത ചോദ്യം എന്തായിരിക്കും എന്നെനിക്കറിയാം.എന്റെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എന്തെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട  യാതൊരു  ബാധ്യതയും എനിക്കില്ല .അല്ലെങ്കില്‍ തന്നെ ഇത് മറ്റുള്ളവരുടെ വിഷയവുമല്ല എന്നിട്ടും  എന്തുകൊണ്ട് ചിലര്‍ അനാവശ്യമായി ഇത്തരം  ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് എനിക്കറിഞ്ഞു കൂടാ. ഒരു മനുഷ്യന്‍ എന്നതിനപ്പുറം എന്ത് കൊണ്ട് എന്നെ ബ്രാന്‍ഡ്‌ ചെയ്യാന്‍ അല്ലെങ്കില്‍ ഒരു ലേബല്‍ ചാര്‍ത്തിതരാന്‍ മറ്റുള്ളവര്‍ ശ്രമിക്കണം??ഒരു വ്യക്തി എന്നാ നിലയില്‍ എന്നെ അന്ഗീകരിക്കാനാവില്ലേ? എന്റെ മതവിശ്വാസം അല്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസം എന്ത് വിശേഷതയാണ് എനിക്ക് നല്‍കുക? അല്ലെങ്കില്‍ എന്റെ ജാതി എന്നെ എങ്ങനെയാണ് ഉന്നത കുല ജാതനാക്കുന്നത്? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ എന്റെ  മനസിനെ  നൊമ്പരപ്പെടുത്തികൊണ്ടിരിക്കുന്നു .ഒരു നല്ല മനുഷ്യനായി, എല്ലാവരെയും ഒരേ കണ്ണില്‍ കണ്ടു മരിക്കണം എന്നാ എന്റെ ചിന്തകള്‍ക്ക്  എപ്പോഴും   വിലങ്ങു തടിയാവാനാണ് പരിചയപ്പെടുന്ന ഓരോരുത്തരുടെയും ശ്രമം എന്നത് എന്നെ ഭീതിപ്പെടുത്തുന്നു.
ഇന്ന് ഡല്‍ഹിയില്‍ നടന്ന ഒരു മതപരംമായ ഒരു വിശേഷ ചടങ്ങില്‍(പുരോഹിതരെ വാഴിക്കുന്ന ചടങ്ങ് ) പങ്കെടുക്കെണ്ടിവന്നു,ഒഴിവാക്കാനാവത്തതിനാല്‍.പരിപാടിക്ക് ശേഷം ഒരു പ്രായമുള്ള പുരോഹിതന്‍ പരിചയപ്പെടാന്‍ വന്നു.നല്ല കാര്യം.കാരണം ആരുമായും പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും വളരെ താല്പര്യമുള്ള ഒരാള്‍ എന്നാ നിലയില്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല,അത് പുരോഹിതനായാലും,പിച്ച്ചക്കാരനായാലും.സൌഹൃദങ്ങളെ അത്രയേറെ ഇഷ്ട്ടപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍.പക്ഷെ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ സാധാരണ ഞാന്‍ ഇഷ്ട്ടപെടാത്ത  വഴിയിലേക്ക് തിരിഞ്ഞു പോകുന്നത് ഞാന്‍ ഭീതിയോടെ  ആണ് കണ്ടത്.പള്ളിയില്‍ കണ്ടിട്ടില്ലല്ലോ?എന്നാ സ്വാഭാവികമായ ചോദ്യം വന്നു.കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ജന്മം കൊണ്ട്(??) ഞാന്‍ ഉള്‍പെട്ട സമുദായത്തിന്റെ പേര് പറഞ്ഞു.അത് അദ്ദേഹത്തിന്റെ സമുദായം അല്ലാത്തതുകൊണ്ട് ചോദ്യങ്ങള്‍ അവസാനിക്കുമെന്ന് വിചാരിച്ച എനിക്ക് തെറ്റി.എന്റെ ഭാര്യയുടെ സമുദായം അറിയണം.പ്രായമുള്ള ഒരു വ്യക്തിയോട് 'തറുതല' പറയേണ്ട എന്ന്  കരുതിയ ഞാന്‍ ആ ചോദ്യത്തിനും ഉത്തരം നല്‍കി.ഭാര്യ ജനിച്ച (??) സമുദായത്തിന്റെ പേര് സത്യസന്ധമായി പറഞ്ഞു. അവള്‍ മറ്റൊരു (???) സമുദായത്തിലെ അംഗമാണ്. മറുപടി കേട്ടതും അദ്ദേഹം തോക്കെടുത്ത് ആദ്യ വെടി പൊട്ടിച്ചു, എന്റെ ഭാര്യക്ക് നേരെ." അതാണ്‌ കുഴപ്പം(??).ഒരു സ്ഥിരതയില്ലാതെ, ഒരു  അടിസ്ഥാനവുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പോയതിന്റെ കുഴപ്പമാണ്.ശരിയാവില്ല.".വിളറിയ മുഖത്തോടെ നില്‍ക്കുന്ന എന്റെ ഭാര്യയുടെ മുഖം ഞാന്‍ ഭീതിയോടെ ഏറു കണ്ണുകളോടെ നോക്കി.പാവം,എന്നെപ്പോലോരുത്തന്റെ ഭാര്യയാകേണ്ടി വന്ന ആ ദുര്‍ നിമിഷത്തെ മനസുകൊണ്ട് ശപിച്ചിട്ടുണ്ടാവുമോ ആവോ? അസ്ത്രപ്രന്ജയായി നില്‍ക്കുന്ന  ഭാര്യയുടെ മുഖം കണ്ടപ്പോള്‍ സ്വയരക്ഷക്കു വേണ്ടി, ഞാന്‍ എന്റെ, അത്യാവശ്യം മാത്രം ഉപയോഗിക്കുന്ന നാക്ക് പുറത്തെടുക്കാന്‍ തീരുമാനിച്ചു. ആദ്യ  വെടി ആകാശത്തേയ്ക്ക് വെച്ചു."ഞങ്ങളുടെ  അടിസ്ഥാനം ഭൂമിയിലെ സഭയിലല്ല.ആകാശങ്ങളിലിരിക്കുന്ന ദൈവത്തിലാണ്.ഞങ്ങള്‍ നേരിട്ട് ദൈവവുമായി ബന്ധപ്പെടുന്നവര്‍  ആണ്.". അച്ചന്മാര്‍ക്ക് അച്ചാരം  കൊടുക്കാതെ കര്‍ത്താവുമായി നേരിട്ട് ബന്ധമോ? നടക്കത്തില്ല. പള്ളിയും പട്ടകാരനുമില്ലാതെ ഈശ്വരനെ കാണാനാവില്ല എന്ന് പറഞ്ഞു പാപമോചന ചീട്ടു കച്ചവടം നടത്തിയ  പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്ക സഭാപുരോഹിതരെപ്പറ്റി ചരിത്ര ക്ലാസുകളില്‍ പഠിപ്പിച്ചത്  ഒരു നിമിഷം എന്റെ മനസിലൂടെ കടന്നു പോയി.അദ്ദേഹത്തിന്റെ സുന്ദരമായ ആ മുഖം പഴയ ആ സഭയുടെ പ്രേതം കൂടിയത് പോലെ വികൃതമാകുന്നത് ഞാന്‍ കണ്ടു.കൂടുതല്‍ സംസാരം നീണ്ടാല്‍ ഒരു പക്ഷെ സഭയുടെ അടിവേര് വരെ ഞാന്‍ മാന്തും എന്ന ഭീതിയോടെ നില്‍ക്കുന്ന എന്റെ ഭാര്യയുടെ നിര്‍ജീവമായ മുഖം കണ്ടപ്പോള്‍ ആയുധം വച്ചു കീഴടങ്ങിയെക്കാം എന്ന് ഞാന്‍ കരുതി. വിശുദ്ധമായതെന്നു സ്വയം വിശേഷിപിച്ച ഒരു ചടങ്ങ് കഴിഞ്ഞു വിശുദ്ധമായ അല്ത്താരയില്‍ നിന്നും ഇറങ്ങി  വന്ന ഒരു പുരോഹിതനില്‍ നിന്നും ഇതിലേറെ പ്രതീക്ഷിക്കെണ്ടാതില്ലെന്ന എന്റെ മുന്‍വിധികളെ ശരിവച്ചു കൊണ്ട്, ഞങ്ങളെ നന്നാക്കാനുള്ള ചുമതല  ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ സഹോദരിയെ ഏല്‍പ്പിച്ചു അദ്ദേഹം നടന്നു നീങ്ങി. വെടിയും പുകയും പ്രതീക്ഷിച്ചുകൊണ്ട് നിന്ന എന്റെ ഭാര്യയുടെ മുഖത്തു ആശ്വാസത്തിന്റെ ഒരു തേന്മഴ പെയ്യുന്നത് ഞാന്‍ കണ്ടു.
 പുറത്തേയ്ക്ക് നടക്കുമ്പോള്‍ പാവം എന്റെ ഭാര്യയുടെ സംശയങ്ങള്‍ നിലക്കാത്തതായിരുന്നു. നമ്മളെപ്പറ്റി യാതൊന്നും അറിയാത്ത ആദ്യമായി കണ്ട ഒരാള്‍ നമ്മുടെ വിശ്വാസ അടിസ്ഥാനങ്ങളെ എന്തിനിങ്ങനെ മുന്‍വിധിയോടെ സമീപിച്ചു? നമ്മുടെ നിര്‍ദോഷമായ വിശ്വാസങ്ങള്‍ അദ്ദേഹത്തെ എന്തിനു ചൊടിപ്പിക്കണം? പകരം  എന്താണ് അദ്ദേഹം എന്താണ്  നമ്മളില്‍   നിന്നും ആവശ്യപ്പെടുന്നത്? തെരുവുകളില്‍ മുദ്രാവാക്യം  മുഴക്കി സര്‍ക്കാരിനെ തെറി വിളിക്കുന്ന അദ്ദേഹത്തിന്റെ സമുദായത്തിന്റെ ഒരു വിധേയ കുഞ്ഞാടായി  നമ്മളെ   കാണാന്‍ ആഗ്രഹിക്കുന്നോ? ഫ്ലാറ്റ് കച്ചവട തട്ടിപ്പ് നടത്തി കുഞ്ഞാടുകളെ പറ്റിക്കുന്ന  പുരോഹിത വര്‍ഗത്തിന്  നമ്മള്‍   കീ ജയ് വിളിക്കുമെന്ന്  അദ്ദേഹം  കരുതുന്നുവോ? ഒരു സുഖ മരണം പോലും പ്രതീക്ഷിക്കാനവത്തവിധം, നേര്‍ച്ച കോഴികളെ  പോലെ തടവറയില്‍ കഴിയുന്ന കര്‍ത്താവിന്റെ മനവാട്ടിമാര്‍ ജീവിക്കുന്ന ഏതെങ്കിലും ഒരു സഭയെ  നമ്മള്‍  അന്ഗീകരിക്കുമെന്നോ? സ്വവര്‍ഗ ഭോഗിയെന്നു പൊതു സമൂഹം പുച്ചിച്ചു തള്ളിയ മതപുരോഹിത മേധാവികള്‍ ഉള്ള സഭയെ  നമ്മള്‍   പിന്തുടരണമോ ? കര്‍ത്താവിന്റെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ വിശുദ്ധ  വേദപുസ്തകത്തില്‍  അധിഷ്ടിതമാനെന്നു   നമ്മള്‍   ഏറ്റു പറയണമെന്നോ ?നിലക്കാത്ത സംശയങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരികുന്നു,ഒരിക്കലും അവസാനിക്കാത്തതായി....
പരിമിതമായ എന്റെ അറിവില്‍  ബൈബിളിലെ ഏറ്റവും വിശുദ്ധമായ വാക്യം "നിന്റെ അയല്‍ക്കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക" എന്ന ക്രിസ്തു വചനമാണ്. ഒരു പക്ഷെ ശരിയായ  അര്‍ത്ഥത്തില്‍  പിന്തുടര്‍ന്നാല്‍ ഇന്നത്തെ ഈ ലോകക്രമം തന്നെ മാറ്റി മറിക്കാന്‍ പര്യാപ്തമായ ഒന്ന്. തൊട്ടടുത്തു തന്നെ നില്‍ക്കുന്നു "രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് നല്‍കട്ടെ" എന്ന ക്രിസ്തു സുവിശേഷം.സമത്വ സുന്ദരമായ ഒരു ലോകത്തിനു വേണ്ടിയുള്ള ആദ്യ വിശുദ്ധ ചുവടു വയ്പ്. ഇന്ന് ഈ രണ്ടു  വചനങ്ങളും ഒരു തമാശയ്ക്ക് പോലും പുരോഹിതര്‍ ഉരുവിടാറില്ല. അവര്‍ക്ക് പറയാന്‍ ഒന്ന് മാത്രം, "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും " എന്നത്. പാവം വിശ്വാസികള്‍ ഒരിക്കലും തിരിച്ചറിയുന്നില്ല തങ്ങളുടെ വിശ്വാസം ആണ് പുരോഹിത വര്‍ഗത്തിന്റെ വയറ്റി പ്പിഴപ്പെന്നും അതുകൊണ്ടാണ്  അവര്‍ ഒരു മന്ത്രം  പോലെ അത് മാത്രം ഉരുവിടുന്നതെന്നും. പ്രവര്തിയെക്കുരിച്ചു  ഒന്നും പറയാന്‍ പൌരോഹിത്യം തയ്യാറല്ല.'വിശ്വാസമില്ലാത്ത പ്രവര്‍ത്തി നിര്ജീവമാനെന്ന' തലതിരിഞ്ഞു പോയ ഒരു വേദ വാക്യവും അവര്‍ക്ക് കൂട്ടിനുണ്ട്. ആമേന്‍ !!!

ഇപ്പോഴും  എനിക്ക് അവസാനിക്കാത്തതും ഉത്തരം കിട്ടാത്തതുമായ ഒരു സംശയം ബാക്കി ....വിശ്വാസം!!... അതാണോ എല്ലാം???



Thursday, February 23, 2012

നമുക്ക് വേണോ ഈ രതി വൈകൃതം?

(സ്വവര്‍ഗ  പ്രേമികള്‍ക്കും സ്വവര്‍ഗ രതിയ്ക്കും എതിരെ കേന്ദ്ര ഗവന്മേന്റ്റ് സുപ്രീം കോടതിയില്‍ വാദ മുയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം.)
         
ബന്ധങ്ങള്‍ക്ക് അതിവേഗം മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകത്തില്‍ പുതിയ മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നത്  നിലനിന്നു പോന്ന സാമൂഹ്യ ഘടനയും സാമൂഹ്യ സ്ഥാപനങ്ങളെയും എങ്ങനെ ബാധിക്കും എന്ന വിലയിരുത്തലിനു ശേഷം വേണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.പ്രകൃതി സഹജം എന്ന് നാം വിചാരിക്കുന്ന ലൈംഗികതയുടെ   മേല്‍ പോലും നിലവിലുള്ള നിയമങ്ങള്‍ക്കു  നിയന്ത്രണം ഏര്‍പ്പെടുത്താന്‍   കഴിയാത്ത ഒരു രാജ്യത്ത് ലൈംഗികതയ്ക്ക്  പുത്തന്‍ ഭാഷ്യങ്ങളും  വ്യാകരണങ്ങളും  ചമയ്ക്കുന്നത്  എത്രകണ്ട് അഭിലഷനീയമാനെന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. 

രണ്ടു പുരുഷനോ രണ്ടു സ്ത്രീയോ ഒരുമിച്ചു ജീവിക്കുന്നത് അവരുടെ സ്വാതന്ത്ര്യമായി കണ്ടു കണ്ണടയ്ക്കുക എന്നത് അവരോടു ചെയ്യാവുന്ന മാന്യമായ സമീപനമാണ്.അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം. പക്ഷെ അത് പുതിയ ഒരു സാമൂഹ്യ ഘടനയുടെ ഭാഗമായി അവതരിപ്പിക്കുന്നതിനെ എത്ര കണ്ടു അംഗീകരിക്കാന്‍ കഴിയും എന്നുഎനിക്ക് സംശയമുണ്ട്‌ . കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ അടിസ്ഥാനമായി നാം രൂപപ്പെടുത്തി എടുത്ത ദാമ്പത്യം എന്ന മഹനീയമായ സങ്കല്‍പ്പത്തോട്  ഇതിനെ താരതമ്യപ്പെടുത്തുന്നത് തികഞ്ഞ മൌട്യമാണ്,ശുദ്ധ ഭോഷ്കാണ്. എന്ത് കൊണ്ടാണ് മതങ്ങളും മറ്റു സാമൂഹ്യ സംവിധാനങ്ങളും വിവാഹത്തെയും കുടുംബത്തെയും ഒരു വിശുദ്ധ സങ്കല്പ്പമായി കരുതുന്നത് എന്നത് ഒരു വാക്കില്‍ പറയാവുന്ന ഒരുത്തരമല്ല.രണ്ടു പേര്‍ക്ക് ഒരുമിച്ചു കിടക്കാന്‍ സമൂഹം കല്‍പ്പിച്ചു  നല്‍കുന്ന ലൈസന്‍സാണ്  വിവാഹം  എന്ന് നമുക്ക് നിര്‍വചിക്കാനാവില്ല.പ്രകൃതി സഹജമായ ലൈംഗികതയും ഒപ്പം പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു വലിയ കര്‍മ്മവും ഒന്ന് ചേരുന്ന ഒരു വിശുദ്ധ സങ്കല്‍പ്പമാണത്   .അതിന്റെ മറ്റൊരു രൂപമായി  സ്വവര്‍ഗ രതിയെയോ സ്വവര്‍ഗ  വിവാഹത്തെയോ കാണാനാവില്ല.
ഒരു സാമൂഹ്യ  ജീവിയെന്ന നിലയില്‍ സാമൂഹ്യ നിയമങ്ങളെ എങ്ങനെ ആദരിക്കണം,അല്ലെങ്കില്‍ എങ്ങനെ സാമൂഹ്യ   നിയമങ്ങള്‍ക്കു  വിധേയനായി ജീവിക്കണം എന്ന് ഒരാള്‍ പഠിക്കുന്നത് അല്ലെങ്കില്‍ അത് ആരംഭിക്കുന്നത് കുടുംബം എന്ന മഹത്തായ സ്ഥാപനത്തില്‍നിന്നുമാണ്. അത് കൊണ്ടാണ് ചൊട്ടയിലെ ശീലം ചുടല വരെ എന്ന് നാം പറയുന്നത്. ഇത് വ്യക്തിത്വ രൂപീകരണത്തില്‍ വിദ്യാഭ്യാസത്തെക്കള്‍ ഒരാളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.സ്കൂള്‍ വിദ്യാഭ്യാസ കാലത്തിനു മുന്‍പുതന്നെ ഒരു കുട്ടിയില്‍ സാമൂഹ്യ ജീവിയായി വളരാനുള്ള പ്രവണത ഉടലെടുക്കുന്നതില്‍ കുടുംബം ചെലുത്തുന്ന സ്വാധീനം ചെറുതല്ല.അത്തരം ഒരു സാമൂഹ്യ സ്ഥാപനത്തിന്റെ രൂപീകരണത്തിനായി നാം ഉണ്ടാക്കിയെടുത്ത വിവാഹം എന്നാ വിശുദ്ധമായ സങ്കല്‍പ്പത്തിന് പകരമായി ആണും ആണും പെണ്ണും പെണ്ണും തമ്മില്‍   ചേര്‍ന്ന് എന്താണ് ഈ സമൂഹത്തില്‍ പുതുതായി സൃഷ്ടിക്കാന്‍  പോകുന്നത്? 
സ്വവര്‍ഗ രതി പ്രകൃതി വിരുദ്ധമാണെന്ന് പറയാന്‍ കഴിയുന്ന വിദഗ്ധന്‍ ആരെന്നു ചോദിച്ചു വിധി പ്രഖ്യാപിച്ച ജഡ്ജി.നിയമങ്ങളെ മുടിനാരിഴകീറി  പരിശോധിക്കുന്ന ജഡ്ജിയുടെ വിധി പോലും അന്തിമമല്ല എന്നോര്‍ക്കണം . അതുകൊണ്ട് ഇദ്ദേഹത്തിന്റെ ചോദ്യത്തില്‍ കഴമ്പില്ല. നിയമങ്ങളോട് നീതി  പുലര്‍ത്തുന്നതോടൊപ്പം  ജഡ്ജിയുടെ  മനോധര്‍മവും വിധിയില്‍ പ്രതിഫലിക്കും.പക്ഷെ സാമൂഹ്യ സദാചാര ബോധമില്ലാത്ത, ജീവനില്ലാത്ത നിയമങ്ങളെ മാത്രം ബഹുമാനിക്കുന്ന ഒരു ജഡ്ജി പൊതു സമൂഹത്തിന്റെ സദാചാരവും സംസ്കാരവും നിലനിര്‍ത്തുന്നതില്‍ എന്ത് പങ്കു വഹിക്കും എന്നെനിക്കു മനസിലാകുന്നില്ല.ഇത്തരം വിധികള്‍ നമ്മുടെ സദാചാര ബോധത്തിനെല്‍പ്പിക്കുന്ന  മുറിവ് വലുതാണ്‌.
സ്വവര്‍ഗ രതി പ്രകൃതിസഹജമാനെന്നു പറയാന്‍ നിരത്തുന്ന വാദങ്ങള്‍ ബാലിശമാണ്. ഇത് പൊതുവേ രോഗാതുരമായ മനസുള്ള നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.ചെറുപ്പം മുതല്‍ നാം ശീലിച്ചതും പഠിച്ചതുമായ കാര്യങ്ങളില്‍ ഒക്കെ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരും.അത് അത്ര   ആരോഗ്യകരമാണെന്നു എനിക്ക് തോന്നുന്നില്ല.ശരീരത്തെയും അതിലെ അവയവങ്ങളുടെ ജൈവപരമായ ധര്‍മങ്ങളെപ്പറ്റിയും ചെറിയ ക്ലാസുകളില്‍ നാം പഠിച്ചതും അതിനു അനുരൂപമായി നാം വളര്‍ത്തിയെടുത്ത ലൈംഗിക സദാചാര ശീലങ്ങളെയും ഒരു നാള്‍ പെട്ടെന്ന് മാറ്റുക എളുപ്പമല്ല.മനുഷ്യരുടെയും ജീവികളുടെയും ശാരീരിക  ഘടനയും അവയവ ധര്‍മങ്ങളും എല്ലാം  പ്രകൃതി നിര്‍വചിച്ചു നിര്‍മിചിട്ടുള്ളതാണ്.വായ്‌ ഭക്ഷണം കഴിക്കാനും ശബ്ദം ഉണ്ടാക്കാനും പിന്നെ ശ്വസന പ്രക്രിയയുമായി ഒക്കെ ബന്ധപ്പെട്ടുള്ളതാണ്. വായ്‌ സിഗരട്ട് വലിക്കാനും മൂക്ക് പുക പുറത്തേയ്ക്ക് വിടാനുമുള്ള മാര്‍ഗമായി കണ്ടു പിടിച്ചത് മനുഷ്യനാണ്. സ്വന്തം  മൂക്കും വായും അതിനുപയോഗിക്കാനുള്ള അവന്റെ അവകാശത്തെ ആരും ചോദ്യം ചെയ്യൂന്നില്ല.പക്ഷെ അത് ഒരു സാമൂഹ്യ നിയമമായി അംഗീകരിക്കാനാവില്ല.അതിനു അങ്ങനെ ഒരു ധര്മ്മമുണ്ടെന്നു പറയാനുമാവില്ല.ഒരുപാട് പേരുടെ ശരികള്‍ ശരിയാവണമെന്നില്ല.മലദ്വാരം എന്നത്  ഭക്ഷണം കഴിച്ചിട്ട് വിസര്‍ജ്യം  പുറത്തു കളയാനുള്ളതാണ്‌,അതിനു പാശ്ചാത്യ  ലോകം പുതിയ ഉപയോഗം കണ്ടു പിടിച്ചിട്ടുണ്ടാകാം, ചില ഇന്ത്യന്‍ സായിപ്പന്മാരും ഞരമ്പ്‌ രോഗികളും അത് പിന്തുടരുന്നും ഉണ്ടാകാം.പക്ഷെ അത് ഇന്ത്യക്കാരുടെ സാമൂഹ്യ സദാചാര ക്രമത്തിന്റെ ഭാഗമാക്കാനുള്ള ഇതൊരു ശ്രമത്തെയും നഖശിഖാന്തം എതിര്‍ക്കേണ്ടത് നല്ല ഒരു നാളെയും നല്ലൊരു തലമുറയെയും സ്വപ്നം കാണുന്ന നമ്മുടെ കടമയാണ്.
ഈ വൃത്തികെട്ട ലൈംഗിക ശീലം പാശ്ചാത്യ ലോകത്തിനെന്ത് നല്‍കി എന്ന് നമുക്കറിയാം.ഇപ്പോഴും മരുന്നിനു  കീഴടങ്ങാത്ത എയിഡ്സ് എന്നാ മഹാ രോഗം ലോകത്തിനു സംഭാവന ചെയ്തത് പ്രകൃതി സഹജമല്ലാത്ത ലൈംഗികതയാണ്.നാം കൂടുതല്‍ ജാഗരൂകരാകേണ്ട ഈ സന്ദര്‍ഭത്തില്‍ നമ്മുടെ പുതിയ തലമുറയെ പുതിയ ലൈംഗിക ശീലങ്ങള്‍ പഠിക്കാനും പ്രയോഗത്തില്‍വരുത്താനും അനുവദിക്കുന്നത് അഭികാമ്യമല്ല .ഇത് വരുത്തുന്ന സാമൂഹ്യ ദോഷങ്ങള്‍ സങ്കല്പ്പികാനാവുന്നതല്ല.
ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകളെ വിട്ടു പുരുഷന്മാരിലേക്കു കൂടി വ്യാപിക്കുവാന്‍ ഇത് കാരണമാകും  എന്നാ കാര്യത്തില്‍ സംശയമില്ല.കേരളത്തിന്റെ ദേശീയ വിക്രിയകളായ  തോണ്ടലും തലോടലും ബസുകളിലും പൊതു സ്ഥലങ്ങളിലും  പുരുഷന്മാര്‍ക്ക് നേരെ കൂടി ഉണ്ടാവുന്നത് വരുത്തി വച്ചേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും.

Sunday, December 18, 2011

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍????







മുല്ലപ്പെരിയാര്‍ പൊട്ടി!
അല്ല, അങ്ങനെ സങ്കല്‍പ്പിച്ചു നോക്കുക!
എന്താവും ഉണ്ടാവുക?

മുല്ലപ്പെരിയാറിനെ പറ്റി വാ തോരാതെ വിളിച്ചു  കൂവി എല്ലാവരും നടക്കുന്നുണ്ട്. പക്ഷെ പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു നടന്നവന്റെ അവസ്ഥയില്‍ ആകും മിക്കവാറും .  എന്ത് ചെയ്യും? അല്ല എന്ത് ചെയ്യും അഥവാ എന്ത് ചെയ്യണം? ഈ വക കാര്യങ്ങളെ പറ്റി ഗൌരവമായി ആര് ചിന്തിച്ചിട്ടുണ്ട് ? എല്ലാവരും ഭീതിയോടെ  മുല്ലപ്പെരിയാര്‍ പൊട്ടി വരുന്നതും സ്വപ്നം കണ്ടു തുള്ളപ്പനി വന്നു നടക്കുകയാണ് .അതിനപ്പുറം ഒരു അടിയന്തിര സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന് ആര്‍ക്കു അറിയാം ?
ഈ വിഷയത്തെപ്പറ്റി  ഇതേവരെ ക്രിയാത്മകമായ ഒരു സമീപനം പൊതു ജനത്തിന്റെ ഭാഗത്ത്‌ നിന്നോ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നോ ഉയര്‍ന്നു  കണ്ടിട്ടില്ല.മുല്ലപ്പെരിയാര്‍ പൊട്ടും എന്നത് ഇപ്പോഴും ഒരു ഭാവന മാത്രമായി ആണ് ഗവന്മേന്റ്റ് കാണുന്നതെന്ന് തോന്നുന്നു. അതിനപ്പുറമുള്ള ഒരു നടപടികളും ഇതുവരെ ആലോചിച്ചു തുടങ്ങിയിട്ടില്ല,അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ പോലും ഉണ്ടാവുന്നില്ല എന്നത് ഒരു ഗവണ്മെന്റിന്റെ ആലോചന ദാരിദ്ര്യത്തിന്റെയും കഴിവില്ലയ്മയുടെയും കാര്യ ക്ഷമതയില്ലയ്മയുടെയും മികച്ച ഉദാഹരണമാണ്.
ഒരു കാലവര്‍ഷത്തില്‍ ഒരു ഉരുള്‍ പൊട്ടല്‍ ഉണ്ടായാല്‍ നാം കണ്ടിട്ടുണ്ട്  നമ്മുടെ സര്‍ക്കാരിന്റെയും  ഭരണകൂടത്തിന്റെയും കാര്യക്ഷമത. അതേപോലെ ചെറുതാക്കി കാണാവുന്ന ഒന്നല്ല മുല്ലപെരിയാര്‍ പൊട്ടിയാല്‍ സംജാതമാവുന്ന അന്തരീക്ഷം. സകലതും തകര്‍ത്തെറിഞ്ഞു ഒരു പ്രദേശത്തെ, അവിടുത്തെ ജനത്തെ മുഴുവന്‍ തുടച്ചു നീക്കി  വരുന്ന മഹാ പ്രളയത്തിന്റെ ഗതിയോ രൂക്ഷതയോ ഏതു പ്രവചനങ്ങള്‍ക്കും അപ്പുറമായിരിക്കും തീര്‍ച്ച.ഒരു ഭരണകൂടത്തെ മുഴുവന്‍  സംയോജിപ്പിച്ച് അടിയന്തിരമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന് എന്താവും ആ സമയം ബാക്കിയുണ്ടാവുക എന്നത് പ്രവചാനാതീതമാണ്.ആരാവും ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക? എവിടെ നിന്നാവും ഈ ഉത്തരവാദിത്വ പ്രവര്‍ത്തനം ഏകോപിപ്പിക്കുക? പരസ്പര ആശയവിനിമയത്തിന് എന്ത് മാര്‍ഗമാവും ആ സമയം ഉപയോഗിക്കാനാവുക? ലൈവ് ഷോ കാണിക്കാന്‍ ചാനലുകാര്‍ ആരും ആ വഴിക്ക് അപ്പോള്‍ വരില്ലല്ലോ? വെള്ളം എവിടെയെത്തിയെന്നു ആര് ആരെ അറിയിക്കും? ഇനി അഥവാ അറിയിക്കണമെങ്കില്‍ പോലും വെള്ളം വരുന്ന വഴി നോക്കി ആരാണ് കാത്തിരിക്കുക?

ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞെന്നു  കേട്ടു. എന്തൊക്കെ ആണാവോ   ഈ നടപടികള്‍? ഇതൊക്കെ ആര്‍ക്കറിയാം? ഇതിനു വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം  നടത്തിയിട്ടുണ്ടോ? രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി മുന്‍പന്തിയില്‍ നില്‍ക്കേണ്ട പോലീസിനു എന്ത് പരിശീല്ലനം ആണ് നല്‍കിയിട്ടുള്ളത്? എത്ര പോലീസെ സേന ആവശ്യമായി വരും ? അവരെ എങ്ങനെ?എവിടെ എത്തിക്കണം? കേരളത്തിലെ മറ്റേതു ജില്ലയില്‍ നിന്ന് ആ സമയം പോലിസിനെ ഇടുക്കിയിലോ മറ്റോ എത്തിക്കാന്‍ ആവും? ഏതു വഴിയിലൂടെ?എത്ര സമയം കൊണ്ട്? അതോ തമിഴ് നാടിന്റെ പോലീസിനാണോ അവിടെ എത്താനാവുക? ഏതൊക്കെ ആശുപത്രികള്‍ നമുക്ക് ഇടുക്കിയില്‍ ബാക്കി ഉണ്ടാവും? എത്ര ഡോക്ടര്‍മാര്‍ക്ക് ,ആശുപത്രി ജീവനക്കാര്‍ക്ക് നാം പരിശീലനം നല്‍കിയിട്ടുണ്ട്?കേരളാ ഫയര്‍ ആന്റ് റെസ്ക്യൂ  വിഭാഗത്തിന്റെ കയ്യില്‍ പാതാള കരണ്ടിയല്ലാതെ എന്ത് ഉപകരണം  ആണുള്ളത്?എന്ത് രക്ഷ പ്രവര്‍ത്തനം ആണ് അവര്‍ക്ക് നടത്താനവുക? ഇത് രക്ഷാപ്രവര്‍ത്തനം ആണ്, അല്ലാതെ ശവം എടുക്കാന്‍ വരുന്ന വരവല്ലെന്നു ഓര്‍ക്കണം.ശവമൊക്കെ  പട്ടാളം രണ്ടു ദിവസം കഴിഞ്ഞു  വെള്ളം എല്ലാം ഒലിച്ചു  അറബിക്കടലില്‍ എത്തികഴിയുംപോള്‍ വന്നു വാരി എടുത്തോളും.
ഏതു വഴിയിലൂടെയൊക്കെ വെള്ളം വരാന്‍ സാധ്യതയുണ്ട് ?  ആ വഴിയില്‍ ഏതൊക്കെ സ്ഥലത്ത് എത്ര സമയം കൊണ്ട് വെള്ളം എതിചെര്‍ന്നെക്കാം?എത്ര ഉയരത്തില്‍ വെള്ളം ഏതൊക്കെ പ്രദേശങ്ങളില്‍ എത്തും ? അവിടെയുള്ളവര്‍  രക്ഷപെടാന്‍ എങ്ങോട്ട് പോകണം?കോട്ടയത്തോട്ടോ പോണോ,കൊച്ചീലോട്ടു പോകണോ? കെ കെ റോഡു ഏതൊക്കെ ഭാഗം ബാക്കിയുണ്ടാവും രക്ഷപെടാന്‍ ? എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണം? മുല്ലപ്പെരിയാരിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങള്‍ ഏതൊക്കെ? വെള്ളം വരുന്ന വഴി ആര്‍ക്കും പ്രവചിക്കാന്‍ ആവില്ലെങ്കിലും ഏതൊക്കെ വഴിയിലൂടെ വന്നേക്കാന്‍ സാധ്യതയുണ്ട്  ? ഇത് വരെ ആരും പത്തനംതിട്ട ജില്ലയെ പരാമര്‍ശിച്ചു കണ്ടില്ല. വണ്ടിപെരിയാര്‍ വള്ളക്കടവ് ഭാഗത്ത്‌ നിന്ന് വെള്ളം തിരിഞ്ഞു പച്ചക്കാനം,  ഗവി ഭാഗത്തേക്ക് പോയാല്‍ ആ ഭാഗങ്ങളിലുള്ള ഡാമുകള്‍ക്ക്  വല്ലതും  സംഭവിക്കുമോ? ശബരിഗിരി ജലവൈദ്യുത  പദ്ധതിയെ ഇത് എങ്ങനെ ബാധിക്കും?കക്കാട്‌,മണിയാര്‍  ജലവൈദ്യുത പദ്ധതികള്‍ക്ക് എന്ത് സംഭവിക്കും? പത്തനംതിട്ടയില്‍  വെള്ളം എത്തുമോ? സര്‍ക്കാരേ, ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങള്ക്ക് ബാധ്യതയുണ്ട്.
 ഈ രീതിയില്‍ എന്തെങ്കിലും വസ്തുനിഷ്ടമായ പഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ? 

