അങ്ങനെ ദശലക്ഷക്കണക്കിനു ഭക്തരുടെ ഭക്തിയെ ചൂഷണം ചെയ്യുകയും കാശ് കൊള്ളയടിക്കുകയും ചെയ്ത ഒരു അദ്ഭുത പ്രതിഭാസം അകാല ചരമത്തിലേക്ക്!
മകരവിളക്ക് എന്നത് ഒരു ദൈവിക പ്രതിഭാസമോ വിശ്വാസ പ്രതീകമോ ഒന്നുമല്ലെന്നും പകരം ചൂഷണത്തിനായി ഏതോ കുബുദ്ധികളുടെ തലച്ചോറില്‍ ഉദിച്ച ഒരു ദിവ്യ ജ്യോതി മാത്രമാണെന്നും തുറന്നു സമ്മതിക്കാന്‍ നാം എന്തേ ഇത്ര വൈകി?നമ്മുടെ മനസ്സില്‍ വേരുപിടിച്ച പോയ ഒരു അന്ധ വിശ്വാസത്തെ പറിച്ചെറിയാന്‍ തക്കവണ്ണം നമ്മുടെ മനസുകള്‍ വളര്‍ച്ച പ്രാപിക്കാത്തത് കൊണ്ടോ? കാര്യ കാരണ സിദ്ധാന്തത്തിനു ആത്മീയതയുടെ,ഭക്തിയുടെ പുറം മോടിയില്ലാത്തതുകൊണ്ടോ?
നൂറിലധികം ജീവനുകള്‍ കുരുതി കൊടുക്കേണ്ടി വന്നു പതിറ്റാണ്ടുകളായി നാം തൊണ്ട തൊടാതെ വിഴുങ്ങിയിരുന്ന
ഒരു ആന മണ്ടത്തരം തിരിച്ചറിയാന്‍ .ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ യുക്തിവാദികളും സാമാന്യ ബോധം ഉള്ളവരും ഒരേ സ്വരത്തില്‍ പറഞ്ഞ ഈ സത്യം തിരിച്ചറിയാന്‍ അല്ലെങ്കില്‍ തുറന്നു സമ്മതിക്കാന്‍ നമുക്ക് കാല്‍ നൂറ്റാണ്ടും കുറെ ജീവനുകളും നഷ്ടപ്പെടുത്തേണ്ടി വന്നു.സാരമില്ല.ഭൂമി ഉരുണ്ടതാണെന്ന് തുറന്നു സമ്മതിക്കാന്‍ എത്ര നൂറ്റാണ്ടുകള്‍ നാം കത്തോലിക്കാ സഭയ്ക്ക് അനുവദിച്ചു കൊടുത്തു.ആരും സമ്മതിച്ചു തന്നില്ലെങ്കിലും സത്യം എന്നും സത്യമായിതന്നെ നിലനില്‍ക്കും.അതാര്‍ക്കും ഒളിച്ചു വെയ്ക്കാനാവില്ല. പക്ഷെ പല തലമുറകളെ ചതിച്ചതിന്റെയും പറ്റിച്ചതിന്റെയും പാപഭാരം നാം ഏതു ഗംഗയില്‍ കഴുകികളയും? ഈ അസത്യത്തില്‍ നിന്ന് നമ്മളെ സത്യത്തിലേക്ക് നയിക്കാനായി സ്വയം യാഗമായി തീര്‍ന്ന നൂറു കണക്കിന് ജീവനുകളുടെ ശാപത്തില്‍ നിന്നും ഈ തലമുറയെ ആര് രക്ഷിക്കും?
അജ്ഞതയുടെ ഇരുട്ടില്‍ നിന്നും സ്വബോധത്തിന്റെ വെളിച്ചത്തിലേക്ക് നമ്മെ വഴിനടത്താന്‍ കുരുതി കൊടുക്കപ്പെട്ട ആ നിഷ്കളങ്ക ആത്മാക്കളോട് നമുക്ക് മാപ്പ് ചോദിക്കാം!
