കഴിഞ്ഞു പോയ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം ഒരു പരിധി വരെ സി പി എം ന്റെ ധാര്‍ഷ്ട്യത്തിനും പലപ്പോഴും അവര്‍ സ്വീകരിച്ച ജനവിരുദ്ധ നടപടികള്‍ക്കും എതിരെയുള്ളതായിരുന്നു.എതിരാളികളെ കായബലം കൊണ്ട് നേരിടാനും,അധികാരത്തിന്റെ ഹുങ്കില്‍ എതിര്‍പ്പിന്റെ സ്വരങ്ങളെ ഉന്മൂലനം ചെയ്യാനുമുള്ള പ്രവണത അവരുടെ താഴെ ഘടകങ്ങള്‍ മുതല്‍ മുകള്‍ തട്ട് വരെ ഒന്ന് പോലെ ദൃശ്യമായിരുന്നു.അസഹിഷ്ണുത സി പി എം ന്റെ മുഖമുദ്രയായി മാറി.വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ ജയരാജന്മാരുടെ ഗീര്‍വാണങ്ങളും സാധാരണക്കാര്‍ മുതല്‍ കോടതികള്‍ക്ക് വരെ നേരെയുള്ള അട്ടഹാസങ്ങളും ജനമധ്യത്തില്‍ പാര്ട്ടിക്കുണ്ടാക്കിയ കോട്ടം ചെറുതല്ല. പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരങ്ങളെ പോലും മാനിക്കാന്‍ പാര്‍ട്ടി തയ്യാറാവാതിരുന്നത് നാം ഷോര്‍ന്നൂരും ഒഞ്ചി യത്തും കണ്ടതാണ്.കാല്കീഴിലെ മണ്ണ് ഒഴുകിപോകുമ്പോഴും നേതാക്കളുടെ ധാര്‍ഷ്ട്യത്തിനു മാത്രം ഒരു കുറവും ഉണ്ടായില്ല.അതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ ദൃശ്യമായിരുന്നു.
എന്നാല്‍ മറുവശത്തോ യാതൊരു സിദ്ധാന്തങ്ങളുടെയോ ആശയങ്ങളുടെയോ പിന്ബലമില്ലാത്തതും, ഇടതുമുന്നണി സ്വയകൃതാനര്‍ത്ഥം കൊണ്ട് പരാജയപ്പെടുമ്പോള്‍ അധികാരത്തില്‍ എത്താന്‍ കാത്തിരിക്കുന്ന യു ഡി എഫ് എന്ന,അടിസ്ഥാന വര്‍ഗ പിന്തുണയില്ലാത്ത ജാതി മത കോമരങ്ങളുടെ കൂട്ടുമുന്നണി .ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷത്തിലെ ന്യൂനപക്ഷ ജാതി സംഘടനകളെ കൂട്ട് പിടിച്ചും അധികാരത്തിനായി കേരളത്തിലെ ഭൂരിപക്ഷ സാധാരണക്കാരെ മതന്യൂന പക്ഷങ്ങളുടെ നുകത്തിന്‍ കീഴില്‍ കെട്ടാനും കോപ്പ് കൂട്ടുന്ന വൃത്തികെട്ട ആള്‍ക്കൂട്ടമായി യു ഡി എഫ് മാറുന്ന കാഴ്ചയാണ് നാം കണ്ടത്.
അടിസ്ഥാന വോട്ടുകളുള്ള സി പി എം പോലെ ഒരു പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ വേണ്ടി, പുല്ലു വിലയില്ലാത്ത ഇടയലേഖനം എന്ന വാറോലയുമായി മെത്രാന്‍പരിഷകള്‍ തെരുവില്‍ ഇറങ്ങുന്ന വൃത്തികെട്ട കാഴ്ചയ്ക്ക് പോലും സാംസ്കാരിക കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നു.സ്വാമി വിവേകാനന്ദന്റെ 'കേരളം ഒരു ഭ്രാന്താലയം' എന്ന പരാമര്‍ശം യാഥാര്‍ത്ഥ്യം ആകുന്നതിനും നാം മൂകസക്ഷികള്‍ ആകേണ്ടി വേരുമോയെന്ന സാഹചര്യത്തിലാണ് നാം തെരുഞ്ഞെടുപ്പിനെ നേരിട്ടത്.കുഞ്ഞാടുകളെ ഇറക്കി കുളം കലക്കി മീന്‍ പിടിക്കാമെന്ന് കരുതിയ മുട്ടനാടുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ മൂക്കുകയറിട്ടു.പ്രവചനങ്ങളെയും എല്ലാ വാറോലകളെയും വലിച്ചെറിഞ്ഞു ചില ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍,ഈ വലിയ പരാജയത്തിനിടയിലും സി പി എം നേട്ടമുണ്ടാക്കി. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നൊട്ടി നുണഞ്ഞു മാത്രം ജീവിക്കാന്‍ ശീലിച്ചുപോയ,ജനങ്ങളുമായി യാതൊരു ബന്ദ്ധവുമില്ലാത്ത പാതിരികോലങ്ങള്‍ അപ്പോഴും എട്ടുകാലി മംമൂഞ്ഞിനെപ്പോലെ അതും ഞമ്മളാണ് എന്നും പറഞ്ഞു ഉറഞ്ഞു തുള്ളി.മച്ചിലിരിക്കുന്ന പല്ലിയെപ്പോലെ ഉത്തരം താങ്ങുന്നത് തങ്ങളാണെന്ന് വിചാരിച്ചു യു ഡി എഫിന്റെ മച്ചിന്മേല്‍ ഞെളിഞ്ഞിരിക്കയാണ് ന്യൂന പക്ഷാവകാശങ്ങളുടെ മൊത്തകച്ചവടക്കാര്‍.
മത ന്യൂന പക്ഷങ്ങളുടെയും ഭൂരിപക്ഷ വര്‍ഗീയതടെയും രാഷ്ട്രീയ കച്ചവടം കേരള രാഷ്ട്രീയത്തിന്റെ ഭാവിയെപ്പറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ആശങ്കയോട് കൂടി മാത്രമേ കാണാനാവൂ.മുളയിലെ നുള്ളേണ്ട ഈ വിപത്തുകള്‍ക്ക് നേരെയുള്ള സാമാന്യ ജനത്തിന്റെ നിസംഗതയ്ക്കു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും!
മതാതിപത്യ രാഷ്ട്രീയ കേരളത്തിന്റെ നേര്‍ ചിത്രം ഇവിടെ കാണാം.
No comments:
Post a Comment