 ഇതൊക്കെ കൊച്ചു കുട്ടികളെയും മറ്റും പറഞ്ഞു ബോധ്യപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്? സ്കൂള്‍ തലത്തില്‍ എന്തെങ്കിലും ബോധാവല്‍ക്കരനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ? എത്രപേരെ ഏകദേശം രക്ഷപെടുത്താന്‍ കഴിഞ്ഞേക്കാം? അവരെ തല്കാലമെങ്കിലും എവിടെ പുനരധിവസിപ്പിക്കും?  അതിനു ഏതെങ്കിലും സ്കൂളോ  പള്ളിയോ  മറ്റോ  ബാക്കിയുണ്ടാവുമോ?ആളുകളെ അവിടെ എങ്ങനെ എത്തിക്കും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ? ആരാണ് ഇത് ഏകോപിപ്പിക്കുക? അല്ലെങ്കില്‍ സ്വയം ഏകോപനം നടത്താന്‍ വിധം ആളുകള്‍ക്ക്  പരിശീലനം നകിയിട്ടുണ്ടോ? അല്ലെങ്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? 
എന്റെ പൊന്നു സര്‍ക്കാരെ ഹൈക്കോടതിയില്‍ നിന്ന് കള്ളത്തരം പറഞ്ഞു രക്ഷപെട്ടിട്ടുണ്ടാവും.പക്ഷെ ഒരു അടിയന്തിര സാഹചര്യത്തില്‍ എന്ത് ചെയ്യും? ഇത് തമാശയല്ല. ഒരു സംസ്ഥാനത്തിനല്ല ,ഒരു രാഷ്ട്രത്തിനു പോലും ഒരു പക്ഷെ ഒന്നും ചെയ്യാന്‍ പറ്റുന്ന ഒരു  സാഹചര്യമല്ല ഇത്.പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്തിന്‌,കേരളം പോലൊരു സംസ്ഥാനത്തിന്. നമുക്ക് മുന്‍പില്‍ അനുഭവങ്ങളുണ്ട്. ഒരു ഭൂകമ്പമോ വെള്ളപ്പോക്കാമോ വന്നു പത്തോ മൂവായിരമോ പേര് ചാവുമ്പോള്‍ ചില ലോക രാഷ്ട്രങ്ങള്‍  പകച്ചു  നില്‍ക്കുന്നത്  നാം കണ്ടിട്ടില്ലേ? പലപ്പോഴും ഭരണകൂടം നിസ്സഹായരായി പോകും ആരെയും കുറ്റം പറയാന്‍ ആവില്ല.അന്താരാഷ്ട്ര സഹായം ഇല്ലാതെ പിടിച്ചു നില്‍ക്കാനാവില്ല.ഒരു കാട്ടുതീ ഉണ്ടായപ്പോള്‍ അല്ലെങ്കില്‍ ഒരു  കൊടുങ്കാറ്റു ഉണ്ടായപ്പോള്‍ പോലും അമേരിക്ക പോലെ ഒരു രാഷ്ട്രം കഷ്ട്ടപ്പെടുന്നത് നാം കണ്ടതാണ്.അപ്പോഴാണ്‌ നമ്മുടെ 'മഹത്തായ' ഇന്ത്യ .നൂറു വട്ടം ഉറപ്പിച്ചു പറയാം,കേരള ഗെവന്മേന്റ്റ്‌ ഒരു ചുക്കും ചെയ്യില്ല ,അല്ലെങ്കില്‍ അവര്‍ക്കു ഒന്നും  ചെയ്യാന്‍ കഴിയില്ല.ചുമ്മാതങ്ങു വിളിച്ചു  കൂവുകല്ലേ മുപ്പതു ലക്ഷം പേരെ ഇപ്പൊ അങ്ങ് രക്ഷിക്കാന്‍ എന്തോ വിദ്യയുണ്ടത്രേ!.
ഒരു സുനാമി വന്നു ,നാല് തിരയടിച്ചു പോയിട്ട്   വര്‍ഷം എത്ര കഴിഞ്ഞു? എന്ത് കോപ്പാണ്  കേരള സര്‍ക്കാര്‍ ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.ഇപ്പൊഴു പല പാവങ്ങളും സ്കൂളിലും തെരുവിലുമാണ്. ആ കാശ്  കയ്യിട്ടു വാരി  നക്കിയ മാന്യന്‍  തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്‌. എന്തായിരിക്കും ഫലം എന്ന് എല്ലാവരും ആലോചിച്ചാല്‍ നല്ലത്.സുനാമി വന്നു തീരത്തൂടെ പോയതെ ഉള്ളൂ.അതുപോലും നേരിടാന്‍ കഴിയാതെ  പോയവരാണ് മൂന്നു നാല് ജില്ല മുഴുവന്‍ തൂത്തു വാരി വരുന്ന പ്രളയം കോളേജ് പിള്ളേരെ  നേരിടുന്ന പോലീസ് ബാരിക്കേഡു  കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ പോവുന്നത്. പ്രളയം വന്നു പോയി കഴിഞ്ഞു എടുക്കുന്ന നടപടികളെ പറ്റിയാണ്  ഇവര്‍ പറയുന്നത്.അതല്ല നമുക്ക് വേണ്ടത്.അപകടമുണ്ടായാല്‍ രക്ഷപെടാനുള്ള വഴികളാണ് നമുക്ക് വേണ്ടത്. അതുകൊണ്ട് മുന്‍കരുതല്‍ നാം തന്നെ എടുക്കണം .അല്ലാതെ തിരോന്തരത്ത്‌ സെക്രടറിയേറ്റിന്റെ   ഏതോ  മൂലയില്‍  പൊടിപിടിച്ചു കിടക്കുന്ന റിപ്പോര്‍ട്ട്   ഒന്നും നമ്മെ രക്ഷിക്കില്ല.നമ്മുടെ മക്കളെ നാം ബോധവത്കരിക്കുക.അവര്‍ സ്കൂളില്‍  പോകുമ്പോഴാണ് അത്യാഹിതം നടക്കുന്നതെങ്കില്‍ എന്ത് ചെയ്യണം,എങ്ങോട്ട് രക്ഷപെടണം,തുടങ്ങിയ കാര്യങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കുക.വീട്ടിലാണെങ്കില്‍ എന്ത് ചെയ്യണം,രക്ഷാമാര്‍ഗം  എവിടെയാണ് ,അടിയന്തിര  ആവശ്യമുണ്ടായാല്‍ ആരെ ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ അറിയട്ടെ, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കട്ടെ.ഓരോരുത്തരും കാര്യങ്ങളെപ്പറ്റി സ്വയം ബോധ്യമുള്ളവര്‍  ആയിരിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ ബോധാവത്കരിക്കുന്നതില്‍ ജാഗരൂകരായിരിക്കട്ടെ.എന്തായാലും  കുറെ പേര്‍ പോകും,തര്‍ക്കമില്ലാത്ത വസ്തുതയാണ്.പക്ഷെ പോകും മുന്‍പേ സ്വയം രക്ഷിക്കാന്‍ അല്ലെങ്കില്‍  മറ്റുള്ളവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്തു എന്ന സമാധാനത്തോടെ നമുക്ക്  പോകാം.
മുല്ലപ്പെരിയാര്‍ പൊട്ടും എന്നാ കാര്യത്തില്‍ നമുക്കൊന്നും തര്‍ക്കമില്ലല്ലോ.അല്ലെ? ഇനി പൊട്ടില്ല   എന്നായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പുകിലൊക്കെ ? വെറുതെ കുറെ പാവം മലയാളികള്‍ പാണ്ടികളുടെ അടി കൊണ്ടു.അതിനു വേണ്ടിയായിരുന്നു ഈ പൊറാട്ടു നാടകം? എന്തിനായിരുന്നു പുതിയ ഡാം വേണമെന്ന് നാം ആവശ്യപ്പെട്ടത്? അതുകൊണ്ട് പുതിയ ഡാം എന്നതിനേക്കാള്‍ ഇപ്പോഴത്തെ ഡാം പൊട്ടിയാലെന്തു  ചെയ്യും എന്നാ കാര്യത്തില്‍ നാം ഗൌരവതരമായ നടപടികളിലേക്ക് കടക്കെണ്ടിയിരിക്കുന്നു.സമരം ചെയ്യാന്‍ താത്പര്യമുള്ളവര്‍ അത് ചെയ്യട്ടെ.കാരണം ഈ വിഷയം സജീവമായി നിര്‍ത്താന്‍  അത് അത്യാവശ്യമാണ്. അതോടൊപ്പം സാധാരണക്കാരായ  മറ്റുള്ള ആളുകള്‍ ഇത്തരം ബോധവത്കരണ നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണം.ഇതില്‍ ഒട്ടും അമാന്തം കാണിച്ചുകൂടാ.മുപ്പതു ലക്ഷത്തില്‍ നമുക്ക് ഒന്നോ രണ്ടോ പേരെ കുറയ്ക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടോ? ചാനലുകാരും പത്രക്കാരും നമ്മുടെയൊക്കെ ചരമക്കുറിപ്പും   എഴുതി ഫ്ലാഷ് ന്യൂസിനുള്ള  വകയൊക്കെ റെഡിയാക്കി വച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ കൂടിയാലും കുറഞ്ഞാലും അവര്‍ക്കൊന്നുമില്ല. അവര്‍ മുപ്പതെന്നോ നാല്പ്പതെന്നോ എഴുതിക്കോട്ടെ.നമുക്കെന്താ  നഷ്ടം?ഇതൊന്നും വായിക്കാനും കാണാനും നാമുണ്ടാവില്ലല്ലോ.
 പുതിയ ഡാം വരുന്നത് വരെ പൊട്ടാതെ നിന്നോളാം എന്ന് മുല്ലപ്പെരിയാര്‍ ഡാം ആര്‍ക്കും വാക്ക് ഒന്നും തന്നിട്ടില്ലല്ലോ.ഉവ്വോ?
അത് കൊണ്ട് നാം അലസത മതിയാക്കി എഴുന്നേല്‍ക്കുക.നമ്മുടെ തലമുറയിലെ ഒരാളെയെങ്കിലും ബാക്കി  വക്കാന്‍ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം.

