അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Tuesday, September 22, 2015


ജീവിതത്തെക്കുറിച്ച്, വിജയത്തെക്കുറിച്ച്  ..!!!

ജീവിതം മനോഹരമാണ്  ,എപ്പോഴുമല്ലെങ്കിലും .പ്രശ്നവാരിധി നടുവിലാണ് ജീവിതം,എങ്കിലും ആകുലപ്പെടെണ്ടതില്ല.വെല്ലുവിളികൾ നമ്മെ ബലപ്പെടുത്തും, ഭാവിയിലെ ജീവിത പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്തു നല്കും.  കുത്തും കോമയും ഇട്ടു വേർതിരിക്കാനാവുന്ന ഒരു കവിതയിലെ വാക്കുകൾ പോലെ  സുഖവും ദുംഖവും ജീവിതത്തിൽ ഇഴ ചേർന്ന്  കിടക്കുന്നു. പരാജയത്തെ അല്ലെങ്കിൽ വെല്ലുവിളികളെ നേരിട്ടിട്ടില്ലാത്ത ഒരു കരുത്തുറ്റ ശക്തിമാനെയോ വിജയിയെയോ ലോകത്തിൽ കണ്ടെത്താനാവില്ല്ല തന്നെ.ഉയരങ്ങൾ കീഴടക്കാൻ നാം കഠിന പ്രയത്നം ചെയ്യേണ്ടതുണ്ട്. ജീവിതം ഒരു വഴി യാത്രയാണ്,പക്ഷെ ശരിയായ വഴി നാം കണ്ടെത്തേണ്ടതുണ്ട് .ഉയരങ്ങളിലുള്ള നക്ഷത്രങ്ങളെപ്പോലെ നമ്മെ ത്രസിപ്പിക്കുന്ന ഒന്നാകണം നമ്മുടെ ലക്ഷ്യങ്ങൾ, എങ്കിൽ നമുക്ക് ജീവിതം കൂടുതൽ മനൊഹരമായിത്തീരും, തീർച്ച.
നിസംശയം പറയാം, ജീവിതം സുന്ദരവും സുരഭിലവുമാണ് . പക്ഷെ നാം വെല്ലുവിളികളെ സർവതാ നേരിടാൻ തയ്യാറാവുകയും സാഹസികതയെ പ്രണയിക്കുകയും ചെയ്യുമെങ്കിൽ മാത്രം. കഠിന സാഹചര്യങ്ങൾ ജീവിതത്തിൽ നാം പ്രതീക്ഷിക്കണം.ജീവിത വഴിയിൽ  മുറിവേൽക്കപ്പെടാം.ചിലപ്പോൾ ജീവിതം സ്വാർഥതയുടെ ഒരു കൊച്ചു തുരുത്തായി ചുരുങ്ങി പോയേക്കാം,കൂടുതൽ അപകടകരവും കൈകാര്യം ചെയ്യാൻ പ്രയാസമേറിയ ഒന്നുമായെക്കാം.പക്ഷെ അതിരുകളില്ലാതെ ജീവിതത്തെ പ്രണയിക്കുക.ഇതാ നിന്റെ സമയം എത്തിയിരിക്കുന്നു എന്നുറക്കെ പറയുക.പ്രണയത്തിൽ മുറിവേല്ക്കപ്പെടാം. ആളുകൾ നിങ്ങളുടെ ഹൃദയത്തെ കീറിമുറിച്ചേക്കാം .
നിങ്ങൾ  വ്യത്യസ്ഥമായി സ്വീകരിക്കപ്പെടുന്നിടമാണ് ജീവിതം.  വെറുപ്പും വിദ്വേഷവും വിവേചനവും സമാസമം ഒത്തുചെർന്നിരിക്കുന്നു ആളുകളിൽ .നിങ്ങൾക്ക്  പിറകിൽ  ദുർഭാഷണം പറയാൻ മറ്റുള്ളവർ പരിചയിച്ചിരിക്കുന്നു . ഒരുപക്ഷെ ഒറ്റയ്ക്കിരുന്നു നിങ്ങളുടെ നൂറു നൂറു ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തേണ്ട സമയം എത്തിയിരിക്കുന്നു. 
"ആളുകൾ  പറയും പോലെ   ഞാൻ ഒരു മോശപ്പെട്ട ആളാണോ ?"
"ഞാൻ എന്ത് കൊണ്ട് ഒറ്റപ്പെട്ടവനായി ??
"ലോകം എന്തുകൊണ്ട് ജീവിത യോഗ്യം അല്ലാതായി തീരുന്നു ?"
"മറ്റുള്ളവരുടെ കാഴ്ചയിൽ ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി?"
"മറ്റുള്ളവരെ എനിക്ക് എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും?"
ചോദ്യങ്ങൾ അവസാനിക്കാതിരിക്കട്ടെ ,വീണ്ടും വീണ്ടും ആവര്ത്തിച്ചു കൊണ്ടിരിക്കുക .ഉത്തരം മുട്ടുന്ന അവസരത്തിൽ സ്വയം പൊട്ടിത്തെറിക്കാം,അല്ലെങ്കിൽ പൊട്ടിക്കരയാം .
നിങ്ങൾ ഒരു മോശപ്പെട്ട ആളാണെന്നു സ്വയം അംഗീകരിക്കാതിരിക്കുക. ഒറ്റപ്പെട്ടവൻ ആണെന്നോ   വൃത്തികെട്ടവൻ ആണെന്നോ സ്വയം തോന്നാതിരിക്കുക. ലോകം നിങ്ങളെ എന്ത് കരുതുന്നു എന്നത് അവഗണിക്കുക. നാം ഓരോരുത്തരും സുന്ദരന്മാർ ആണെന്ന് സ്വയം വിശ്വസിപ്പിക്കുക, ഈ ലോകം എത്ര സുന്ദരമാണെന്നും.    
"വെറുക്കപ്പെട്ടവർ അപവാദം ഉണ്ടാക്കുന്നു,മണ്ടന്മാർ അത് പരത്തുന്നു ,വിഡ്ഢികൾ അത് വിശ്വസിക്കുന്നു എന്നത്രെ!" ആളുകൾ  നിങ്ങളെ നേരിടും പോലെ അവരെ നേരിടുക. ചുറ്റുമുള്ളവരെ നേരിടാൻ തക്കവണ്ണം മനസ്സിനെ പരിശീലിപ്പിക്കുകയും കരുത്തുള്ളവരും  ആകുക. ദ്വേഷിക്കുന്നവർ എപ്പോഴും നിങ്ങള്ക്ക് ചുറ്റും ഉണ്ടാകാം, പക്ഷെ നിങ്ങളെ കരുത്തന്മാരാക്കുന്നത് അവരാണെന്ന്  ഓര്ക്കുക. നിങ്ങൾക്ക്  സൌന്ദര്യം ഇല്ല,സുന്ദരൻ  അല്ല എന്നതിനേക്കാൾ പ്രാധാന്യം നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നതിനാണ്. എല്ലാവര്ക്കും ജീവിക്കാനാവുന്നില്ല ,പക്ഷെ നിങ്ങൾ ആ കാര്യത്തിൽ ഭാഗ്യവാൻ ആണെന്നതിൽ ആനന്ദം കണ്ടെത്തുക! 
സാഹചര്യങ്ങൾ മാറിമറിയുന്നു ,ആളുകൾ മരിക്കുന്നു, പുതിയ ആളുകൾ ജീവിതത്തിലേക്ക് കടന്നു വരുന്നു ,പോകുന്നു. പക്ഷെ എത്ര മുറിവേറ്റാലും  നാം ജീവിതത്തെ നേരിട്ട് മുൻപോട്ടു പോകേണ്ടതുണ്ട്.  പലരെക്കുരിച്ചുള്ള നഷ്ടബോധവും നമുക്ക് അനുഭവവേദ്യമാകുന്നത് നാം ജീവിച്ചിരിക്കുന്നു എന്നത് കൊണ്ടാണ്. കഴിഞ്ഞ കാലത്തെ നാം മറക്കെണ്ടതുണ്ട് ,അത് എത്ര മനോഹരം ആയാലും, മോശപ്പെട്ട ഒന്നായാലും.ഇന്നുകൾ നമുക്കായി ഒരുക്കപ്പെട്ടിരിക്കുന്നു ,നാളെകൾ നമുക്കായി കാത്തിരിക്കുന്നു.
ജീവിതം ആസ്വദിക്കുക, നിങ്ങൾ ആഗ്രഹിക്കും പോലെ !
നൃത്തം ചെയ്യുക, ഒരു ഉത്സവത്തിലെന്ന പോലെ !
വെല്ലുവിളികൾ നേരിടുക,ആത്മവിശ്വാസത്തോടെ !
ശത്രുക്കളെ മറന്നേക്കുക, ഒരു ദുസ്വപ്നം പോലെ!
ഈ ചെറു ജീവിതത്തെ നാളെക്കായി കരുതി വയ്ക്കുക !
ഒരു പ്രണയത്തിലെന്ന പോലെ   ജീവിതത്തെ വാരിപ്പുണരുക !
കുന്നോളം സ്വപ്നം കാണുക , കുന്നിക്കുരുവോളം നേടുക !

Wednesday, April 30, 2014

വിലക്കപ്പെട്ട കനി കട്ട് തിന്നുന്നവർ ...!!

ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു, ആ മൂന്നാം ക്ലാസ്സുകാരന്റെ ചിതറിയ ചിന്തകൾ.വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ആ ദിവസങ്ങള് എനിക്കൊര്മയുണ്ട്.പുറംലോകം ഏറെ കണ്ടിട്ടില്ലാത്ത ആ കുഞ്ഞു  മനസ്സില്  ഇടയ്ക്കിടെ വീട്ടില് അതിഥിയായി എത്തുന്ന വെള്ള കുപ്പായക്കാർക്ക് ബൈബിൾ കഥകളിലെ ദേവദൂതന്മാരുടെ സ്ഥാനം ആയിരുന്നു. താടിയും മീശയും വളര്ത്തി  വാത്സല്യവും  സ്നേഹവും തിരതല്ലുന്ന കണ്ണുകളും ആയി കടന്നു വരുന്ന അവര്ക്ക് എന്റെ മനസ്സില് യേശുവിന്റെ രൂപമായിരുന്നു.ശാന്തവും സൗമ്യവുമായ അവരുടെ  സംസാരവും  പ്രാർഥനകളും പതിയെ മനസ്സില്  പതിഞ്ഞു തുടങ്ങി. പള്ളീലച്ചൻ വരുന്നു എന്ന് കേൾക്കുമ്പോൾ വീട്ടില് കാണുന്ന ഒരുക്കങ്ങളും ഭക്തിയും(അതോ അച്ചന്മാർ വരുമ്പോൾ നിരത്തുന്ന പുഴുങ്ങിയ മുട്ടയും ഏത്തപ്പഴവും കാച്ചിയ പാലും ആണോ  എന്തോ?)  എന്റെ കുഞ്ഞു മനസ്സിൽ ഭാവിയിൽ ആരാകണം എന്നാ ചോദ്യത്തിന് ഉത്തരമായി മാറി.
.............................................................................................................................
വർഷാദ്യം കടന്നു വരുന്ന പള്ളി കണ്‍വെൻഷനുകൾ ഒരു വര്ഷത്തെ ആത്മീയ ജീവിതത്തിനു ഊര്ജം പകരുന്ന ഒന്നായിരുന്നു ആ കാലത്ത്. കർത്താവിനെ രക്ഷകനായും ബൈബിളിനെ സ്വജീവിത വഴികാട്ടിയായും പരസ്യമായി ഏറ്റു പറയുന്ന ആ ദിവസങ്ങള്ക്ക് എന്തോ ഒരു ആത്മീക ചൈതന്യം ഉണ്ടായിരുന്നു.വകതിരിവോ തിരിച്ചറിവോ ഇല്ലാതിരുന്ന ആ മൂന്നാം ക്ലാസ്സുകാരൻ അങ്ങനെ ആ കണ്‍വെന്ഷൻ കാലത്ത് ഭാവിയിൽ മണ്ടത്തരം എന്ന്  തിരിച്ചറിഞ്ഞ ആ തീരുമാനം എടുത്തു. സ്വയം തിരിച്ചറിവിന്റെ കാലത്ത് എടുക്കേണ്ട ഒരു തീരുമാനം എന്ന് പറഞ്ഞു ശക്തിയായി എതിര്ത്ത അപ്പന്റെ വാക്കുകളെ അവഗണിച്ചു ഞാൻ ആ പൊട്ടക്കിണറ്റിൽ എടുത്തു ചാടി.! വെള്ളമില്ലാത്ത ആ പൊട്ടക്കിണറ്റിൽ ഒരു കുഞ്ഞു പാതിരി ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.!
.......................................................................................................................


ബാല്യവും കൌമാരവും ആത്മീയ ഗോളത്തിൽ ഉരുണ്ടു കളിച്ചു.പള്ളി പുസ്തകങ്ങൾ  പാഠപുസ്തകങ്ങലെക്കാൾ പ്രിയപ്പെട്ടതായി. ലോജിക്കില്ലാ  കഥകൾ ശാസ്ത്ര തത്വങ്ങൾ പോലെ കാണാപ്പാഠം ആയി .ആദമും ഹവ്വയും പരിണാമ കുരങ്ങുകളെ വഴിയിൽ ഒരിടത്തും കണ്ടുമുട്ടാതെ സമാന്തരമായി നീങ്ങി . ഒരാഴ്ച കൊണ്ട് ദൈവം സൃഷ്ടിച്ച ഭൂമി പരീക്ഷ പേപ്പറിൽ വെറും ഒരു നിമിഷം കൊണ്ട് വെറുമൊരു ബിഗ്‌ ബാംഗ് പൊട്ടിത്തെറിയായി എരിഞ്ഞടങ്ങി. എന്നിട്ടും സംശയാലുവായ തോമസ്‌ ദൈവ നിന്ദകൻ ആയി. വിശ്വാസം കാണാകാഴ്ചകളുടെ നിശ്ചയമായി തീർന്നു!
..............................................................................................................................................................
സ്വപ്നങ്ങളുടെ നിറ വസന്തമായ  യൌവ്വനം ചിന്തകളുടെ പണിശാലയായി. ഉത്തരം കിട്ടാ ഗണിത പ്രശ്നങ്ങളായി വിശ്വാസങ്ങൾ മാറി. ഏകാന്തമായ ഒരു ഒറ്റയടിപ്പാത പോലെ വിശ്വാസ പാത നീണ്ടു കിടന്നു. ജീവിതാനുഭവങ്ങൾ ഓരോന്നും കഠിന പരീക്ഷകൾ ആയി മാറി.വിശ്വാസം ഒരു വഴിക്ക്, നന്മ തിന്മകൾ ഇഴ ചേര്ന്ന യഥാർത്ഥ ജീവിതം മറു വഴിക്ക്. നന്മ തിന്മ പാപ ചിന്തകളുടെ നൂല്പാലത്തിലെ ട്രപ്പീസ് കളിയായി യൌവ്വനം .ഉണ്മാദമായ യൌവ്വനം മനപീടകളുടെ നേരിപ്പോടായ് അവസാനിപ്പിക്കാൻ മനസ്സ് വന്നില്ല.ചിന്തകളിൽ സംശയത്തിന്റെ കനൽ എരിഞ്ഞു  തുടങ്ങി. സ്വച്ചന്ദം ആയ ജീവിതത്തിന്റെ മറുപാത പ്രലോഭനം ആയി.സുരഭിലവും മോഹനവുമായ  ആയ യൌവ്വനത്തിൽ ശരി തെറ്റുകൾ വേർതിരിക്കുന്ന  രേഖ വെള്ളത്തിൽ വരച്ച വര പോലെ   നേർത്തു ഇല്ലാതെ ആയി .പാപചിന്തകളുടെയും കുറ്റബോധത്തിന്റെയും ഉമിത്തീയിൽ ചുട്ടെരിച്ച കൊടും പാപങ്ങൾ കുഞ്ഞു കൈത്തെറ്റുകൾ മാത്രമായി. എങ്കിലും പഠിച്ച പാഠങ്ങളിലെ ഗുണപാഠങ്ങൾ ജീവിത വഴിയിൽ കൈത്തിരിയായി. പതിരായി മാറിയ അദ്ഭുത കഥകൾ ശാസ്ത്ര ബോധത്തിന്റെയും അറിവിന്റെയും നടവഴികളിൽ എവിടെയോ കുഴിച്ചു മൂടി. അറിവിന്റെ വെള്ളി വെളിച്ചം തേടി അഞ്ജതയുടെ അന്ധകാരത്തിൽ നിന്നും  തുറന്ന ലോകത്തേയ്ക്ക് വഴി മാറി നടന്നു .
...........................................................................................................................................................
രണ്ടു ദശകങ്ങൾക്ക്‌ ഇപ്പുറം ഇടയ്ക്കിടെ ചികഞ്ഞ ഓർമകളിൽ ബാല്യവും കൌമാരവും വിരുന്നുകാരായി.മായാവിയും ഡിങ്കനും ലുട്ടാപ്പിയും രാമനും രാവണനും ആദമും ഹവ്വയും രസകരങ്ങളായ ഓർമകൾ ആയി. മിത്തുകളും അദ്ഭുത വീര കഥകളും വായനയെയും  ഭാവനയെയും  ചിന്തകളെയും പരിപോഷിപ്പിച്ച നല്ല മണ്ണായി.എങ്കിലും വഴി മാറി നടക്കാനുള്ള തീരുമാനം ചിന്തകളെ ഇത്ര മേൽ മാറ്റിമറിക്കും എന്ന് അന്ന് കരുതിയില്ല. കാപട്യം നിറഞ്ഞ  വിശ്വാസ മൂടുപടം വലിച്ചെറിയുമ്പോൾ തിമിരം ബാധിക്കാത്ത നല്ല കാഴ്ചകളുടെ വസന്തമാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. കുറ്റബോധം ഇല്ലാത്ത ഋജുവായ ഒരു മനസാക്ഷിയാണ് സ്വതന്ത്ര ചിന്തയുടെ വാതായനങ്ങൾ തുറന്നു തന്നത്.
..........................................................................................................................................................
ദുഷിച്ചു നാറിയ ഇന്നത്തെ ആത്മീയ ലോകം എന്നെ  ഓര്മപ്പെടുത്തുന്നത് അന്ന് വഴിമാറി നടക്കാൻ എടുത്ത തീരുമാനത്തിന്റെ ശരിയെയാണ് . കള്ള നാണയങ്ങൾക്കിടയിൽ എണ്ണപ്പെടാതെ മാറി നില്ക്കാൻ ആയി എന്നത് വലിയ നേട്ടം.. മതപരമായ ഒരു സമൂഹത്തിൽ വേലിക്കെട്ടുകൾ ഇല്ലാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന നന്മ കുറ്റകരം ആണ്. എന്റേത്,ഞങ്ങളുടേത് വീതം വയ്പ്പിന്റെ ലോകം ആണിത്..നമ്മുടേത്‌ എന്ന ചിന്ത അപ്രസക്തം ആണ് ഇവിടെ. ലൈംഗികത പാപമല്ല, എന്നാൽ അന്യന്റെ ഭാര്യയെ നോക്കുന്നത് പോലും പാപമെന്നു നാഴികയ്ക്ക് നാല്പ്പത് വട്ടം യാതൊരു കാര്യവും ഇല്ലാതെ ഉത്ബോധിപ്പിക്കുന്നവർ അതെ കാര്യം തന്നെ രഹസ്യത്തിൽ ചെയ്യുന്നതിന്റെ ധാര്മികതയാണ് എനിക്ക് മനസിലാകാത്തത് .
............................................................................................................................................................
സ്വകാര്യ ജീവിതം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം ആണ്. ലൈംഗികതയും അങ്ങനെ തന്നെ. അതിൽ തലയിടെണ്ട കാര്യം ആര്ക്കും  ഇല്ല.പക്ഷെ കാലാകാലങ്ങളായി വൃത്തികെട്ട മതത്തിന്റെ പേരിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ ഒളിഞ്ഞു നോക്കുകയും ഭീഷണിപ്പെടുത്തി ജീവിതത്തിലെ മനോഹരങ്ങളായ നിമിഷങ്ങൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്തവർ വിലക്കപ്പെട്ട കനി  കട്ടു തിന്നുന്നത്  ഒരു മ്ളെച്ചം ആയ കാഴ്ച തന്നെ....!!

Tuesday, December 18, 2012

സുമനസ്സുകളുടെ കാരുണ്യം തേടി മൂര്‍ത്തി ...നിങ്ങള്‍ സഹായിക്കില്ലേ..??

മനുഷ്യത്വം  നഷ്ടപ്പെട്ട ലോകത്തെക്കുറിച്ച് വിലപിക്കുമ്പോഴും ഉള്ളില്‍ നന്മയുടെ ഉറവ വറ്റാത്ത ചില മനുഷ്യര്‍ ആണ് നമുക്ക് ഭാവിലോകത്തെ  കുറിച്ച് പ്രതീക്ഷകള്‍ പകരുന്നത് .അശരണര്‍ക്ക്      കൈതാങ്ങല്‍ ആവാനും വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും ഇപ്പോഴും തയ്യാറുള്ള അത്തരം  നല്ല മനസ്സുകള്‍ക്ക് മുന്‍പില്‍ ഈ മനുഷ്യനെ അവതരിപ്പിക്കുകയാണ് .

ഇത് പാലക്കാട് സ്വദേശി  വി എ ഭാസ്കര മൂര്‍ത്തി .ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഉത്തരം തേടി  വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ്യ തലസ്ഥാനത്തെയ്ക്ക് കുടിയേറി,പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറില്‍ താമസിക്കുന്ന  ഇദ്ദേഹം ഒരു സെയില്‍സ്മാന്‍ ആയി ജോലി നോക്കി വരികയായിരുന്നു.ജീവിതത്തെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകളുമായി ഭാര്യയോടൊപ്പം സന്തോഷത്തോടെ ജീവിച്ചു വന്ന മൂര്‍ത്തിയുടെ ജീവിതത്തിലേക്ക് വയറു  വേദനയുടെ രൂപത്തില്‍ കഷ്ടകാലം കടന്നു വരികയായിരുന്നു.വിശദമായ മെഡിക്കല്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു, മലദ്വാരത്തില്‍ കാന്‍സര്‍(Rectum Cancer).ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തിര  ശസ്ത്രക്രിയയ്ക്ക് വിധേയനായ  മൂര്‍ത്തിയുടെ രോഗം ബാധിച്ച  ഭാഗം നീക്കം ചെയ്തു.ഇപ്പോള്‍ വയറിന്റെ വശത്ത്‌ സുഷിരമുണ്ടാക്കി അതില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ ആണ് ഇപ്പോള്‍ മലവിസര്‍ജനം സാധിക്കുന്നത്.അതിനായി ഉപയോഗിക്കുന്ന ബാഗിന്(Colostomy bag) ഒരു മാസം പതിനാറായിരത്തിലേറെ രൂപ  ചിലവുണ്ട് .അതിനു  പുറമേ വിലകൂടിയ മരുന്നുകളും.കഠിനമായ വേദനക്കിടയിലും തൊഴില്‍ നഷ്ടമാകുമെന്ന ഭീതിയില്‍ ദിവസേന ഒന്ന് രണ്ടു മണിക്കൂര്‍ തൊഴില്‍ സ്ഥാപനത്തില്‍ പോകേണ്ട ഗതികേടിലാണ് ഈ യുവാവ്.സ്ഥാപന ഉടമയുടെ അനുഭാവപൂര്‍ണമായ സമീപനം എത്ര നാള്‍ തുടരും എന്നത് ഒരു ചോദ്യ  ചിഹ്നമായി മൂര്‍ത്തിയെ അലട്ടുന്നു.

രോഗം മൂര്‍ച്ചിക്കാതിരിക്കാന്‍  മൂര്‍ത്തിയ്ക്ക്  അടുത്ത ശസ്ത്രക്രിയ  എത്രയും വേഗം നടത്താന്‍ ഉപദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.. ഈ മാസം ഇരുപത്തിയെഴിനു(27-12-2012) മൂര്‍ത്തി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആകും.തുടര്‍ന്ന് ഏതാണ്ട് ഇരുപതു ദിവസത്തെ പരിശോധനകള്‍ക്ക്  ശേഷമാണ്  ശസ്ത്രക്രിയയുടെ ദിവസം തീരുമാനിക്കുക എന്നാണു അറിയിച്ചിരിക്കുന്നത് .സ്വകാര്യ ലാബുകളിലെഇത്രയും ദിവസം നീളുന്ന വിവിധ പരിശോധനകള്‍ക്കായി പതിനായിരക്കണക്കിനു രൂപ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ മുപ്പത്തിയെഴുകാരന്‍ .

മൂര്‍ത്തിയുടെ കദനകഥ അടുത്ത സുഹൃത്തില്‍ നിന്നും കേട്ട ഞാന്‍ ഇത് എന്റെ ചില നല്ല സുഹൃത്തുകള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചിരുന്നു.എന്നാല്‍ ഒരു ശാരീരിക അവസ്ഥയായ രോഗം മനുഷ്യ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമായി മാറുകയാണ് ഈ പാവം മനുഷ്യന്റെ കഥ.ശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചതോടെ, അടുത്ത ബന്ധുക്കളില്‍ പലരും കൈ ഒഴിഞ്ഞ അവസ്ഥയില്‍  ആണ് ഈ പാവം മനുഷ്യന്‍ .രോഗം ബാധിച്ചതോടെ ആളുകളില്‍  പലരും അകന്നു തുടങ്ങി  എന്നദുഖ വാര്ത്തയാണ് ഇത് നല്ലവരായ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍  എന്നെ പ്രേരിപ്പിച്ചത്. 
 നമ്മളില്‍ എത്ര പേര്‍ക്ക് ഈ മനുഷ്യനെ സഹായിക്കാനാകും? വലിയ സഹായങ്ങള്‍ അല്ല,വളരെ ചെറുത്‌,ഓരോരുത്തര്‍ക്കും അവരെ കൊണ്ട് ആകും വിധം.പലതുള്ളി  പെരുവെള്ളം എന്ന നിലയില്‍ ചെറിയ  സഹായങ്ങള്‍ ആ മനുഷ്യന്റെ ആവശ്യത്തിനുതകും വിധം വളരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ഈ മനുഷ്യന്‍ നമ്മുടെ  സഹതാപവും സഹായവും ഒരു പോലെ അര്‍ഹിക്കുന്നു.രോഗം എന്നത് ഒരു ജീവിത അവസ്ഥയാണ്,നാളെ നാമും ഇതിന്റെ ഇരയായി തീര്‍ന്നേക്കാം. നമ്മുടെ ഇന്നത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും  ഒരു ചെറിയ അംശം നമുക്ക് ഈ മനുഷ്യനുമായി പങ്കു വെച്ചുകൂടെ? ആ കടുത്ത ശാരീരിക  വേദനയില്‍, ഉപേക്ഷിക്കപ്പെട്ടവന്റെ ആ കടുത്ത മാനസിക    സംഘര്‍ഷത്തില്‍ നമ്മുടെ ഒരു ചെറിയ സഹായം ഈ മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ  കൈപിടിച്ച് നടത്തിയേക്കാം.
നിങ്ങളുടെ മനസാക്ഷിയെ എവിടെയെങ്കിലും ഈ മനുഷ്യന്റെ കദനകഥ സ്പര്ശിച്ചുവെങ്കില്‍ നിങ്ങള്ക്ക് ഈ മനുഷ്യനെ സഹായിക്കാം.സുഹൃത്തുക്കളുടെ മാത്രം കാരുണ്യത്തില്‍ ജീവിക്കുന്ന ഈ മനുഷ്യന്‍ നമ്മുടെ ഓരോരുത്തരുടെയും നല്ല മനസിലേക്ക് ഉറ്റു നോക്കുകയാണ്..നിങ്ങളുടെ സഹായം  അര്‍ഹിക്കുന്ന  ഒരു  വ്യക്തിയിലേക്ക് തന്നെ  എത്തുന്നു  ഞാന്‍ ഉറപ്പു തരുന്നു.നിങ്ങള്‍ക്ക് താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടാം.

Address:
Mr. V A Bhaskara Moorthy
A 477/78,
J J Colony
Panka Road,
Uttam Nagar East
New Delhi-59.
Mobile No.+91 8826070738

Bank Details:-
A/c.No.0359053000013559
South Indian Bank
Janakpuri Branch,Plot No.B-6
Ground Floor,Block.A-1,
Local Commercial Shopping Center
Janakpuri,Delhi-110058
IFSC Code:SIBL0000359
Branch Code:000359
Swift Code:SOININ55

കൂടുതല്‍  വിവരങ്ങള്‍ക്ക് നിങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ  സുഹൃത്തുക്കളുമായി ബന്ധപ്പെടാം.

Abhilash: Mob.+91 9868658531
Jaise      : Mob.+91 8750810103


Sunday, July 15, 2012

ഈ വാര്‍ധക്യങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ!!

(ഈ ലേഖനം മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചിരുന്നു..വായിക്കൂ..http://www.marunadanmalayalee.com/Satyamev%20Jayate-73316.html  )
ദൃശ്യാ മാധ്യമ ചരിത്രത്തില്‍  ഒരു പുത്തന്‍ വിജയ ചരിത്രമെഴുതി മുന്നേറുകയാണ് അമീര്‍ഖാന്റെ 'സത്യമേവ ജയതേ' .മുന്‍ എപിസോഡുകള്‍ പോലെ തന്നെ സമകാലിക പ്രാധാന്യമുള്ള ഒരു വിഷയവുമായി,അതും ഒട്ടും  തന്നെ വിഷയത്തിന്റെ ചൂരും ചൂടും നഷ്ടപ്പെടാതെ വര്‍ത്തമാന കാല യാഥാര്‍ത്യങ്ങള്‍ തനിമയോടെ വരച്ചു കാട്ടുന്നതില്‍ ഈ  എപിസോഡും വിജയിച്ചു എന്ന്  പറയേണ്ടിയിരിക്കുന്നു. വാര്‍ധക്യം എന്നത് രണ്ടാം ബാല്യം ആണെന്ന് പറയാറുണ്ട്‌.എന്നാല്‍ രണ്ടാം ബാല്യം ശുഭാചിന്തകാലോ പ്രതീക്ഷകാലോ ഇല്ലാത്ത നിരാശയുടെയും വേദനയുടെയും  പീഡന കാലമായി  മാറുന്നതാണ് നാം ഇന്ന് കണ്ടു വരുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരുടെ വേദനകളും അനുഭവങ്ങളും തുറന്നു കാട്ടുന്നതോടൊപ്പം വാര്‍ധക്യം എങ്ങനെ പ്രത്യാശയുടെ സുവര്‍ണ്ണ തീരം  ആക്കി   മാറ്റാം എന്നാ കാര്യത്തില്‍ ഒരു വഴികാട്ടി കൂടി ആകുന്നതായിരുന്നു ഇന്നത്തെ എപിസോഡ്.വാര്‍ധക്യത്തില്‍ വിജയ സോപാനത്തില്‍  കയറിയവരുടെ അനുഭവങ്ങളും കഥകളും വാര്‍ധക്യത്തില്‍  ആയിരിക്കുന്നവര്‍ക്ക് പ്രചോദനം ആകുന്നതോടൊപ്പം യുവതലമുറയുടെ കണ്ണ്  തുറപ്പിക്കുന്നതുമായിരുന്നു  .വാര്‍ധക്യം എന്നത് ഒരു ശാരീരിക അവസ്ഥ  മാത്രമാണെന്നും  നിശ്ചയ  ദാര്‍ട്യവും  തളരാത്ത ഒരു മനസ്സുമുന്ടെങ്കില്‍ തങ്ങള്‍  യുവാക്കളേക്കാള്‍  ശക്തരാനെന്നും പലരുടെയും ജീവിതം തെളിയിച്ചു.
പതിവുപോലെ ഇന്ത്യന്‍ സാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളായിരുന്നു  ആദ്യ ഭാഗത്ത് വരച്ചു കാണിച്ചത്.വാര്‍ധക്യം  എന്ന   അവസ്ഥയെ മനുഷ്യന്‍ എങ്ങനെ ക്രൂരമായി നേരിടുന്നു എന്നതിന്റെ നേര്കാഴ്ചയുമായി 'ഡെക്കാന്‍ ക്രോനിക്കി'ളിലെ പ്രമീള കൃഷ്ണന്‍ എത്തിയപ്പോള്‍ കാഴ്ച്ചക്കരോടൊപ്പം അവതാരകനായ അമീര്‍ ഖാനും നിറകണ്ണുകളോടെയാണ്   ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെ കേട്ടത്.സംഭവം നടക്കുന്നത് തമിഴ്നാട്ടിലെ വിരുദുനഗര്‍ എന്നാ ഗ്രാമത്തിലാണ്.അവിടുത്തെ ജനങ്ങള്‍ വാര്‍ധക്യം ഒഴിവാക്കാന്‍ ചെയ്യുന്ന കൃത്യം ഒരു പക്ഷെ മനുഷ്യ മനസാക്ഷിയെ പ്പോലും ഞെട്ടിക്കുന്നതായിരുന്നു.പ്രമീള നേരിട്ട് ആ ഗ്രാമം സന്ദര്‍ശിക്കുകയും ഈ വിഷയത്തില്‍ പഠനം നടത്തുകയും ചെയ്തു.അവിടെ വാര്ധക്യത്തിലെത്തിയവേരെയും സുഖപ്പെടുത്താനാവാത്ത രോഗം ബാധിച്ചവരെയും 'തലൈ കൂത്തല്‍" എന്നാ ഒരു ചടങ്ങിലൂടെ പരലോകത്തെത്തിക്കുന്ന ഒരു പ്രത്യേക പരിപാടി അരങ്ങേറുന്നുണ്ട്.   തലൈ കൂത്തല്‍ എന്ന് വച്ചാല്‍ തലയില്‍ കൂടെ വെള്ളം ഒഴിക്കുക  എന്ന് അര്‍ഥം.കിടപ്പിലായിരിക്കുന്നവരെ തലയില്‍ കൂടി വെള്ളമൊഴിച്ചു കൊള്ളുക ആണത്രേ ചെയ്യുന്നത്.ഇതിനായി കരിക്കിന്‍ വെള്ളവും ഉപയോഗിക്കരുണ്ടാത്രേ.അസുഖം ബാധിച്ചു  കിടപ്പിലായിരിക്കുന്നവര്‍ ഈ വെള്ളം തലയിലൂടെ ഒഴിക്കുന്നതിന്റെ ഭാഗമായി ന്യൂമോണിയ ബാധിച്ചു മരിക്കുകയാണത്രെ  പതിവ്.ഇത് അവിടെ ഒരു  സാമൂഹ്യ   ആചാരമാണ്.ആര് എപ്പോള്‍ മരിക്കണമെന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ചു തീരുമാനിക്കുകയും കൃത്യം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.പലരും തങ്ങളുടെ അച്ഛനമ്മമാരെ തലൈ കൂത്തല്‍  നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു .നാട്ടുകാരില്‍ പലരും ഈ സംഭവം അവിടെ പതിവാണെന്ന് തുറന്നു പറഞ്ഞു. ഇപ്പോള്‍   വിഷം കുത്തി വയ്ക്കുന്ന  പരിപാടിയും ഉണ്ടെന്നു പറഞ്ഞു.അതിനായി ഡോക്ടര്‍മാരും വ്യാജ ഡോക്ടര്‍മാരും അവിടെ ഉണ്ട്. തന്റെ മുത്തച്ഛനെ കൊല്ലാനെന്ന വ്യാജേന ഒരു ഡോക്ടറെ സമീപിച്ച സംഭവവും പ്രമീള  പങ്കു  വെച്ചു.പണ്ട് അവിടെ പ്രായമുള്ളവരെ ജീവനോടെ മണ്ണിനുള്ളില്‍  മൂടുകയായിരുന്നു പതിവെന്ന് ചിലര്‍ തുറന്നു  പറഞ്ഞു.
      തങ്ങളുടെ യൌവ്വനം തങ്ങളുടെ മക്കളെ നന്നായി വളര്‍ത്താനായി കുരുതി  കൊടുത്തു വാര്‍ധക്യത്തില്‍ വീട്ടിനു പുറത്താവേണ്ടി വന്ന അച്ഛനമ്മമാരുടെ  കദന  കഥകള്‍ തീര്‍ച്ചയായും  ഹൃദയസ്പര്ഷിയും നൊമ്പരപ്പെടുത്തുന്നതുമായിരുന്നു.കൃഷ്ണ ദാവേര്‍,കുസും ഭോസ്ല എന്നീ  അമ്മമാര്‍ താങ്ങും തണലുമാവേണ്ട മക്കള്‍  തങ്ങളെ  വീട്ടിനു പുറത്താക്കിയ കഥ പങ്കുവെച്ചു.കഷ്ട്ടപ്പെട്ടും കടം വാങ്ങിയ പണം കൊണ്ട് താന്‍ വളര്‍ത്തി വലുതാക്കിയ മകന്‍ തന്നെ പുറത്താക്കിയ സംഭവം അശോക്‌ പഞ്ചാല്‍ എന്നാ അച്ഛന്‍ വേദനയോടെ വിവരിച്ചു. വൃന്ദാവന്‍ സ്ട്രീറ്റ് എന്ന ക്ഷേത്ര  നഗരിയിലെ ജീവിതങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയ പരിപാടി അവിടെ കഴിഞ്ഞു കൂടുന്ന പന്തീരായിരത്തോളം വരുന്ന വൃദ്ധ ജീവിതങ്ങളെ തുറന്നു കാട്ടി. മരണം വിരുന്നു വരുന്നതും കാത്തിരിക്കുന്ന ആ വൃദ്ധ ജന്മങ്ങള്‍ തീര്‍ച്ചയായും ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ തൊടും എന്ന കാര്യത്തില്‍ സംശയമില്ല.
വൃദ്ധ ജീവിതങ്ങള്‍ക്ക് താങ്ങും തണലും ആകുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ജീവിത സായന്തനം പ്രത്യാശയുടെയും കൂട്ടായ്മയുടെയും നല്ല മാതൃകകള്‍ കാട്ടി തരുന്നു.മക്കള്‍  പഴന്തുണി   പോലെ വലിച്ചെറിഞ്ഞ ജീവിതങ്ങളെ സ്നേഹത്തോടെയും കരുതലോടെയും പുനരധിവസിപ്പിക്കുന്ന  ആ മഹത് ജീവിതങ്ങള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം നാം അറിയാതെ ശിരസ്സു നമിച്ചു പോകും. വൃന്ധാവനത്തിലെ  'മൈത്രി'  എന്ന സംഘടനയുടെ  വിന്നി സിംഗ്, വൃദ്ധ ജനങ്ങള്‍ക്കായി  ആശ്രമം നടത്തുന്ന മങ്കേഷ് ,മുംബൈയില്‍ 'മാതാശ്രീ' എന്ന വൃദ്ധ ജന കെയര്‍ സെന്റെര്‍ നടത്തുന്ന അശോക്‌ എന്നിവര്‍ തങ്ങളുടെ അന്തേവാസികളുടെ   അനുഭവങ്ങള്‍ പങ്കു വച്ചു.'ഏജ് വെല്‍ ഫൌണ്ടാഷനി'ലെ ഹിമാന്ഷു വാര്‍ധക്യം നേരിടുന്ന പ്രശ്നങ്ങളുടെ സാമ്പത്തിക വശം വരച്ചു  കാട്ടി.തങ്ങളുടെ യൌവ്വന കാലത്ത് തങ്ങള്‍ നേടിയ ഒരു സ്വത്ത് പോലും മരണം  വരെ   ഒരു കാരണവശാലും മക്കള്‍ക്കോ മറ്റാര്‍ക്കോ കൈമാറരുതെന്ന നിര്‍ദ്ദേശം ആണ് മുന്‍പോട്ടു വച്ചത്.പലപ്പോഴും  വൃദ്ധ ജനങ്ങള്‍ വീടിനു പുറത്താവുന്നത് തങ്ങളുടെ സമ്പാദ്യം കൈമാറിയതിന് ശേഷമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 
വാര്‍ധക്യം ഒരു നേഴ്സറി  ക്ലാസിലെ കുട്ടികളെ പോലെ ആഘോഷിക്കുന്ന 'ആയുധാം' പോലെയുള്ള വൃദ്ധ സദനങ്ങള്‍ തീര്‍ച്ചയായും ഒരു രണ്ടാം ബാല്യത്തിന്റെ കഥ പറയുന്നവയാണ്  .അവിടെ വൃദ്ധ സദനത്തോടൊപ്പം സ്കൂളും  പ്രവര്‍ത്തിക്കുന്നു .അവിടുത്തെ കുട്ടികള്‍ വൃദ്ധ മാതാപിതാക്കള്‍ക്ക് പേരക്കുട്ടികള്‍ ആകുന്നു.അവര്‍ തങ്ങളുടെ ജീവിതാനുഭവ സമ്പത്ത് കുട്ടികള്‍ക്ക് പങ്കു വെയ്ക്കുകയും  തങ്ങളുടെ  കുട്ടിക്കാലത്തിലൂടെ വീണ്ടും കടന്നു പോവുകയും ചെയ്യുന്നു.വളരെ സ്വര്‍ഗീയമായ ഒരു അനുഭവം ആണത്. അതേപോലെ തന്നയുള്ള ഭൂമിയിലെ സ്വര്‍ഗം എന്ന് തന്നെ പറയാവുന്ന ഒന്നാണ് മുംബൈയിലെ 'ദാദ-ദീദി പാര്‍ക്ക്'.അവിടെ വൃദ്ധര്‍ കുട്ടികളാകുന്നു.അവര്‍ ക്രിക്കറ്റ് കളിക്കുന്നു, കമ്പ്യൂട്ടര്‍ പഠിക്കുന്നു,ഡാന്‍സ് ചെയ്യുന്നു. ജീവിതത്തില്‍  അതേവരെ ചെയ്തിട്ടില്ലാത്ത പലതും  പുതുതായി പഠിക്കുന്നു.തികച്ചും നവ്യമായ ഒരു അനുഭവം തന്നെ.
ഡല്‍ഹി യൂനിവേഴ്സിടിയിലെ പ്രൊഫസര്‍  ഡോ.അര്‍ച്ചന കൌശിക് വൃദ്ധ ജനങ്ങള്‍ക്കായി ഗവേന്മേന്റുകള്‍ ആരംഭിക്കുന്ന പദ്ധതികളെ    പറ്റി വിവരിച്ചു.ഡല്‍ഹി, ഗോവ സര്‍ക്കാരുകള്‍ ഈ വിധത്തില്‍ ചില ക്ഷേമ പദ്ധതികള്‍  ആരംഭിച്ചിട്ടുണ്ട് .കാലാനുസൃതമായ മാറ്റങ്ങള്‍ ജനങ്ങളുടെ ചിന്തകളില്‍ ഉണ്ടാവുന്നത്  ഒരു ശുഭകരമായ മാറ്റമായി കാണേണ്ടതുണ്ട്. വാര്‍ധക്യം ഒറ്റപ്പെടലിന്റെ വേദനയുടെത് കൂടിയാണ് പലപ്പോഴും.കാരണം പങ്കാളി മരിച്ച വൃദ്ധര്‍ പലപ്പോഴും തങ്ങളുടെ പല ആവശ്യങ്ങളിലും ഒരു തുണയില്ലാതെ കഴിയേണ്ടി വരുന്നത് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.അത്തരക്കാര്‍ക്കു  പുനര്‍വിവാഹത്തിന്റെ  മധുരം പങ്കുവെയ്ക്കാനായാണ് മുംബൈയില്‍ നിന്നും വൃദ്ധ ദമ്പതികളായ മിസ്റ്റര്‍ & മിസ്സിസ് ജോഷി എത്തിയത്.അരുപതിയോന്പതാം വയസ്സില്‍ വിവാഹിതനായ ജോഷിയുടെ ഭാര്യ മലയാളിയാണ്. തുണയില്ലാത്തവര്‍ക്കായി   'ലിവിംഗ് റിലേഷന്‍സ് '  എന്ന പേരില്‍  സമ്മേളനം  നടത്തി  വിജയിപ്പിച്ച അഹമ്മദാബാദില്‍ നിന്നും നാം കാണുന്ന പ്രത്യാശയുടെ പുതു നാമ്പുകളാണ്.അവിടെ വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കാന്‍ വൃദ്ധര്‍ക്ക് അവസരമൊരുക്കുകയാണ്. തികച്ചും പുതുമയാര്‍ന്ന ഒരു ആശയം.തങ്ങളുടെ സായന്തനം ഒരു മധുവിധു കാലം പോലെ കഴിയാനുള്ള ഈ അവസരം മക്കളും കുടുംബാങ്ങങ്ങളും ചേര്‍ന്നാണ് ഒരുക്കി കൊടുക്കുന്നതെന്നത് കൂടുതല്‍ മധുരതരമാകുന്നു.
തങ്ങളുടെ പ്രായത്തെ വകവെയ്ക്കാതെ ജീവിത വിജയം നേടിയ വൃദ്ധര്‍ പ്രേക്ഷകരുടെ ഹൃദയം കവരുകയും നിലയ്ക്കാത്ത കയ്യടി നേടുകയും ചെയ്തു.തൊണ്ണൂറ്റി ഒന്നുകാരനായ നാരായണ്‍ഈ പ്രായത്തില്‍ ചവിട്ടി കയറിയത്  മൂവായിരത്തി അഞ്ഞൂറ് അടി ഉയരമുള്ള ലോണാവാല കുന്നു മാത്രമല്ല.റാപ്ലിംഗ് നടത്തി കാണികളുടെ കയ്യടിയും നേടി.ഒപ്പം ലിംക ബുക്ക്‌ ഓഫ് റെകോര്‍ട്സില്‍ സ്വന്തം പേരും.അറുപത്തഞ്ചാം വയസ്സില്‍ പരിശീലനം  തുടങ്ങി ഷൂട്ടിങ്ങില്‍ സ്റ്റേറ്റ് ,ദേശീയ ലെവലില്‍ മെഡലുകള്‍ വാരിക്കൂട്ടിയ യു പി യിലെ ജുഹൈടിഗ്രാമത്തില്‍ നിന്നും എത്തിയ ചന്ദ്ര തോമാറും പര്‍കാഷി തോമാറും പ്രേക്ഷകര്‍ക്ക്‌ അദ്ഭുതമായി.
വാര്‍ധക്യം എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്നും നാം ഓരോരുത്തരും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ടവര്‍  ആണെന്നും ഇന്നും നാം നമ്മുടെ മാതാപിതാക്കളോടെ ചെയ്യുന്നത് നാളെ നമ്മുടെ മക്കളും പലിശ സഹിതം നമുക്ക് മടക്കി തരും എന്ന സത്യം നമ്മെ ഒര്മിപിക്കാന്‍ ഇന്നത്തെ എപിസോഡ് സഹായകമായിട്ടുണ്ടാവും എന്ന് ഞാന്‍ അടിവരയിട്ടു പറയാന്‍ ആഗ്രഹിക്കുന്നു.

Saturday, July 14, 2012

ദരിദ്രന്റെ ചട്ടിയില്‍ കയ്യിട്ടു വാരുന്നവര്‍...!!!

മതാധിഷ്ടിതമായ ഒരു സമൂഹത്തില്‍ മതം വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് തികച്ചു സ്വാഭാവികവും നമുക്ക്  മനസിലാക്കാവുന്നതുമേയുള്ളൂ. .എന്നാല്‍ മതവിശ്വാസികളുടെ സ്വകാര്യ ജീവിതം മതത്തിന്റെ കുത്തകാവകാശമുള്ള കോര്‍പ്പറേറ്റ് ചൂഷകരായ സഭകള്‍  നിയന്ത്രിക്കുന്ന  നിലയിലേയ്ക്ക് വഴുതിപ്പോകുന്നത് തികച്ചും ആശങ്കാജനകമാണ്.വ്യക്തികളുടെ പൊതു ജീവിതം  പലപ്പോഴും ഈ   കോര്‍പറെറ്റുകളുടെ    സ്ഥാപിത താല്പര്യങ്ങള്‍ക്ക് വിധേയമാകേണ്ടി വരാറുണ്ട്.കാരണം മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായ ജനനം,വിവാഹം ,മരണം തുടങ്ങിയ സ്വാഭാവിക പ്രക്രിയകളുമായി ബന്ടപ്പെട്ടു നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നതും പിന്തുടരാന്‍ നിര്‍ബന്ധിതവുമായ ചില  സാമൂഹ്യ ആചാരങ്ങള്‍ അഥവാ അനാചാരങ്ങള്‍ ഈ  കോര്‍പ്പറേറ്റ് ഭീമന്മാരുടെ കുത്തകകയും ആണ്.ഒരു വിധേയ വിശ്വാസിയെ സംബണ്ടിച്ചിടത്തോളം ഇവ ഒഴിവാക്കി ഒരു സാമൂഹ്യ അസ്ത്വിത്വം അവനില്ല. അല്ലെങ്കില്‍ ഈ ചൂഷക വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ അവനു കെല്പില്ല.അതിനപ്പുറം ഒരു ചോദ്യം ചെയ്യലിന് അവന്‍ തുനിഞ്ഞാല്‍ അതുവരെ അവന്‍ ഭാഗമായിരുന്ന സാമൂഹത്തില്‍ നിന്നും  ബഹിഷ്കൃതനാവുക    എന്നതായിരിക്കും ആത്യന്തിക ഫലം.അതുകൊണ്ട് പലപ്പോഴും ചോദ്യം ചെയ്യലുകള്‍ ഉള്ളിലൊതുക്കി നല്ല കുഞ്ഞാടാവാനാണ് അവനു താല്പര്യം.
ഇത് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ ഭീതി ജനിപ്പിക്കുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ,സംഘടിതമായ കോര്‍പ്പറേറ്റ് സ്വാഭാവം നിലനിര്തിപോരുന്ന വിഭാഗങ്ങളില്‍ പ്രത്യേകിച്ചും. ഈ വിഭാഗങ്ങളെ  സംബന്ധിച്ചിടത്തോളം മുന്‍പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങളില്‍ പിടിവീഴും എന്നതിനാല്‍ ജീവിതകാലം മുഴുവന്‍ തന്റെ നിസ്സഹായതയുടെ ഇരയായി തീരാനാണ് അവന്റെ വിധി."മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു,പക്ഷെ എല്ലായിടത്തും അവന്‍ ചങ്ങലകളാല്‍  ബന്ധിതനാണ്  " എന്നാ സിദ്ധാന്തം ശരിവച്ചുകൊണ്ട്  ഒരു  സാധാ   മനുഷ്യന്റെ സാമൂഹ്യ ജീവിതം അപ്പാടെ ഇത്തരം മത സംഘടനകള്‍ ചങ്ങലകളില്‍ ബന്ധിച്ചിരിക്കുന്നു.ശാസനകളുടെയും ഭീഷണിയുടെയും മതബോധന  ക്ലാസുകളില്‍ തുടങ്ങുന്നു ശിശുവായ ഒരു വിശ്വാസിയുടെ തടവറ ജീവിതം. മുലകുടി മാറും  മുന്‍പേ  കുഞ്ഞുങ്ങളെ വേദപടന ക്ലാസില്‍ എത്തിക്കാന്‍ താല്പര്യപ്പെടുന്ന ഈ വിഭാഗം ലക്‌ഷ്യം വെയ്ക്കുന്നത്, അക്ഷരം പഠിച്ചു പുതിയ അറിവുകള്‍ നേടും മുന്‍പേ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി അവരെ തങ്ങളുടെ വഴിയില്‍ തന്നെ നിലനിര്‍ത്തുന്നു എന്ന് ഉറപ്പു വരുത്തുക എന്നതാണ്. ഇവിടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നഷ്ടമാവുന്നത് വിശുദ്ധമായ  അവരുടെ ബാല്യമാണ്.എട്ടും പൊട്ടും തിരിയാത്ത ചോദ്യങ്ങളിലൂടെ  നമ്മളെ രസിപ്പിക്കേണ്ട അവരുടെ ബാല്യം പാപബോധത്തിന്റെയും  നിത്യനരകത്തിന്റെയും ഭീതിതമായ  ഒരു നൂല്പാലത്തിലൂടെയാണ് കടന്നു പോകുന്നത്.തന്റെ ഓരോ നിഷ്കളങ്കമായ ചെയ്തികളെയും പാപബോധത്തിന്റെ ത്രാസില്‍ തൂക്കി നോക്കേണ്ടി വരുന്ന അവന്‍ ശരിതെറ്റുകളെ വേര്‍തിരിച്ച്ചരിയാനാവാതെ കുഴയുകയാണ് .ഇത് കുഞ്ഞുങ്ങളുടെ മാനസികനിലയെ പോലും ബാധിച്ചേക്കാം. അറിവിന്റെ വിശാലമായ ലോകത്തെ ശുദ്ധവായു ശ്വസിക്കേണ്ട  കുഞ്ഞുങ്ങള്‍ ആരൊക്കെയോ കുത്തിചെലുത്തികൊടുക്കുന്ന അന്ധവിശ്വാസങ്ങളുടെയും അറിവില്ലയ്മയുടെയും അപ്പകഷണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.ഇങനെ ഈ മതത്തിന്റെ അഴിയാകുരുക്കില്‍ കുടുങ്ങി പോകുന്ന ഈ  ബാല്യം മുതല്‍  പിന്നീട് അവന്റെ ജീവിത  അന്ത്യത്തോളം ഇതിന്റെ അടിമത്തത്തില്‍ നിന്നും മോചിതനാകാനാവാതെ  വീര്‍പ്പുമുട്ടുന്ന   കാഴ്ചയാണ് നാം കാണുന്നത്.
ഇവിടെ പറയാനുദ്ദേശിക്കുന്നത് ഇന്ന്  ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ വിശ്വാസി ചൂഷണത്തിന്റെ ആഴം കൂടി വരുന്നത് തികഞ്ഞ ആശങ്കയോട് നാം കാണേണ്ടതുണ്ട്. തികച്ചും ലളിതജീവിതവും സേവനതല്പരതയും ഉണ്ടായിരുന്ന പൌരോഹിത്യത്തിന്റെ സ്ഥാനത്തു ലൌകിക ജീവികളും ഭൌതിക ജീവിത തല്‍പരരും ക്രിമിനല്‍ മനസുമുള്ള ആളുകള്‍ എത്തിത്തുടങ്ങിയതോടെ,അജ്ഞരും ചൂഷകവര്‍ഗത്തോട് എതിരിടാന്‍ അശക്തരുമായ വിശ്വാസ വര്‍ഗത്തെ കൊള്ളയടിക്കാനുള്ള പുത്തന്‍ സാമ്പത്തിക ചൂഷണ വിദ്യകള്‍ വേദ പ്രമാണത്തിന്റെ സുന്ദരമായ  പൊതികടലാസിനുള്ളില്‍  പൊതിഞ്ഞു വിശ്വാസികള്‍ക്ക്  എറിഞ്ഞു കൊടുക്കാന്‍ അണിയറയില്‍ തയ്യാറാവുന്നു.ഈ ഭീദിതമായ വാര്‍ത്തയ്ക്കു നേരെ കണ്ണും കാതും അടയ്ക്കാനാവില്ല ഒരു യഥാര്‍ത്ഥ  വിശ്വാസിക്കും."എളിയവനു നിങ്ങള്‍ ചെയ്യുന്നതൊക്കെയും നിങ്ങള്‍ എനിക്ക് ചെയ്യുന്നുവെന്നു" പറഞ്ഞ ക്രിസ്തുവിന്റെ അഭിനവ ശിഷ്യന്മാര്‍ അത്താഴ പട്ടിണിക്കാരനായ വിശ്വാസിയുടെ ഉള്ള വറ്റും കൂടി വടിച്ചു നക്കാന്‍ വരുന്നു എന്നത് ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ജീവിതത്തെ  കൂടുതല്‍    ദയനീയമാക്കും എന്ന് പറയാതെ വയ്യ.ഈ തിന്മയ്ക്കു നേരെ പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിശ്വാസിയെ നിന്റെ വിശ്വാസമെവിടെ ? സാമൂഹ്യ തിന്മകള്‍ക്കു മേല്‍  തന്റെ ചാട്ടവാര്‍ ആഞ്ഞു ചുഴട്ടിയ ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം ?
വിശ്വാസികളില്‍ നിന്നും ദശാംശം പിരിക്കാനുള്ള കത്തോലിക്ക മെത്രാന്‍ വൈതാളിക സംഘത്തിന്റെ തീരുമാനം ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ എന്നാ അവസ്ഥയില്‍ ആയിപോയി എന്ന് പറയാതെ നിവൃത്തിയില്ല.ജീവിത ചിലവുകള്‍ അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ എത്തിയിരിക്കുന്ന ഒരു ദുരവസ്ഥയില്‍  പെട്ടുഴലുന്ന  സാധാരണക്കാരന്റെ  ജീവിതത്തെ കൂടുതല്‍ ദുരിതമയം ആക്കുന്ന ഈ 'ഗുണ്ടാപിരിവു'  അനുവദിച്ചു കൊടുക്കുക ഒരു വിശ്വസിക്കും സാധ്യമാണെന്ന് ഞാന്‍  കരുതുന്നില്ല. ഇത് എതിര്‍ക്കപ്പെടണം.എതിര്‍ക്കപ്പെടണം എന്നല്ല ഇത്തരം തീരുമാനം എടുക്കുന്ന  ക്രിമിനലുകളെ കഴുവേറ്റുകയാണ്  വേണ്ടത്. ഇവിടെ ചൂഷണത്തിന്റെ പ്രശ്നം മാത്രമല്ല ഉദിക്കുന്നത്.ഭരണഘടനാധിഷ്ടിതമായ ജനാതിപത്യ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഭാരതം പോലെയൊരു രാജ്യത്ത്, രാജ്യത്തിനുള്ളില്‍ വേറൊരു ഭരണഘടനാതീതമായ ഒരു വ്യവസ്ഥിതി സൃഷ്ടിക്കാനുള്ള 'ക്രിസ്ത്യന്‍ തീവ്രവാദികളുടെ'(സര്‍ക്കാരുകളെ ന്യൂനപക്ഷം എന്ന തോക്കിന്‍ കുഴലില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഈ പദം അന്വര്‍ത്ഥമെന്നു  ഞാന്‍ കരുതുന്നു) ഈ ശ്രമങ്ങളെ തടയിടെണ്ടത് അത്യാവശ്യമാണ്.ഇപ്പോള്‍ തന്നെ ന്യൂനപക്ഷ ലേബലില്‍ ജനാതിപത്യ സര്‍ക്കാരുകളുടെയും നിയമത്തിന്റെയും നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് ഈ വിഭാഗം.'ദശാംശം' എന്ന ഓമനപേരിട്ടു വിളിക്കുന്ന ഈ ചുങ്കപിരിവ് നമ്മുടെ വരുമാന നികുതി(ഇന്‍കം ടാക്സ്)  തന്നെയാണ് .ഇത് തികച്ചും നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണ്.ഒരു ജനാതിപത്യ സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കല്ലാതെ  ആര്‍ക്കും നികുതി പിരിക്കാന്‍ അവകാശമില്ല. വത്തിക്കാനിലെ പോപ്പിന്റെ സാമന്ത രാജ്യമായി ഭാരതത്തിനുള്ളില്‍ മറ്റൊരു സാമ്രാജ്യം സൃഷ്ടിക്കാനാണ് ഈ തീവ്രവാദികളുടെ ശ്രമം. ഇത് മുളയിലെ നുള്ളിയില്ലെങ്കില്‍ സ്വതവേ ദുര്‍ബലമായ നമ്മുടെ സാമൂഹ്യ,രാഷ്ട്രീയ,നിയമ വ്യവസ്ഥകള്‍ക്ക് പിന്നീടൊരിക്കലും നിയന്ത്രിക്കാനാവാത്ത വിധം ഒരു 'ന്യൂനപക്ഷ അവകാശമായി' ഇതും മാറുന്ന ദുസ്ഥിതിയില്‍  നാം എത്തിച്ചേരും എന്ന് പറയാതെ വയ്യ.

Wednesday, July 11, 2012

വിശ്വാസം!!... അതാണോ എല്ലാം???


ഇന്നൊരു  ശപിക്കപ്പെട്ട ദിവസം ആണെന്ന്‌ തോന്നുന്നു.അല്ലെങ്കില്‍  ഏതു    നേരത്താവും എനിക്ക് ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തോന്നിയത്?? വേണ്ടപ്പെട്ട  ഒരാള്‍ ക്ഷണിച്ചത് കൊണ്ടാണ് ഒഴിവാക്കാനാവാതെ വന്നത് പക്ഷെ അത് പുലിവാലാകുമെന്ന് ഒട്ടും നിനച്ചില്ല്ല .മനുഷ്യനായി ജീവിക്കുന്നുവെന്ന്  മറ്റുള്ളവരെ  ബോധ്യപ്പെടുത്തുക ഇത്ര ബുദ്ധിമുട്ടോ ??
മലയാളിയാണോ ?,പത്തനംതിട്ടകാരനാണോ ?  ആദ്യമായി കാണുന്ന ഒരാളില്‍ നിന്ന് ഇങ്ങനെ ചോദ്യങ്ങള്‍ കേട്ട് അവസാനിക്കനെയെന്നു ഒരു പ്രവാസി എന്നാ നിലയില്‍  എപ്പോഴും ആഗ്രഹിക്കും .കാരണം അതിനപ്പുരത്തെയ്ക്ക് പോയാല്‍ അടുത്ത ചോദ്യം എന്തായിരിക്കും എന്നെനിക്കറിയാം.എന്റെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എന്തെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട  യാതൊരു  ബാധ്യതയും എനിക്കില്ല .അല്ലെങ്കില്‍ തന്നെ ഇത് മറ്റുള്ളവരുടെ വിഷയവുമല്ല എന്നിട്ടും  എന്തുകൊണ്ട് ചിലര്‍ അനാവശ്യമായി ഇത്തരം  ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് എനിക്കറിഞ്ഞു കൂടാ. ഒരു മനുഷ്യന്‍ എന്നതിനപ്പുറം എന്ത് കൊണ്ട് എന്നെ ബ്രാന്‍ഡ്‌ ചെയ്യാന്‍ അല്ലെങ്കില്‍ ഒരു ലേബല്‍ ചാര്‍ത്തിതരാന്‍ മറ്റുള്ളവര്‍ ശ്രമിക്കണം??ഒരു വ്യക്തി എന്നാ നിലയില്‍ എന്നെ അന്ഗീകരിക്കാനാവില്ലേ? എന്റെ മതവിശ്വാസം അല്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസം എന്ത് വിശേഷതയാണ് എനിക്ക് നല്‍കുക? അല്ലെങ്കില്‍ എന്റെ ജാതി എന്നെ എങ്ങനെയാണ് ഉന്നത കുല ജാതനാക്കുന്നത്? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ എന്റെ  മനസിനെ  നൊമ്പരപ്പെടുത്തികൊണ്ടിരിക്കുന്നു .ഒരു നല്ല മനുഷ്യനായി, എല്ലാവരെയും ഒരേ കണ്ണില്‍ കണ്ടു മരിക്കണം എന്നാ എന്റെ ചിന്തകള്‍ക്ക്  എപ്പോഴും   വിലങ്ങു തടിയാവാനാണ് പരിചയപ്പെടുന്ന ഓരോരുത്തരുടെയും ശ്രമം എന്നത് എന്നെ ഭീതിപ്പെടുത്തുന്നു.
ഇന്ന് ഡല്‍ഹിയില്‍ നടന്ന ഒരു മതപരംമായ ഒരു വിശേഷ ചടങ്ങില്‍(പുരോഹിതരെ വാഴിക്കുന്ന ചടങ്ങ് ) പങ്കെടുക്കെണ്ടിവന്നു,ഒഴിവാക്കാനാവത്തതിനാല്‍.പരിപാടിക്ക് ശേഷം ഒരു പ്രായമുള്ള പുരോഹിതന്‍ പരിചയപ്പെടാന്‍ വന്നു.നല്ല കാര്യം.കാരണം ആരുമായും പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും വളരെ താല്പര്യമുള്ള ഒരാള്‍ എന്നാ നിലയില്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല,അത് പുരോഹിതനായാലും,പിച്ച്ചക്കാരനായാലും.സൌഹൃദങ്ങളെ അത്രയേറെ ഇഷ്ട്ടപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍.പക്ഷെ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ സാധാരണ ഞാന്‍ ഇഷ്ട്ടപെടാത്ത  വഴിയിലേക്ക് തിരിഞ്ഞു പോകുന്നത് ഞാന്‍ ഭീതിയോടെ  ആണ് കണ്ടത്.പള്ളിയില്‍ കണ്ടിട്ടില്ലല്ലോ?എന്നാ സ്വാഭാവികമായ ചോദ്യം വന്നു.കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ജന്മം കൊണ്ട്(??) ഞാന്‍ ഉള്‍പെട്ട സമുദായത്തിന്റെ പേര് പറഞ്ഞു.അത് അദ്ദേഹത്തിന്റെ സമുദായം അല്ലാത്തതുകൊണ്ട് ചോദ്യങ്ങള്‍ അവസാനിക്കുമെന്ന് വിചാരിച്ച എനിക്ക് തെറ്റി.എന്റെ ഭാര്യയുടെ സമുദായം അറിയണം.പ്രായമുള്ള ഒരു വ്യക്തിയോട് 'തറുതല' പറയേണ്ട എന്ന്  കരുതിയ ഞാന്‍ ആ ചോദ്യത്തിനും ഉത്തരം നല്‍കി.ഭാര്യ ജനിച്ച (??) സമുദായത്തിന്റെ പേര് സത്യസന്ധമായി പറഞ്ഞു. അവള്‍ മറ്റൊരു (???) സമുദായത്തിലെ അംഗമാണ്. മറുപടി കേട്ടതും അദ്ദേഹം തോക്കെടുത്ത് ആദ്യ വെടി പൊട്ടിച്ചു, എന്റെ ഭാര്യക്ക് നേരെ." അതാണ്‌ കുഴപ്പം(??).ഒരു സ്ഥിരതയില്ലാതെ, ഒരു  അടിസ്ഥാനവുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പോയതിന്റെ കുഴപ്പമാണ്.ശരിയാവില്ല.".വിളറിയ മുഖത്തോടെ നില്‍ക്കുന്ന എന്റെ ഭാര്യയുടെ മുഖം ഞാന്‍ ഭീതിയോടെ ഏറു കണ്ണുകളോടെ നോക്കി.പാവം,എന്നെപ്പോലോരുത്തന്റെ ഭാര്യയാകേണ്ടി വന്ന ആ ദുര്‍ നിമിഷത്തെ മനസുകൊണ്ട് ശപിച്ചിട്ടുണ്ടാവുമോ ആവോ? അസ്ത്രപ്രന്ജയായി നില്‍ക്കുന്ന  ഭാര്യയുടെ മുഖം കണ്ടപ്പോള്‍ സ്വയരക്ഷക്കു വേണ്ടി, ഞാന്‍ എന്റെ, അത്യാവശ്യം മാത്രം ഉപയോഗിക്കുന്ന നാക്ക് പുറത്തെടുക്കാന്‍ തീരുമാനിച്ചു. ആദ്യ  വെടി ആകാശത്തേയ്ക്ക് വെച്ചു."ഞങ്ങളുടെ  അടിസ്ഥാനം ഭൂമിയിലെ സഭയിലല്ല.ആകാശങ്ങളിലിരിക്കുന്ന ദൈവത്തിലാണ്.ഞങ്ങള്‍ നേരിട്ട് ദൈവവുമായി ബന്ധപ്പെടുന്നവര്‍  ആണ്.". അച്ചന്മാര്‍ക്ക് അച്ചാരം  കൊടുക്കാതെ കര്‍ത്താവുമായി നേരിട്ട് ബന്ധമോ? നടക്കത്തില്ല. പള്ളിയും പട്ടകാരനുമില്ലാതെ ഈശ്വരനെ കാണാനാവില്ല എന്ന് പറഞ്ഞു പാപമോചന ചീട്ടു കച്ചവടം നടത്തിയ  പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്ക സഭാപുരോഹിതരെപ്പറ്റി ചരിത്ര ക്ലാസുകളില്‍ പഠിപ്പിച്ചത്  ഒരു നിമിഷം എന്റെ മനസിലൂടെ കടന്നു പോയി.അദ്ദേഹത്തിന്റെ സുന്ദരമായ ആ മുഖം പഴയ ആ സഭയുടെ പ്രേതം കൂടിയത് പോലെ വികൃതമാകുന്നത് ഞാന്‍ കണ്ടു.കൂടുതല്‍ സംസാരം നീണ്ടാല്‍ ഒരു പക്ഷെ സഭയുടെ അടിവേര് വരെ ഞാന്‍ മാന്തും എന്ന ഭീതിയോടെ നില്‍ക്കുന്ന എന്റെ ഭാര്യയുടെ നിര്‍ജീവമായ മുഖം കണ്ടപ്പോള്‍ ആയുധം വച്ചു കീഴടങ്ങിയെക്കാം എന്ന് ഞാന്‍ കരുതി. വിശുദ്ധമായതെന്നു സ്വയം വിശേഷിപിച്ച ഒരു ചടങ്ങ് കഴിഞ്ഞു വിശുദ്ധമായ അല്ത്താരയില്‍ നിന്നും ഇറങ്ങി  വന്ന ഒരു പുരോഹിതനില്‍ നിന്നും ഇതിലേറെ പ്രതീക്ഷിക്കെണ്ടാതില്ലെന്ന എന്റെ മുന്‍വിധികളെ ശരിവച്ചു കൊണ്ട്, ഞങ്ങളെ നന്നാക്കാനുള്ള ചുമതല  ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ സഹോദരിയെ ഏല്‍പ്പിച്ചു അദ്ദേഹം നടന്നു നീങ്ങി. വെടിയും പുകയും പ്രതീക്ഷിച്ചുകൊണ്ട് നിന്ന എന്റെ ഭാര്യയുടെ മുഖത്തു ആശ്വാസത്തിന്റെ ഒരു തേന്മഴ പെയ്യുന്നത് ഞാന്‍ കണ്ടു.
 പുറത്തേയ്ക്ക് നടക്കുമ്പോള്‍ പാവം എന്റെ ഭാര്യയുടെ സംശയങ്ങള്‍ നിലക്കാത്തതായിരുന്നു. നമ്മളെപ്പറ്റി യാതൊന്നും അറിയാത്ത ആദ്യമായി കണ്ട ഒരാള്‍ നമ്മുടെ വിശ്വാസ അടിസ്ഥാനങ്ങളെ എന്തിനിങ്ങനെ മുന്‍വിധിയോടെ സമീപിച്ചു? നമ്മുടെ നിര്‍ദോഷമായ വിശ്വാസങ്ങള്‍ അദ്ദേഹത്തെ എന്തിനു ചൊടിപ്പിക്കണം? പകരം  എന്താണ് അദ്ദേഹം എന്താണ്  നമ്മളില്‍   നിന്നും ആവശ്യപ്പെടുന്നത്? തെരുവുകളില്‍ മുദ്രാവാക്യം  മുഴക്കി സര്‍ക്കാരിനെ തെറി വിളിക്കുന്ന അദ്ദേഹത്തിന്റെ സമുദായത്തിന്റെ ഒരു വിധേയ കുഞ്ഞാടായി  നമ്മളെ   കാണാന്‍ ആഗ്രഹിക്കുന്നോ? ഫ്ലാറ്റ് കച്ചവട തട്ടിപ്പ് നടത്തി കുഞ്ഞാടുകളെ പറ്റിക്കുന്ന  പുരോഹിത വര്‍ഗത്തിന്  നമ്മള്‍   കീ ജയ് വിളിക്കുമെന്ന്  അദ്ദേഹം  കരുതുന്നുവോ? ഒരു സുഖ മരണം പോലും പ്രതീക്ഷിക്കാനവത്തവിധം, നേര്‍ച്ച കോഴികളെ  പോലെ തടവറയില്‍ കഴിയുന്ന കര്‍ത്താവിന്റെ മനവാട്ടിമാര്‍ ജീവിക്കുന്ന ഏതെങ്കിലും ഒരു സഭയെ  നമ്മള്‍  അന്ഗീകരിക്കുമെന്നോ? സ്വവര്‍ഗ ഭോഗിയെന്നു പൊതു സമൂഹം പുച്ചിച്ചു തള്ളിയ മതപുരോഹിത മേധാവികള്‍ ഉള്ള സഭയെ  നമ്മള്‍   പിന്തുടരണമോ ? കര്‍ത്താവിന്റെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ വിശുദ്ധ  വേദപുസ്തകത്തില്‍  അധിഷ്ടിതമാനെന്നു   നമ്മള്‍   ഏറ്റു പറയണമെന്നോ ?നിലക്കാത്ത സംശയങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരികുന്നു,ഒരിക്കലും അവസാനിക്കാത്തതായി....
പരിമിതമായ എന്റെ അറിവില്‍  ബൈബിളിലെ ഏറ്റവും വിശുദ്ധമായ വാക്യം "നിന്റെ അയല്‍ക്കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക" എന്ന ക്രിസ്തു വചനമാണ്. ഒരു പക്ഷെ ശരിയായ  അര്‍ത്ഥത്തില്‍  പിന്തുടര്‍ന്നാല്‍ ഇന്നത്തെ ഈ ലോകക്രമം തന്നെ മാറ്റി മറിക്കാന്‍ പര്യാപ്തമായ ഒന്ന്. തൊട്ടടുത്തു തന്നെ നില്‍ക്കുന്നു "രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് നല്‍കട്ടെ" എന്ന ക്രിസ്തു സുവിശേഷം.സമത്വ സുന്ദരമായ ഒരു ലോകത്തിനു വേണ്ടിയുള്ള ആദ്യ വിശുദ്ധ ചുവടു വയ്പ്. ഇന്ന് ഈ രണ്ടു  വചനങ്ങളും ഒരു തമാശയ്ക്ക് പോലും പുരോഹിതര്‍ ഉരുവിടാറില്ല. അവര്‍ക്ക് പറയാന്‍ ഒന്ന് മാത്രം, "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും " എന്നത്. പാവം വിശ്വാസികള്‍ ഒരിക്കലും തിരിച്ചറിയുന്നില്ല തങ്ങളുടെ വിശ്വാസം ആണ് പുരോഹിത വര്‍ഗത്തിന്റെ വയറ്റി പ്പിഴപ്പെന്നും അതുകൊണ്ടാണ്  അവര്‍ ഒരു മന്ത്രം  പോലെ അത് മാത്രം ഉരുവിടുന്നതെന്നും. പ്രവര്തിയെക്കുരിച്ചു  ഒന്നും പറയാന്‍ പൌരോഹിത്യം തയ്യാറല്ല.'വിശ്വാസമില്ലാത്ത പ്രവര്‍ത്തി നിര്ജീവമാനെന്ന' തലതിരിഞ്ഞു പോയ ഒരു വേദ വാക്യവും അവര്‍ക്ക് കൂട്ടിനുണ്ട്. ആമേന്‍ !!!

ഇപ്പോഴും  എനിക്ക് അവസാനിക്കാത്തതും ഉത്തരം കിട്ടാത്തതുമായ ഒരു സംശയം ബാക്കി ....വിശ്വാസം!!... അതാണോ എല്ലാം???