അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Wednesday, July 11, 2012

വിശ്വാസം!!... അതാണോ എല്ലാം???


ഇന്നൊരു  ശപിക്കപ്പെട്ട ദിവസം ആണെന്ന്‌ തോന്നുന്നു.അല്ലെങ്കില്‍  ഏതു    നേരത്താവും എനിക്ക് ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തോന്നിയത്?? വേണ്ടപ്പെട്ട  ഒരാള്‍ ക്ഷണിച്ചത് കൊണ്ടാണ് ഒഴിവാക്കാനാവാതെ വന്നത് പക്ഷെ അത് പുലിവാലാകുമെന്ന് ഒട്ടും നിനച്ചില്ല്ല .മനുഷ്യനായി ജീവിക്കുന്നുവെന്ന്  മറ്റുള്ളവരെ  ബോധ്യപ്പെടുത്തുക ഇത്ര ബുദ്ധിമുട്ടോ ??
മലയാളിയാണോ ?,പത്തനംതിട്ടകാരനാണോ ?  ആദ്യമായി കാണുന്ന ഒരാളില്‍ നിന്ന് ഇങ്ങനെ ചോദ്യങ്ങള്‍ കേട്ട് അവസാനിക്കനെയെന്നു ഒരു പ്രവാസി എന്നാ നിലയില്‍  എപ്പോഴും ആഗ്രഹിക്കും .കാരണം അതിനപ്പുരത്തെയ്ക്ക് പോയാല്‍ അടുത്ത ചോദ്യം എന്തായിരിക്കും എന്നെനിക്കറിയാം.എന്റെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എന്തെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട  യാതൊരു  ബാധ്യതയും എനിക്കില്ല .അല്ലെങ്കില്‍ തന്നെ ഇത് മറ്റുള്ളവരുടെ വിഷയവുമല്ല എന്നിട്ടും  എന്തുകൊണ്ട് ചിലര്‍ അനാവശ്യമായി ഇത്തരം  ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് എനിക്കറിഞ്ഞു കൂടാ. ഒരു മനുഷ്യന്‍ എന്നതിനപ്പുറം എന്ത് കൊണ്ട് എന്നെ ബ്രാന്‍ഡ്‌ ചെയ്യാന്‍ അല്ലെങ്കില്‍ ഒരു ലേബല്‍ ചാര്‍ത്തിതരാന്‍ മറ്റുള്ളവര്‍ ശ്രമിക്കണം??ഒരു വ്യക്തി എന്നാ നിലയില്‍ എന്നെ അന്ഗീകരിക്കാനാവില്ലേ? എന്റെ മതവിശ്വാസം അല്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസം എന്ത് വിശേഷതയാണ് എനിക്ക് നല്‍കുക? അല്ലെങ്കില്‍ എന്റെ ജാതി എന്നെ എങ്ങനെയാണ് ഉന്നത കുല ജാതനാക്കുന്നത്? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ എന്റെ  മനസിനെ  നൊമ്പരപ്പെടുത്തികൊണ്ടിരിക്കുന്നു .ഒരു നല്ല മനുഷ്യനായി, എല്ലാവരെയും ഒരേ കണ്ണില്‍ കണ്ടു മരിക്കണം എന്നാ എന്റെ ചിന്തകള്‍ക്ക്  എപ്പോഴും   വിലങ്ങു തടിയാവാനാണ് പരിചയപ്പെടുന്ന ഓരോരുത്തരുടെയും ശ്രമം എന്നത് എന്നെ ഭീതിപ്പെടുത്തുന്നു.