Saturday, December 17, 2011

മുല്ലപ്പെരിയാര്‍ 9999 !




അങ്ങനെ കേരളത്തില്‍ വീണ്ടും ഒരുത്സവ- മേള സീസണ്‍ കഴിഞ്ഞു.മുല്ലപ്പെരിയാര്‍ മഹോത്സവം. ജഗതി  ഏതോ     സിനിമയില്‍    പറഞ്ഞത് പോലെ   എന്തൊരു   ഊ  ....... ജ്വല സംഭവമായിരുന്നു! എന്തൊക്കയായിരുന്നു   പുകില്.

ആഗോള മലയാളികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍  നിര്‍ത്തി പാണ്ടികളെ വാള്‍മുനയില്‍ നിര്‍ത്തി, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത് നാം മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ മലര്‍ന്നു കിടന്നു കണ്ടു.ഇപ്പൊ  പണീം,  ദേ  ഇപ്പൊ പണീം,  എന്ന്  പറഞ്ഞു  നാം നമ്മുടെ  അന്നദാതാവായ,  പാവം കൃഷിക്കാരനായ തമിഴന്റെ എത്ര രാത്രികളെ ഉറക്കമില്ലാതാക്കി.എന്നിട്ടോ ? പാവം തമിഴന്റെ ആസനത്തില്‍ സൂചി  കേറ്റുന്നതു സ്വപ്നം കണ്ടു അര്‍മ്മാദിച്ച  മലയാളിയുടെ ആസനത്തില്‍ കമ്പി പാര കേറ്റി പിതൃ ശൂന്യരായ രാഷ്ട്രീയക്കാര്‍  മുല്ലാപ്പെരിയാറില്‍ നിന്ന് എന്തിന്,കേരളത്തില്‍ നിന്നെ സ്ഥലം വിട്ടു.
പൊട്ടും, പൊട്ടും, ദേ പൊട്ടി എന്ന് പറഞ്ഞു മുല്ലപ്പെരിയാര്‍ ഗ്രൗണ്ടില്‍ നിറഞ്ഞു കളിച്ച മലയാളിയുടെ കളി കണ്ടു പാവം തമിഴന്‍ ആദ്യം വിരണ്ടുപോയി.ഒന്നും ചെയ്യാനാവാതെ, ഗോള്‍ വല അടിച്ചു തകര്‍ക്കുന്ന  മലയാളിയുടെ കളി കണ്ടു പേടിച്ച തമിഴന് ആശ്വാസമായി കേരളത്തിന്റെ   സ്വന്തം കളിക്കാരന്‍ 'തെണ്ടി പണി' (ദണ്ടപാണി  എന്ന് വിവര്‍ത്തനം)  വക ആദ്യ  സെല്‍ഫ് ഗോള്‍. .അച്ചിയുടെ അച്ഛന്‍ പാണ്ടിയായതിന്റെ  ഗുണം. പിന്നെ സെല്‍ഫ് ഗോളിന്റെ പെരുമഴക്കാലം! സൗദി  മന്ത്രി അഹമ്മദും  ഒതേനകുറുപ്പ്  രാമചന്ദ്രനും മദാമ്മ അമ്മായിയുടെ കുശിനിക്കാരനും അങനെ കേളി കേട്ട കളിക്കാരെല്ലാം മലയാളിയുടെ സ്വന്തം  ഗോള്‍വല കുലുക്കി ഉറഞ്ഞു തുള്ളി. രാത്രിയെ  പകലാക്കി ഫേസ് ബുക്കിലും  മറ്റും  പോസ്റ്റിട്ടും  കഥകളും  കവിതകളും കാര്‍ത്ടൂനുകളും എഴുതി- വരച്ചു കൂട്ടി നമ്മളും ഉത്സവത്തിന് മാറ്റുകൂട്ടി.മലയാളി  ആദ്യമായി ഒന്നിച്ചു നില്‍ക്കുന്നതിന്റെ കുളിരില്‍ ഉയര്‍ന്നു  പൊങ്ങിയ രോമരാജികള്‍ തല്ലി ഒടിച്ചു ചുരുട്ടി  വയ്ക്കുകയായിരുന്നു പലരും.  അങ്ങ് തിരോന്തരം മുതല്‍ കാസര്‍ഗോട് വരെ ഖദറിട്ട കള്ളന്മാരും ജൂബ്ബയിട്ട  പാലാക്കാരനും ശിങ്കിടികളും തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. കിം ഫലം ? കാറ്റ് വന്നലും ഭൂകമ്പം  വന്നാലും കുലുങ്ങാത്ത പുരട്ചി  തള്ള ലളിതാമ്മ അമ്മികല്ലിനു കാറ്റ് പിടിച്ചാലത്തെ അവസ്ഥയില്‍ത്തന്നെ. 

പണ്ടാരം പിടിച്ച ഡാം പൊട്ടി വെള്ളം വരുന്നതു പേടിച്ചു വെള്ളമോ ആഹാരമോ ഇറങ്ങാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ടവന്റെ കൂട്ടത്തില്‍, വെളുപ്പാന്‍  കാലത്ത് വയറു നിറയെ കേറ്റി അങ്ങ് തിരോന്തോരത്ത്  നിന്നും  കൊച്ചീന്നും ചില മാന്യന്മാര്‍ വന്നു  പത്താം മണി നേരം മുതല്‍ നാലാം മണി നേരം വരെ നിരാഹാര സത്യാഗ്രഹം. അപ്പിള്  പോലെ ചൊക ചൊകന്ന ഇന്ത്യന്‍  കോണ്‍ഗ്രസ്‌  പ്രസിടെണ്ടും ഒരു നേരം തീറ്റ മുടക്കി.പിന്നെ അങ്ങ് പ്രകടനമല്ലായിരുന്നോ ? ജാതിയുടെയും  മതത്തിന്റെയും പിന്നെ എല്ലാത്തിന്റെയും പേരില്‍ ഉത്സവപറമ്പില്‍ ആളുകള്‍ കേറി നിരങ്ങുവല്ലായിരുന്നോ.വെള്ളാപ്പള്ളി മുതല്‍ പള്ളീലച്ചന്മാര്‍  വരെ!ദോഷം  പറയരുതല്ലോ ഞങ്ങളുടെ ആരും അവിടില്ലാത്തതിനാല്‍ പെരുന്ന ഇല്ലത്തില്‍ നിന്നും  മാത്രം ആരും വന്നില്ല. അല്ലെങ്കിലും   തറവാടികള്‍ ആരും വിളിക്കാത്തിടത്തു ഉണ്ണാന്‍  പോകാറില്ല .
 ചിലര്‍ അങ്ങ് ദേല്‍ഹിലോട്ടു പറക്കുന്നു,ഡാമിനുള്ള കമ്പീം കല്ലും മണ്ടന്‍ സര്‍ദാര്‍ജീടെ കോണകത്തില്‍ (തലപ്പാവ് എന്ന് വിവര്‍ത്തനം) പൊതിഞ്ഞു  വച്ചിരിക്കുന്നുവെന്നും  പറഞ്ഞു.തലപ്പാവിന് പകരം ഉടുമുണ്ട് പൊക്കി സര്‍ദാര്‍ജി കാണിച്ചതോടെ ശുഭസ്യം ശീഘ്രസ്യം!എന്ന് വച്ചാല്‍   പോയതിനെക്കാള്‍  വേഗത്തില്‍ തിരിച്ചു നാടുപറ്റി!അവിടെ നടന്നത് പുറത്തു പറയാന്‍ കൊള്ളാത്തതിനാല്‍  ഇനി വാ തുറക്കില്ലെന്ന് . അങ്ങനെ ഖദറിട്ട പെരുംകള്ളന്മാര്‍ കാലു വാരി.
അപ്പോഴാണ്‌ പാണ്ടീടെ കളി തുടങ്ങിയത്. കളീന്നു വച്ചാല്‍ കണ്ണും മൂടിയുള്ള  കൈ വിട്ട കളി.കിട്ടി,ശരിക്കും കിട്ടി,തമിഴന്റെ ഊരില്‍ പോയി പണിയെടുത്തു ജീവിക്കാം എന്ന് വിചാരിച്ചു കഴിഞ്ഞിരുന്നവനെല്ലാം  കിട്ടി. അതിനു വലിപ്പ ചെറുപ്പം ഒന്നും പാണ്ടിനോക്കിയില്ല. തട്ട് കടക്കാരന്‍ മുതല്‍ മുത്തൂറ്റ് ,ആലുക്കാസ് എല്ലാവനും പണി കിട്ടി.ഇനീം കിട്ടും.അങ്ങനെ തമിഴ് നാട്ടിലെ  അമ്പത്  ലക്ഷം മല്ലൂസിന്റെയും  കേരളത്തിലെ മുപ്പതു ലക്ഷം മലയാളിയുടെയും കാര്യത്തില്‍   ഒരു തീരുമാനമായി അഥവാ   അവരുടെ       കാര്യം   വെള്ളത്തിലായി. അങ്ങനെ എല്ലാവനെയും   വെള്ളത്തില്‍    തള്ളിയിട്ടു   പണ്ടാരമാടക്ക്കി   തന്തയില്ലാ കൊണ്ഗ്രെസ്സ്    കഴുവേറികളും പാല  അച്ചായന്‍ കൊണ്ഗ്രെസ്സുകാരും പാട്ടിനു  പോയി.ഇനി ഇടുക്കി തമിഴ് നാട്ടില്‍ ചേര്‍ത്താലും   അത്ഭുതപ്പെടരുത് .അതും നടന്നേക്കാം.കാരണം തമിഴ് നാട്ടില്‍  നമ്മുടെ സാറുമാര്‍ക്കുള്ള  ഭൂമി  രക്ഷിക്കണ്ടേ? അവിടെ നേതാക്കന്മാരുടെ സ്ഥലത്തിന്റെ കണക്കെടുപ്പ് തുടങ്ങിയപ്പോഴേ ഓരോരുത്തര്‍ പിന്‍വാങ്ങി തുടങ്ങിയതല്ലേ ? 
ഇന്ന് ചിദംബരം അണ്ണാച്ചി മലയാളിയുടെ ആസനത്തില്‍ അവസാന ആണിയടിച്ചു. സുപ്രീം കോടതിമുതല്‍ എല്ലാവരും കയ്യൊഴിഞ്ഞ പാവം ഇടുക്കി നിവാസികള്‍ക്ക് ആരാണ് ഇനി തുണ.കേരളത്തിലെ    രാഷ്ട്രീയ  പട്ടികളെ ഇനി വിശ്വസിക്കരുത്. ഇവിടെ നമുക്ക് എല്ലാം ഉത്സവമാണ്. സൂര്യനെല്ലി,വിതുര,കൊട്ടിയം,പറവൂര്‍,കവിയൂര്‍,മുല്ലപ്പെരിയാര്‍....സ്ഥലപ്പേരു കൊണ്ട് കളിക്കുകയാണ് മലയാളിയുടെ ഒരു പ്രധാന ഹോബി.ഒരു പുതിയ സ്ഥലപ്പേരു   കിട്ടി .കുറെ ദിവസം ആഘോഷിച്ചു, കഴിഞ്ഞു. അത്രയും  വിചാരിച്ചാല്‍ മതി. എല്ലാരും നെല്ലുണങ്ങുന്നു ,കൊരങ്ങന്‍ വാലു ണങ്ങുന്നു    എന്ന് പറഞ്ഞ പോലെ ചില കോണ്‍ഗ്രസുകാരും വന്നു വാലുണങ്ങി പോയി. പക്ഷെ സാധാരണ മലയാളിക്കാണ് ഇതില്‍  നഷ്ടം സംഭവിച്ചത്. പണ്ടാരാണ്ട് പറഞ്ഞപോലെ വഴിയെ  പോയ നരിയുടെ ആസനത്തില്‍ ചുണ്ണാമ്പു  തേച്ച പോലായിപ്പോയി. കേരളത്തില്‍ കിടന്നാല്‍ വെള്ളത്തില്‍ മുങ്ങി ചാവും.തമിഴ് നാട്ടില്‍ ചെന്നാല്‍ പാണ്ടികള്‍ തല്ലി കൊല്ലും.ഇനി മറ്റൊന്നും   ചെയ്യാനില്ല .എല്ലാം വിധിയെന്ന് കരുതി സമാധാനിക്കുക.
എനിക്ക് തോന്നുന്നത് ആരും തുണയില്ലാത്തവര്‍ക്ക്    ദൈവം തുണയെന്നത് സത്യമാവും .ബഹുമാനപ്പെട്ട മാര്‍ത്തോമ വലിയ മെത്രാപോലീത്ത പറഞ്ഞത് പോലെ ഈ മുല്ലപ്പെരിയാര്‍ അങ്ങനൊന്നും പൊട്ടില്ല.അതുകൊണ്ട്  തന്നെയാവും ഇത്ര ഭീദിതമായ ഈ അന്തരീക്ഷരത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ധൈര്യമായി ചപ്പാത്തില്‍ വന്നു സത്യാഗ്രഹം ഇരിക്കുന്നത്.അത് തന്നെയാവും ജയലളിതയും പറയുന്നത്. അതെ ഈ മുല്ലപെരിയാര്‍ പൊട്ടില്ലെന്നു തന്നെ നമുക്ക് വിശ്വസിക്കാം.
പ്രിയപ്പെട്ട 30 ലക്ഷത്തില്‍ പെട്ടവര്‍ ക്ഷമിക്കുക.നിങ്ങളുടെ വേവലാതി മനസിലാവാത്ത ഒരാളല്ല ഞാന്‍ .പക്ഷെ നമുക്ക് മുന്‍പില്‍ അതല്ലാതെ  മറ്റു വഴിയൊന്നുമില്ല. നമ്മെ ദൈവം രക്ഷിക്കട്ടെ.നമുക്ക് മുല്ലപ്പെരിയാര്‍ മറക്കാം.പുതിയ മുല്ലപെരിയാര്‍ ഡാം എന്നൊരു സ്വപ്നം നാം കണ്ടിട്ടേയില്ല എന്ന് നമ്മെ സ്വയം  ബോധ്യപ്പെടുത്തുക. നമ്മുടെ രാത്രികള്‍ ഉറക്കമൊഴിഞ്ഞ രാത്രികള്‍ ആകാതിരിക്കട്ടെ. നമ്മുടെ കുട്ടികള്‍ ഭീതിയില്ലാതെ ഉറങ്ങട്ടെ. മുല്ലപെരിയാര്‍ പൊട്ടി വരുന്ന പ്രളയം ഒരു ദിവസം നമ്മെ അറബിക്കടലിലെത്തിക്കും സത്യം.അന്നങ്ങു പോയാല്‍ പോരെ?
പക്ഷെ വന്നിട്ടില്ലാത്ത വെള്ളപ്പൊക്കത്തിന്റെ പേരില്‍ ഇപ്പോഴേ മുണ്ട്  പൊക്കണോ ?

മുല്ലപ്പെരിയാര്‍ അടുത്ത 9999 വര്‍ഷത്തേയ്ക്ക് പൊട്ടില്ല. ഇത് സത്യം സത്യം സത്യം!