അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Thursday, February 24, 2011

ചെറിയ ലോകവും വലിയ മനുഷ്യരും!


വൃക്കയേക്കാള്‍ വലിയ ഹൃദയമാണ് തന്‍േറതെന്ന് കാട്ടിക്കൊടുത്തുകൊണ്ട് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തലവന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 'വൃക്കബാങ്കി'ന്റെ ആദ്യ കണ്ണിയായി. ലേക് ഷോര്‍ ആസ്​പത്രിയില്‍ ബുധനാഴ്ച ആറുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കൊച്ചൗസേഫിന്റെ വൃക്ക ഈരാറ്റുപേട്ട സ്വദേശി ജോയിയില്‍ വിജയകരമായി ചേര്‍ന്നു. 

സ്വന്തം വൃക്ക പകുത്തുനല്‍കിയ ഫാ. ഡേവിസ് ചിറമ്മേല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വൃക്കബാങ്കില്‍ അംഗമായിക്കൊണ്ട് ലോകത്തിന് മാതൃക കാട്ടുകയായിരുന്നു 'ഞങ്ങള്‍ കാക്കുന്നു'(വി ഗാര്‍ഡ്) എന്ന സന്ദേശമുയര്‍ത്തിയ വ്യവസായി. ഇതോടെ കൊച്ചൗസേഫ് കാത്തത് നാലു ജീവിതങ്ങളെയാണ്. ഇദ്ദേഹത്തിന്റെ വൃക്ക ഏറ്റുവാങ്ങിയ ജോയിയുടെ ഭാര്യ ജോളി ഇനി തൃശ്ശൂര്‍ സ്വദേശി ഷംസുദ്ദീന് വൃക്ക നല്‍കും. അവിടെനിന്ന് തൃശ്ശൂരുതന്നെയുള്ള രണ്ടുയുവാക്കളിലേക്ക് കണ്ണിനീളും. ഷംസുദ്ദീന്റെ ഭാര്യ സൈനബയുടെ ദാനം ജോണിനും ജോണിന്റെ അമ്മ ജസ്സിയുടേത് ബിജുവിനുമാണ്. അങ്ങനെ ലോകത്ത് ആദ്യമായി വൃക്കബാങ്ക് യാഥാര്‍ഥ്യമാകുന്നു. 



വൃക്കദാനത്തിനായി ചൊവ്വാഴ്ചയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ലേക് ഷോര്‍ ആസ്​പത്രിയില്‍ അഡ്മിറ്റായത്. ജോയിയെ നേരത്തേതന്നെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. സര്‍ജന്‍ ഡോ.ജോര്‍ജ്.പി.എബ്രഹാം, നെഫ്രോളജിസ്റ്റ് ഡോ.അബി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് നാലിനാണ് അവസാനിച്ചത്. രണ്ടുപേരുടേയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോ.ജോര്‍ജ്.പി.എബ്രഹാം പറഞ്ഞു. കൊച്ചൗസേഫിന്റെ ഭാര്യ ഷീല മക്കളായ അരുണ്‍,മിഥുന്‍ എന്നിവര്‍ പ്രാര്‍ഥനകളോടെ ആസ്​പത്രിയിലുണ്ടായിരുന്നു. ശസ്ത്രക്രിയക്കുശേഷം കൊച്ചൗസേഫിനേയും ജോയിയേയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. നാലുദിവസത്തിനുള്ളില്‍ കൊച്ചൗസേഫിന് ആസ്​പത്രി വിടാനാകും. ജോയിക്ക് കുറച്ചുദിവസം കൂടി ആസ്​പത്രിയില്‍ കഴിയേണ്ടി വരും. 

രണ്ടുവര്‍ഷം മുമ്പ് ഒരു ബന്ധുവിനുവേണ്ടി വൃക്കതേടി അലഞ്ഞതിന്റെ വേദനയാണ് കൊച്ചൗസേഫിനെ വൃക്കദാനത്തിലേക്ക് നയിച്ചത്. ''വ്യക്തിക്കല്ല,സമൂഹത്തിനാണ് ഞാന്‍ വൃക്ക നല്‍കിയത്''-ഇതായിരുന്നു വൃക്കദാനത്തെക്കുറിച്ചുള്ള കൊച്ചൗസേഫിന്റെ വാക്കുകള്‍.

(കടപ്പാട്:മാതൃഭൂമി)



ഈ നന്മയെ നാം എന്ത് പേര് വിളിക്കും?
 സ്നേഹവും മനുഷ്യത്വവും നഷ്ടമായി എന്ന് നാം വിലപിക്കുമ്പോഴും, ഇരുളില്‍ ഒരു കൈത്തിരി വെട്ടം പോലെ, ഉള്ളില്‍ നന്മയുടെ ഉറവു കാത്തുസൂക്ഷിക്കുന്നവര്‍ നമുക്ക് മുന്‍പില്‍  പ്രതീക്ഷയുടെ ഒരു തുരുത്തായി നില്‍ക്കുന്നു.ശത കോടികളുടെ അധിപനായിരിക്കുമ്പോഴും ഒരു സാധാരണകാരന്റെ മനസ്സു കാത്തുസൂക്ഷിക്കാനും പ്രവര്‍ത്തിയില്‍ അസാധാരണത്വം കാട്ടാനും  കഴിയുന്ന ഈ വലിയ മനസ്സിന് ഈയുള്ളവന്റെ നമോവാകം!
നന്മകള്‍ മരിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തിയതിനും   പങ്കുവെക്കലിനു പുതിയ വ്യാകരണം ചമച്ചതിനും നന്ദി ! ഈ പുത്തന്‍ മാതൃക നന്മകള്‍ നഷ്ട്ടപെട്ട ഈ തലമുറയ്ക്ക് പുതിയ ദര്‍ശനം നല്‍കട്ടെ! ശരീരം പകുത്തു നല്‍കാന്‍ കാണിച്ച സ്നേഹത്തിന്റെ ,ധീരതയുടെ ഈ ഉദാത്തത  ലോകം വാഴ്ത്തട്ടെ!

നന്മയുടെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കാന്‍ താങ്കള്‍ക്കു ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു!

No comments: