അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Friday, December 10, 2010

കള്ളന്മാര്‍ വാഴും കാലം !




കേരളം!
കേരളം എന്ന പദം ഉണ്ടായത് കള്ളന്മാരുടെ സ്വന്തം നാട് എന്ന നിലയിലാണോ എന്നറിയില്ല . എന്തായാലും   ഇന്ന്
കേരളത്തിനു ചേരുന്ന വിശേഷണം ഇത് തന്നെ.വെറും കള്ളന്മാര്‍ അല്ലെങ്കില്‍ മോഷ്ടാക്കള്‍ ക്ഷമിക്കുക.നിങ്ങള്‍ പാവം കള്ളന്മാര്‍.ഇത് നിങ്ങളെപ്പറ്റിയല്ല.

 നേര്‍ വഴിക്ക് ചിന്തിക്കാന്‍ കഴിയാത്ത മലയാളിക്ക് വളഞ്ഞ വഴി ആണ് എപ്പോഴും കാര്യസാധ്യത്തിനു പഥ്യം.അല്ലെങ്കില്‍ അങ്ങനെ ആയിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സംവിധാനം.അമിതമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട നാം മലയാളിയുടെ രാഷ്ട്രീയ ബോധം ഭയങ്കരമാണെന്ന്  പറഞ്ഞു ഞെളിയും.ഊണിലും ഉറക്കത്തിലും രാഷ്ട്രീയബോധമുള്ള  മലയാളി.കിടക്കപ്പായില്‍  പത്രം വായിച്ചില്ലെങ്കില്‍ നേരം വെളുക്കില്ല എന്ന് വിചാരിക്കുന്ന വിദ്യ സമ്പന്നന്മാരും പ്രബുദ്ധരുമായവര്‍.ലോകത്ത് എന്ത് മാറ്റമുണ്ടായാലും ആദ്യമറിയുന്നവര്‍.തമിഴനെ പാണ്ടിയെന്നും ബംഗാളിയെ ബംഗാളി എന്നും പുച്ഛത്തോട്  വിളിക്കയും മലയാളി എന്ന് പറയുമ്പോള്‍ കോള്‍മയിര്‍ കൊള്ളുകയും ചെയ്യുന്നവര്‍.ഉള്ളത് പറഞ്ഞാല്‍ ഇവിടെ ഗള്‍ഫില്‍ എങ്കിലും മലയാളി എന്നത് ഒരു നല്ല പദമല്ലാതായി മാറുന്നുണ്ട്.കാരണം ഇവിടുത്തുകാര്‍ക്ക് കുറച്ചു വിവരവും വിദ്യാഭ്യാസവും ആയിതുടങ്ങിയിട്ടുണ്ട്.മലയാളിയെ അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നു സാരം.


രാഷ്ട്രീയക്കാരെല്ലാം പെരുംകള്ളന്മാര്‍ ആണെന്ന് നമുക്കറിയാം.അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാന്‍ ആണ് നമുക്ക് ഇഷ്ടം.കള്ളന്മാരും ഇവരും തമ്മില്‍ നമുക്ക് നേരിട്ട് തോന്നുന്ന വ്യത്യാസം കള്ളന്മാരെ നാം മാന്യന്മാരുടെ കൂട്ടത്തില്‍ പരിഗണിക്കാറില്ല,കാരണം  അവര്‍ ചിരിച്ചുകൊണ്ട് നമ്മുടെ ഒന്നും പിടിച്ചു പറിയ്ക്കാറില്ല .രാഷ്ട്രീയക്കാര്‍ ചിരിച്ചു കൊണ്ട് നമ്മെ കൊള്ളയടിക്കും.കള്ളന്മാര്‍ സ്വയം കള്ളന്മാര്‍ ആയതാണെങ്കില്‍ രാഷ്ട്രീയക്കാരെ നമ്മള്‍ കള്ളന്മാര്‍ ആക്കി.നമ്മുടെ രാജാക്കന്മാര്‍ ആണല്ലോ അവര്‍ .യഥോ രാജാ തഥാ പ്രജ!കള്ളന്മാര്‍ക്ക് കള്ളന്‍ രാജാവ്. വെറുതെ നമുക്ക് അവരെ തള്ളിപ്പറയാന്‍ ആവില്ല.കാരണം നമ്മുടെ എല്ലാ തട്ടിപ്പുകള്‍ക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ട് നില്‍ക്കുകയും കഴിയുമെങ്കില്‍ എല്ലാ നിയമ വഴികളില്‍ നിന്നും രക്ഷിക്കുകയും ചെയ്യുന്നവര്‍ ആണവര്‍.ആ കള്ളന്മാരുടെ പരിരക്ഷയിലാണ് നമ്മളില്‍ പലരും മാന്യന്മാര്‍ എന്ന് ഞെളിഞ്ഞു നടക്കുന്നത്.അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാക്കുന്ന ഇവര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എന്തായി തീര്‍ന്നേനെ എന്ന് നാം കൂലംകക്ഷമായി ചിന്തിക്കേണ്ടതുണ്ട്.