ഒരു ജനതയെ അപ്പാടെ അറിവില്ലായ്മയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ സൂര്യ തേജസ്സിലേക്ക് വഴി നടത്തിയവരായി ഈ ആത്മാക്കളെ കാലം വാഴ്ത്തട്ടെ!
എന്നോ മരിച്ചു പോയ അല്ലെങ്കില്‍ നാം തമസ്കരിച്ചു മൃത്യുവിലേക്ക് വലിച്ചെറിഞ്ഞ സൂര്യ,ചന്ദ്ര,വായു ഭഗവാന്മാരുടെ ഗണത്തിലേക്ക് ഈ അദ്ഭുത പ്രതിഭാസവും വീണണഞ്ഞു പോവട്ടെ! പകരം മനുഷ്യ മനസുകളില്‍ നന്മയുടെയും കരുണയുടെയും സൂര്യ കിരണങ്ങള്‍ ഉദിക്കട്ടെ! കര്‍മ്മത്തില്‍ സ്നേഹത്തിന്റെ ചാന്ദ്ര നിലാവ് പൂത്തിറങ്ങട്ടെ! മതങ്ങളും വിശ്വാസങ്ങളും കനിവിന്റെ,കാരുണ്യത്തിന്റെ സുഗന്ധം പരത്തുന്ന കുളിര്‍ തെന്നല്‍ ആവട്ടെ!
അടുത്ത വര്‍ഷവും മകരവിളക്ക് പൊന്നമ്പലമേട്ടില്‍ തെളിയും.സംശയമില്ല .പക്ഷെ,അയ്യപ്പന്‍റെ അദ്ഭുത വിളക്ക് എന്ന നിലയില്‍ അല്ല എന്ന് മാത്രം.കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ ഇലക്‌ട്രിസിടി ബോര്‍ഡും വനം വകുപ്പും പോലീസും ചേര്‍ന്ന് കത്തിക്കുന്ന കര്‍പ്പൂരാഴി എന്ന നിലയില്‍ മാത്രം! പക്ഷെ ഭക്തി ടുറിസം എന്ന ലേബലില്‍ വികസിപ്പിക്കുന്ന ഈ വ്യവസായം, അവശേഷിക്കുന്ന നിത്യ ഹരിത വനമേഖലയായ പൊന്നമ്പലമേട്ടിലും പമ്പയുടെ പ്രഭവ സ്ഥാനത്തും വരുത്തുന്ന മുറിപ്പാടുകള്‍ ഉണക്കാന്‍ ഒരു നൂറു ജീവനുകള്‍ പര്യാപ്തമാവില്ല. പ്രകൃതിയുടെ പകവീട്ടലിനായി ഒരു തലമുറയെതന്നെ നാം കുരുതി കൊടുക്കേണ്ടി വന്നേക്കാം ! പല തലമുറകള്‍ക്കായി പ്രകൃതി കാത്തു സൂക്ഷിക്കുന്ന ഈ സമ്പത്ത് കൊള്ളയടിക്കുന്ന ഈ ആസുര ജന്മങ്ങളുടെ പേരില്‍ നമുക്ക് അടുത്ത തലമുറകളോട് ഇപ്പോഴേ മാപ്പ് ചോദിക്കാം!
ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല.അടുത്ത തലമുറയുടെ ശാപം ഞങ്ങളുടെ മക്കളുടെ മേലും അവരുടെ മക്കളുടെ മേലും വരാതിരിക്കട്ടെ!
2 comments:
സുഹൃത്തേ, പ്രസക്തവും കുറിക്കു കൊള്ളുന്നതും തന്നെ ആയിരുന്നു നിങ്ങളുടെ പോസ്റ്റ്
സുഹൃത്തേ,വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!
Post a Comment