ഇന്ന് ഡല്‍ഹിയില്‍ നടന്ന ഒരു മതപരംമായ ഒരു വിശേഷ ചടങ്ങില്‍(പുരോഹിതരെ വാഴിക്കുന്ന ചടങ്ങ് ) പങ്കെടുക്കെണ്ടിവന്നു,ഒഴിവാക്കാനാവത്തതിനാല്‍.പരിപാടിക്ക് ശേഷം ഒരു പ്രായമുള്ള പുരോഹിതന്‍ പരിചയപ്പെടാന്‍ വന്നു.നല്ല കാര്യം.കാരണം ആരുമായും പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും വളരെ താല്പര്യമുള്ള ഒരാള്‍ എന്നാ നിലയില്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല,അത് പുരോഹിതനായാലും,പിച്ച്ചക്കാരനായാലും.സൌഹൃദങ്ങളെ അത്രയേറെ ഇഷ്ട്ടപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍.പക്ഷെ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ സാധാരണ ഞാന്‍ ഇഷ്ട്ടപെടാത്ത  വഴിയിലേക്ക് തിരിഞ്ഞു പോകുന്നത് ഞാന്‍ ഭീതിയോടെ  ആണ് കണ്ടത്.പള്ളിയില്‍ കണ്ടിട്ടില്ലല്ലോ?എന്നാ സ്വാഭാവികമായ ചോദ്യം വന്നു.കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ജന്മം കൊണ്ട്(??) ഞാന്‍ ഉള്‍പെട്ട സമുദായത്തിന്റെ പേര് പറഞ്ഞു.അത് അദ്ദേഹത്തിന്റെ സമുദായം അല്ലാത്തതുകൊണ്ട് ചോദ്യങ്ങള്‍ അവസാനിക്കുമെന്ന് വിചാരിച്ച എനിക്ക് തെറ്റി.എന്റെ ഭാര്യയുടെ സമുദായം അറിയണം.പ്രായമുള്ള ഒരു വ്യക്തിയോട് 'തറുതല' പറയേണ്ട എന്ന്  കരുതിയ ഞാന്‍ ആ ചോദ്യത്തിനും ഉത്തരം നല്‍കി.ഭാര്യ ജനിച്ച (??) സമുദായത്തിന്റെ പേര് സത്യസന്ധമായി പറഞ്ഞു. അവള്‍ മറ്റൊരു (???) സമുദായത്തിലെ അംഗമാണ്. മറുപടി കേട്ടതും അദ്ദേഹം തോക്കെടുത്ത് ആദ്യ വെടി പൊട്ടിച്ചു, എന്റെ ഭാര്യക്ക് നേരെ." അതാണ്‌ കുഴപ്പം(??).ഒരു സ്ഥിരതയില്ലാതെ, ഒരു  അടിസ്ഥാനവുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പോയതിന്റെ കുഴപ്പമാണ്.ശരിയാവില്ല.".വിളറിയ മുഖത്തോടെ നില്‍ക്കുന്ന എന്റെ ഭാര്യയുടെ മുഖം ഞാന്‍ ഭീതിയോടെ ഏറു കണ്ണുകളോടെ നോക്കി.പാവം,എന്നെപ്പോലോരുത്തന്റെ ഭാര്യയാകേണ്ടി വന്ന ആ ദുര്‍ നിമിഷത്തെ മനസുകൊണ്ട് ശപിച്ചിട്ടുണ്ടാവുമോ ആവോ? അസ്ത്രപ്രന്ജയായി നില്‍ക്കുന്ന  ഭാര്യയുടെ മുഖം കണ്ടപ്പോള്‍ സ്വയരക്ഷക്കു വേണ്ടി, ഞാന്‍ എന്റെ, അത്യാവശ്യം മാത്രം ഉപയോഗിക്കുന്ന നാക്ക് പുറത്തെടുക്കാന്‍ തീരുമാനിച്ചു. ആദ്യ  വെടി ആകാശത്തേയ്ക്ക് വെച്ചു."ഞങ്ങളുടെ  അടിസ്ഥാനം ഭൂമിയിലെ സഭയിലല്ല.ആകാശങ്ങളിലിരിക്കുന്ന ദൈവത്തിലാണ്.ഞങ്ങള്‍ നേരിട്ട് ദൈവവുമായി ബന്ധപ്പെടുന്നവര്‍  ആണ്.". അച്ചന്മാര്‍ക്ക് അച്ചാരം  കൊടുക്കാതെ കര്‍ത്താവുമായി നേരിട്ട് ബന്ധമോ? നടക്കത്തില്ല. പള്ളിയും പട്ടകാരനുമില്ലാതെ ഈശ്വരനെ കാണാനാവില്ല എന്ന് പറഞ്ഞു പാപമോചന ചീട്ടു കച്ചവടം നടത്തിയ  പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്ക സഭാപുരോഹിതരെപ്പറ്റി ചരിത്ര ക്ലാസുകളില്‍ പഠിപ്പിച്ചത്  ഒരു നിമിഷം എന്റെ മനസിലൂടെ കടന്നു പോയി.അദ്ദേഹത്തിന്റെ സുന്ദരമായ ആ മുഖം പഴയ ആ സഭയുടെ പ്രേതം കൂടിയത് പോലെ വികൃതമാകുന്നത് ഞാന്‍ കണ്ടു.കൂടുതല്‍ സംസാരം നീണ്ടാല്‍ ഒരു പക്ഷെ സഭയുടെ അടിവേര് വരെ ഞാന്‍ മാന്തും എന്ന ഭീതിയോടെ നില്‍ക്കുന്ന എന്റെ ഭാര്യയുടെ നിര്‍ജീവമായ മുഖം കണ്ടപ്പോള്‍ ആയുധം വച്ചു കീഴടങ്ങിയെക്കാം എന്ന് ഞാന്‍ കരുതി. വിശുദ്ധമായതെന്നു സ്വയം വിശേഷിപിച്ച ഒരു ചടങ്ങ് കഴിഞ്ഞു വിശുദ്ധമായ അല്ത്താരയില്‍ നിന്നും ഇറങ്ങി  വന്ന ഒരു പുരോഹിതനില്‍ നിന്നും ഇതിലേറെ പ്രതീക്ഷിക്കെണ്ടാതില്ലെന്ന എന്റെ മുന്‍വിധികളെ ശരിവച്ചു കൊണ്ട്, ഞങ്ങളെ നന്നാക്കാനുള്ള ചുമതല  ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ സഹോദരിയെ ഏല്‍പ്പിച്ചു അദ്ദേഹം നടന്നു നീങ്ങി. വെടിയും പുകയും പ്രതീക്ഷിച്ചുകൊണ്ട് നിന്ന എന്റെ ഭാര്യയുടെ മുഖത്തു ആശ്വാസത്തിന്റെ ഒരു തേന്മഴ പെയ്യുന്നത് ഞാന്‍ കണ്ടു.
 പുറത്തേയ്ക്ക് നടക്കുമ്പോള്‍ പാവം എന്റെ ഭാര്യയുടെ സംശയങ്ങള്‍ നിലക്കാത്തതായിരുന്നു. നമ്മളെപ്പറ്റി യാതൊന്നും അറിയാത്ത ആദ്യമായി കണ്ട ഒരാള്‍ നമ്മുടെ വിശ്വാസ അടിസ്ഥാനങ്ങളെ എന്തിനിങ്ങനെ മുന്‍വിധിയോടെ സമീപിച്ചു? നമ്മുടെ നിര്‍ദോഷമായ വിശ്വാസങ്ങള്‍ അദ്ദേഹത്തെ എന്തിനു ചൊടിപ്പിക്കണം? പകരം  എന്താണ് അദ്ദേഹം എന്താണ്  നമ്മളില്‍   നിന്നും ആവശ്യപ്പെടുന്നത്? തെരുവുകളില്‍ മുദ്രാവാക്യം  മുഴക്കി സര്‍ക്കാരിനെ തെറി വിളിക്കുന്ന അദ്ദേഹത്തിന്റെ സമുദായത്തിന്റെ ഒരു വിധേയ കുഞ്ഞാടായി  നമ്മളെ   കാണാന്‍ ആഗ്രഹിക്കുന്നോ? ഫ്ലാറ്റ് കച്ചവട തട്ടിപ്പ് നടത്തി കുഞ്ഞാടുകളെ പറ്റിക്കുന്ന  പുരോഹിത വര്‍ഗത്തിന്  നമ്മള്‍   കീ ജയ് വിളിക്കുമെന്ന്  അദ്ദേഹം  കരുതുന്നുവോ? ഒരു സുഖ മരണം പോലും പ്രതീക്ഷിക്കാനവത്തവിധം, നേര്‍ച്ച കോഴികളെ  പോലെ തടവറയില്‍ കഴിയുന്ന കര്‍ത്താവിന്റെ മനവാട്ടിമാര്‍ ജീവിക്കുന്ന ഏതെങ്കിലും ഒരു സഭയെ  നമ്മള്‍  അന്ഗീകരിക്കുമെന്നോ? സ്വവര്‍ഗ ഭോഗിയെന്നു പൊതു സമൂഹം പുച്ചിച്ചു തള്ളിയ മതപുരോഹിത മേധാവികള്‍ ഉള്ള സഭയെ  നമ്മള്‍   പിന്തുടരണമോ ? കര്‍ത്താവിന്റെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ വിശുദ്ധ  വേദപുസ്തകത്തില്‍  അധിഷ്ടിതമാനെന്നു   നമ്മള്‍   ഏറ്റു പറയണമെന്നോ ?നിലക്കാത്ത സംശയങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരികുന്നു,ഒരിക്കലും അവസാനിക്കാത്തതായി....
പരിമിതമായ എന്റെ അറിവില്‍  ബൈബിളിലെ ഏറ്റവും വിശുദ്ധമായ വാക്യം "നിന്റെ അയല്‍ക്കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക" എന്ന ക്രിസ്തു വചനമാണ്. ഒരു പക്ഷെ ശരിയായ  അര്‍ത്ഥത്തില്‍  പിന്തുടര്‍ന്നാല്‍ ഇന്നത്തെ ഈ ലോകക്രമം തന്നെ മാറ്റി മറിക്കാന്‍ പര്യാപ്തമായ ഒന്ന്. തൊട്ടടുത്തു തന്നെ നില്‍ക്കുന്നു "രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് നല്‍കട്ടെ" എന്ന ക്രിസ്തു സുവിശേഷം.സമത്വ സുന്ദരമായ ഒരു ലോകത്തിനു വേണ്ടിയുള്ള ആദ്യ വിശുദ്ധ ചുവടു വയ്പ്. ഇന്ന് ഈ രണ്ടു  വചനങ്ങളും ഒരു തമാശയ്ക്ക് പോലും പുരോഹിതര്‍ ഉരുവിടാറില്ല. അവര്‍ക്ക് പറയാന്‍ ഒന്ന് മാത്രം, "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും " എന്നത്. പാവം വിശ്വാസികള്‍ ഒരിക്കലും തിരിച്ചറിയുന്നില്ല തങ്ങളുടെ വിശ്വാസം ആണ് പുരോഹിത വര്‍ഗത്തിന്റെ വയറ്റി പ്പിഴപ്പെന്നും അതുകൊണ്ടാണ്  അവര്‍ ഒരു മന്ത്രം  പോലെ അത് മാത്രം ഉരുവിടുന്നതെന്നും. പ്രവര്തിയെക്കുരിച്ചു  ഒന്നും പറയാന്‍ പൌരോഹിത്യം തയ്യാറല്ല.'വിശ്വാസമില്ലാത്ത പ്രവര്‍ത്തി നിര്ജീവമാനെന്ന' തലതിരിഞ്ഞു പോയ ഒരു വേദ വാക്യവും അവര്‍ക്ക് കൂട്ടിനുണ്ട്. ആമേന്‍ !!!

ഇപ്പോഴും  എനിക്ക് അവസാനിക്കാത്തതും ഉത്തരം കിട്ടാത്തതുമായ ഒരു സംശയം ബാക്കി ....വിശ്വാസം!!... അതാണോ എല്ലാം???



1 comment:

ajith said...

പള്ളി വേറെ പട്ടക്കാരന്‍ വേറെ
ബൈബിള്‍ വേറെ സഭ വേറെ

രൂപ
അതി രൂപ താ