പറഞ്ഞു വരുന്നത് കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തില്‍ നടന്നു വരുന്ന കോലാഹലങ്ങളെ പറ്റിയാണ്.വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ സാധാരണക്കാരായ ചെറുപ്പക്കാരുടെ കിട്ടാക്കനിയായ സര്‍ക്കാര്‍ ജോലി ലേലത്തില്‍ വില്‍ക്കുന്ന വാര്‍ത്തകള്‍ ചങ്കിടിപ്പോടെയാണ് യുവാക്കള്‍ കേട്ടത്. സൂക്ഷ്മ ദൃഷ്ടിയോടെ  നോക്കിയാല്‍ നമുക്ക് കാണാന്‍ പറ്റുന്ന ഒരു സത്യമുണ്ട്.കേരളത്തിലെ ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിയുടെയും നേതാക്കന്മാര്‍ നന്നായി ഞെട്ടല്‍ രേഖപ്പെടുത്തിയതായി നാം കാണുന്നില്ല.ഒരു യുവജനപ്രസ്ഥാനവും ആത്മാര്‍ത്ഥതയോടെ  സമര രംഗത്ത്‌ ഇറങ്ങിയില്ല.എന്തുകൊണ്ട്?റവന്യൂ വകുപ്പില്‍ അഴിമതിയാണെന്ന് പറഞ്ഞു കൊണ്ട് സി പി ഐ യെ അടിക്കാന്‍ വടി കിട്ടിയ സന്തോഷത്തോടെ ഇറങ്ങിയ ഡിഫിയിലെ ശിങ്കങ്ങള്‍ രണ്ടാം ദിവസം മാളത്തില്‍ കയറി.ചന്ദ്രപ്പനിട്ടു ഒരു കൊട്ടുകൊടുക്കം എന്നെ അവര്‍ വിചാരിച്ചുള്ളൂ . വാഴ്ത്തപെട്ട പാര്‍ട്ടി സെക്രടറി നിയമസംവിധാനങ്ങള്‍ക്ക് വിധേയനാവണം എന്ന് പറഞ്ഞ മൂരാച്ചിയല്ലേ ചന്ദ്രപ്പന്‍ .സി പി ഐ യിലെ സിങ്കങ്ങള്‍ ഒരു പ്രകടനം നടത്തി.കഴിഞ്ഞു.ഇത് ഇടതു പക്ഷം.ഇനി മറുവശത്തോ ? കോണ്‍ഗ്രസില്‍ യൂത്തന്മാര്‍ എന്നൊരു സാധനം പണ്ട് ഉണ്ടായിരുന്നില്ലേ? അവര്‍ എവിടെ?കെ എസ് യു എന്നൊരു കുട്ടി സിങ്കക്കൂട്ടം ഉണ്ടായിരുന്നില്ലേ? അതെങ്ങനെ ,അവിടെ വല്ല്യ  തെരഞ്ഞെടുപ്പു മാമാങ്കം നടന്നുകൊണ്ടിരിക്കയല്ലേ.ഏതു ഗ്രൂപ്പിനാണ് ശക്തി  എന്ന് ഇതുവരെ തീരുമാനിച്ചു കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.നേതാവാര് എന്ന് തീരുമാനിച്ചിട്ടു വേണമല്ലോ സമരത്തിനിറങ്ങാന്‍ .മാത്രമോ ആരോ അതിനിടയില്‍ 2003 ലെ എല്‍ ഡി സി യുടെ കാര്യം പൊക്കിയെടുത്തു.പിന്നെ മിണ്ടാന്‍ പറ്റുമോ? മാനം പോകില്ലേ? അടുത്ത മുഖ്യമന്ത്രിയാകാന്‍ കുപ്പായം തയ്ച്ചു കാത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് ചുമ്മാ ഗീര്‍വാണം അടിക്കാമായിരുന്നു,ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാവനേം അഴിയെന്നിക്കാമെന്ന്.എന്തെ അതുണ്ടായില്ല? അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ ഞങ്ങളും ഇത് തന്നെയല്ലേ ചെയ്യാന്‍ പോകുന്നത്.
സര്‍ക്കാര്‍ ജോലി എന്ന കിട്ടാക്കനിയ്ക്കായി യുവത്വം പാഴാക്കുന്ന ചെറുപ്പക്കാരോട്: വെറുതെ പി എസ് സി കോച്ചിങ്ങും ടെസ്റ്റും ഒക്കെയായി വെറുതെ ജീവിതം പാഴാക്കി  കളയാതെ ഒന്നുകില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുക,അല്ലെങ്കില്‍ കാശു കൊടുത്തു ഉദ്യോഗം തരപ്പെടുത്തുക.കേസ് ആയാല്‍ ടി വി ചാനലില്‍ പ്രത്യക്ഷപ്പെടാം,കുറച്ചു നാള്‍ ലൈവായി വാര്‍ത്തകളില്‍ നിറഞ്ഞാടാം.ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പുതിയ വാര്‍ത്തകള്‍ കിട്ടി കഴിയുമ്പോള്‍ നിങ്ങള്ക്ക് വീണ്ടും ജോലിയില്‍ തിരികെ പ്രവേശിക്കാം.ശുഭം! സുഹൃത്തുക്കളെ ഇതൊരു കൂട്ട് കൃഷിയാണ്.ഒരിക്കല്‍ നിങ്ങള്‍ ജോലിയില്‍ കയറി യൂണിയനില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഒടെതമ്പുരാന് പോലും തൊടാനാവില്ല.നിങ്ങളെ രക്ഷിക്കാന്‍ യൂനിയന്കാര്‍ ഉണ്ട്.അതിനാണല്ലോ സര്‍ക്കാര്‍ ശമ്പളം  വാങ്ങി ജോലി ചെയ്യാതെ  യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നത്.കണ്ടില്ലേ രണ്ടു വര്ഷം മുമ്പ് പാലക്കാട് പരീക്ഷ എഴുതാതെ  വ്യാജ രേഖകള്‍ നല്‍കി ജോലിക്ക്  കയറിയവന്‍ ഇപ്പോഴും മിടുക്കനായി ജോലി ചെയ്യുന്നത്.ഇപ്പോഴും  അവനെ സസ്പെന്‍ഡ് ചെയ്തത് മാത്രമേയുള്ളൂ.പരീക്ഷ എഴുതാതെ  വ്യാജ രേഖകള്‍ നല്‍കി ജോലിക്ക്  കയറിയവന്‍ എങ്ങനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആകും?സസ്പെന്‍ഷന്‍ എന്നതിന്റെ അര്‍ഥം എന്തെന്ന് കേരള ഗസറ്റില്‍ അന്വേഷിക്കുക.പിരിച്ചു വിടുന്നതിനു പകരം സസ്പെന്‍ഷന്‍  !കൊള്ളാം!
തരികിട കഥകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.കുറച്ചു ദിവസത്തേയ്ക്ക് ചാനലുകള്‍ക്കും  പത്രങ്ങള്‍ക്കും ചാകര.അതിനു ശേഷം പുതിയ വാര്‍ത്തകളുടെ ബഹളത്തില്‍ വിസ്മ്രിതിയിലേക്ക്,വീണ്ടും ആരെങ്കിലും കുത്തിപ്പോക്കും  വരെ..
പുതിയ കഥകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

No comments: