അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Sunday, July 15, 2012

ഈ വാര്‍ധക്യങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ!!

(ഈ ലേഖനം മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചിരുന്നു..വായിക്കൂ..http://www.marunadanmalayalee.com/Satyamev%20Jayate-73316.html  )
ദൃശ്യാ മാധ്യമ ചരിത്രത്തില്‍  ഒരു പുത്തന്‍ വിജയ ചരിത്രമെഴുതി മുന്നേറുകയാണ് അമീര്‍ഖാന്റെ 'സത്യമേവ ജയതേ' .മുന്‍ എപിസോഡുകള്‍ പോലെ തന്നെ സമകാലിക പ്രാധാന്യമുള്ള ഒരു വിഷയവുമായി,അതും ഒട്ടും  തന്നെ വിഷയത്തിന്റെ ചൂരും ചൂടും നഷ്ടപ്പെടാതെ വര്‍ത്തമാന കാല യാഥാര്‍ത്യങ്ങള്‍ തനിമയോടെ വരച്ചു കാട്ടുന്നതില്‍ ഈ  എപിസോഡും വിജയിച്ചു എന്ന്  പറയേണ്ടിയിരിക്കുന്നു. വാര്‍ധക്യം എന്നത് രണ്ടാം ബാല്യം ആണെന്ന് പറയാറുണ്ട്‌.എന്നാല്‍ രണ്ടാം ബാല്യം ശുഭാചിന്തകാലോ പ്രതീക്ഷകാലോ ഇല്ലാത്ത നിരാശയുടെയും വേദനയുടെയും  പീഡന കാലമായി  മാറുന്നതാണ് നാം ഇന്ന് കണ്ടു വരുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരുടെ വേദനകളും അനുഭവങ്ങളും തുറന്നു കാട്ടുന്നതോടൊപ്പം വാര്‍ധക്യം എങ്ങനെ പ്രത്യാശയുടെ സുവര്‍ണ്ണ തീരം  ആക്കി   മാറ്റാം എന്നാ കാര്യത്തില്‍ ഒരു വഴികാട്ടി കൂടി ആകുന്നതായിരുന്നു ഇന്നത്തെ എപിസോഡ്.വാര്‍ധക്യത്തില്‍ വിജയ സോപാനത്തില്‍  കയറിയവരുടെ അനുഭവങ്ങളും കഥകളും വാര്‍ധക്യത്തില്‍  ആയിരിക്കുന്നവര്‍ക്ക് പ്രചോദനം ആകുന്നതോടൊപ്പം യുവതലമുറയുടെ കണ്ണ്  തുറപ്പിക്കുന്നതുമായിരുന്നു  .വാര്‍ധക്യം എന്നത് ഒരു ശാരീരിക അവസ്ഥ  മാത്രമാണെന്നും  നിശ്ചയ  ദാര്‍ട്യവും  തളരാത്ത ഒരു മനസ്സുമുന്ടെങ്കില്‍ തങ്ങള്‍  യുവാക്കളേക്കാള്‍  ശക്തരാനെന്നും പലരുടെയും ജീവിതം തെളിയിച്ചു.
പതിവുപോലെ ഇന്ത്യന്‍ സാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളായിരുന്നു  ആദ്യ ഭാഗത്ത് വരച്ചു കാണിച്ചത്.വാര്‍ധക്യം  എന്ന   അവസ്ഥയെ മനുഷ്യന്‍ എങ്ങനെ ക്രൂരമായി നേരിടുന്നു എന്നതിന്റെ നേര്കാഴ്ചയുമായി 'ഡെക്കാന്‍ ക്രോനിക്കി'ളിലെ പ്രമീള കൃഷ്ണന്‍ എത്തിയപ്പോള്‍ കാഴ്ച്ചക്കരോടൊപ്പം അവതാരകനായ അമീര്‍ ഖാനും നിറകണ്ണുകളോടെയാണ്   ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെ കേട്ടത്.സംഭവം നടക്കുന്നത് തമിഴ്നാട്ടിലെ വിരുദുനഗര്‍ എന്നാ ഗ്രാമത്തിലാണ്.അവിടുത്തെ ജനങ്ങള്‍ വാര്‍ധക്യം ഒഴിവാക്കാന്‍ ചെയ്യുന്ന കൃത്യം ഒരു പക്ഷെ മനുഷ്യ മനസാക്ഷിയെ പ്പോലും ഞെട്ടിക്കുന്നതായിരുന്നു.പ്രമീള നേരിട്ട് ആ ഗ്രാമം സന്ദര്‍ശിക്കുകയും ഈ വിഷയത്തില്‍ പഠനം നടത്തുകയും ചെയ്തു.അവിടെ വാര്ധക്യത്തിലെത്തിയവേരെയും സുഖപ്പെടുത്താനാവാത്ത രോഗം ബാധിച്ചവരെയും 'തലൈ കൂത്തല്‍" എന്നാ ഒരു ചടങ്ങിലൂടെ പരലോകത്തെത്തിക്കുന്ന ഒരു പ്രത്യേക പരിപാടി അരങ്ങേറുന്നുണ്ട്.   തലൈ കൂത്തല്‍ എന്ന് വച്ചാല്‍ തലയില്‍ കൂടെ വെള്ളം ഒഴിക്കുക  എന്ന് അര്‍ഥം.കിടപ്പിലായിരിക്കുന്നവരെ തലയില്‍ കൂടി വെള്ളമൊഴിച്ചു കൊള്ളുക ആണത്രേ ചെയ്യുന്നത്.ഇതിനായി കരിക്കിന്‍ വെള്ളവും ഉപയോഗിക്കരുണ്ടാത്രേ.അസുഖം ബാധിച്ചു  കിടപ്പിലായിരിക്കുന്നവര്‍ ഈ വെള്ളം തലയിലൂടെ ഒഴിക്കുന്നതിന്റെ ഭാഗമായി ന്യൂമോണിയ ബാധിച്ചു മരിക്കുകയാണത്രെ  പതിവ്.ഇത് അവിടെ ഒരു  സാമൂഹ്യ   ആചാരമാണ്.ആര് എപ്പോള്‍ മരിക്കണമെന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ചു തീരുമാനിക്കുകയും കൃത്യം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.പലരും തങ്ങളുടെ അച്ഛനമ്മമാരെ തലൈ കൂത്തല്‍  നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു .നാട്ടുകാരില്‍ പലരും ഈ സംഭവം അവിടെ പതിവാണെന്ന് തുറന്നു പറഞ്ഞു. ഇപ്പോള്‍   വിഷം കുത്തി വയ്ക്കുന്ന  പരിപാടിയും ഉണ്ടെന്നു പറഞ്ഞു.അതിനായി ഡോക്ടര്‍മാരും വ്യാജ ഡോക്ടര്‍മാരും അവിടെ ഉണ്ട്. തന്റെ മുത്തച്ഛനെ കൊല്ലാനെന്ന വ്യാജേന ഒരു ഡോക്ടറെ സമീപിച്ച സംഭവവും പ്രമീള  പങ്കു  വെച്ചു.പണ്ട് അവിടെ പ്രായമുള്ളവരെ ജീവനോടെ മണ്ണിനുള്ളില്‍  മൂടുകയായിരുന്നു പതിവെന്ന് ചിലര്‍ തുറന്നു  പറഞ്ഞു.
      തങ്ങളുടെ യൌവ്വനം തങ്ങളുടെ മക്കളെ നന്നായി വളര്‍ത്താനായി കുരുതി  കൊടുത്തു വാര്‍ധക്യത്തില്‍ വീട്ടിനു പുറത്താവേണ്ടി വന്ന അച്ഛനമ്മമാരുടെ  കദന  കഥകള്‍ തീര്‍ച്ചയായും  ഹൃദയസ്പര്ഷിയും നൊമ്പരപ്പെടുത്തുന്നതുമായിരുന്നു.കൃഷ്ണ ദാവേര്‍,കുസും ഭോസ്ല എന്നീ  അമ്മമാര്‍ താങ്ങും തണലുമാവേണ്ട മക്കള്‍  തങ്ങളെ  വീട്ടിനു പുറത്താക്കിയ കഥ പങ്കുവെച്ചു.കഷ്ട്ടപ്പെട്ടും കടം വാങ്ങിയ പണം കൊണ്ട് താന്‍ വളര്‍ത്തി വലുതാക്കിയ മകന്‍ തന്നെ പുറത്താക്കിയ സംഭവം അശോക്‌ പഞ്ചാല്‍ എന്നാ അച്ഛന്‍ വേദനയോടെ വിവരിച്ചു. വൃന്ദാവന്‍ സ്ട്രീറ്റ് എന്ന ക്ഷേത്ര  നഗരിയിലെ ജീവിതങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയ പരിപാടി അവിടെ കഴിഞ്ഞു കൂടുന്ന പന്തീരായിരത്തോളം വരുന്ന വൃദ്ധ ജീവിതങ്ങളെ തുറന്നു കാട്ടി. മരണം വിരുന്നു വരുന്നതും കാത്തിരിക്കുന്ന ആ വൃദ്ധ ജന്മങ്ങള്‍ തീര്‍ച്ചയായും ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ തൊടും എന്ന കാര്യത്തില്‍ സംശയമില്ല.
വൃദ്ധ ജീവിതങ്ങള്‍ക്ക് താങ്ങും തണലും ആകുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ജീവിത സായന്തനം പ്രത്യാശയുടെയും കൂട്ടായ്മയുടെയും നല്ല മാതൃകകള്‍ കാട്ടി തരുന്നു.മക്കള്‍  പഴന്തുണി   പോലെ വലിച്ചെറിഞ്ഞ ജീവിതങ്ങളെ സ്നേഹത്തോടെയും കരുതലോടെയും പുനരധിവസിപ്പിക്കുന്ന  ആ മഹത് ജീവിതങ്ങള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം നാം അറിയാതെ ശിരസ്സു നമിച്ചു പോകും. വൃന്ധാവനത്തിലെ  'മൈത്രി'  എന്ന സംഘടനയുടെ  വിന്നി സിംഗ്, വൃദ്ധ ജനങ്ങള്‍ക്കായി  ആശ്രമം നടത്തുന്ന മങ്കേഷ് ,മുംബൈയില്‍ 'മാതാശ്രീ' എന്ന വൃദ്ധ ജന കെയര്‍ സെന്റെര്‍ നടത്തുന്ന അശോക്‌ എന്നിവര്‍ തങ്ങളുടെ അന്തേവാസികളുടെ   അനുഭവങ്ങള്‍ പങ്കു വച്ചു.'ഏജ് വെല്‍ ഫൌണ്ടാഷനി'ലെ ഹിമാന്ഷു വാര്‍ധക്യം നേരിടുന്ന പ്രശ്നങ്ങളുടെ സാമ്പത്തിക വശം വരച്ചു  കാട്ടി.തങ്ങളുടെ യൌവ്വന കാലത്ത് തങ്ങള്‍ നേടിയ ഒരു സ്വത്ത് പോലും മരണം  വരെ   ഒരു കാരണവശാലും മക്കള്‍ക്കോ മറ്റാര്‍ക്കോ കൈമാറരുതെന്ന നിര്‍ദ്ദേശം ആണ് മുന്‍പോട്ടു വച്ചത്.പലപ്പോഴും  വൃദ്ധ ജനങ്ങള്‍ വീടിനു പുറത്താവുന്നത് തങ്ങളുടെ സമ്പാദ്യം കൈമാറിയതിന് ശേഷമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 
വാര്‍ധക്യം ഒരു നേഴ്സറി  ക്ലാസിലെ കുട്ടികളെ പോലെ ആഘോഷിക്കുന്ന 'ആയുധാം' പോലെയുള്ള വൃദ്ധ സദനങ്ങള്‍ തീര്‍ച്ചയായും ഒരു രണ്ടാം ബാല്യത്തിന്റെ കഥ പറയുന്നവയാണ്  .അവിടെ വൃദ്ധ സദനത്തോടൊപ്പം സ്കൂളും  പ്രവര്‍ത്തിക്കുന്നു .അവിടുത്തെ കുട്ടികള്‍ വൃദ്ധ മാതാപിതാക്കള്‍ക്ക് പേരക്കുട്ടികള്‍ ആകുന്നു.അവര്‍ തങ്ങളുടെ ജീവിതാനുഭവ സമ്പത്ത് കുട്ടികള്‍ക്ക് പങ്കു വെയ്ക്കുകയും  തങ്ങളുടെ  കുട്ടിക്കാലത്തിലൂടെ വീണ്ടും കടന്നു പോവുകയും ചെയ്യുന്നു.വളരെ സ്വര്‍ഗീയമായ ഒരു അനുഭവം ആണത്. അതേപോലെ തന്നയുള്ള ഭൂമിയിലെ സ്വര്‍ഗം എന്ന് തന്നെ പറയാവുന്ന ഒന്നാണ് മുംബൈയിലെ 'ദാദ-ദീദി പാര്‍ക്ക്'.അവിടെ വൃദ്ധര്‍ കുട്ടികളാകുന്നു.അവര്‍ ക്രിക്കറ്റ് കളിക്കുന്നു, കമ്പ്യൂട്ടര്‍ പഠിക്കുന്നു,ഡാന്‍സ് ചെയ്യുന്നു. ജീവിതത്തില്‍  അതേവരെ ചെയ്തിട്ടില്ലാത്ത പലതും  പുതുതായി പഠിക്കുന്നു.തികച്ചും നവ്യമായ ഒരു അനുഭവം തന്നെ.
ഡല്‍ഹി യൂനിവേഴ്സിടിയിലെ പ്രൊഫസര്‍  ഡോ.അര്‍ച്ചന കൌശിക് വൃദ്ധ ജനങ്ങള്‍ക്കായി ഗവേന്മേന്റുകള്‍ ആരംഭിക്കുന്ന പദ്ധതികളെ    പറ്റി വിവരിച്ചു.ഡല്‍ഹി, ഗോവ സര്‍ക്കാരുകള്‍ ഈ വിധത്തില്‍ ചില ക്ഷേമ പദ്ധതികള്‍  ആരംഭിച്ചിട്ടുണ്ട് .കാലാനുസൃതമായ മാറ്റങ്ങള്‍ ജനങ്ങളുടെ ചിന്തകളില്‍ ഉണ്ടാവുന്നത്  ഒരു ശുഭകരമായ മാറ്റമായി കാണേണ്ടതുണ്ട്. വാര്‍ധക്യം ഒറ്റപ്പെടലിന്റെ വേദനയുടെത് കൂടിയാണ് പലപ്പോഴും.കാരണം പങ്കാളി മരിച്ച വൃദ്ധര്‍ പലപ്പോഴും തങ്ങളുടെ പല ആവശ്യങ്ങളിലും ഒരു തുണയില്ലാതെ കഴിയേണ്ടി വരുന്നത് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.അത്തരക്കാര്‍ക്കു  പുനര്‍വിവാഹത്തിന്റെ  മധുരം പങ്കുവെയ്ക്കാനായാണ് മുംബൈയില്‍ നിന്നും വൃദ്ധ ദമ്പതികളായ മിസ്റ്റര്‍ & മിസ്സിസ് ജോഷി എത്തിയത്.അരുപതിയോന്പതാം വയസ്സില്‍ വിവാഹിതനായ ജോഷിയുടെ ഭാര്യ മലയാളിയാണ്. തുണയില്ലാത്തവര്‍ക്കായി   'ലിവിംഗ് റിലേഷന്‍സ് '  എന്ന പേരില്‍  സമ്മേളനം  നടത്തി  വിജയിപ്പിച്ച അഹമ്മദാബാദില്‍ നിന്നും നാം കാണുന്ന പ്രത്യാശയുടെ പുതു നാമ്പുകളാണ്.അവിടെ വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കാന്‍ വൃദ്ധര്‍ക്ക് അവസരമൊരുക്കുകയാണ്. തികച്ചും പുതുമയാര്‍ന്ന ഒരു ആശയം.തങ്ങളുടെ സായന്തനം ഒരു മധുവിധു കാലം പോലെ കഴിയാനുള്ള ഈ അവസരം മക്കളും കുടുംബാങ്ങങ്ങളും ചേര്‍ന്നാണ് ഒരുക്കി കൊടുക്കുന്നതെന്നത് കൂടുതല്‍ മധുരതരമാകുന്നു.
തങ്ങളുടെ പ്രായത്തെ വകവെയ്ക്കാതെ ജീവിത വിജയം നേടിയ വൃദ്ധര്‍ പ്രേക്ഷകരുടെ ഹൃദയം കവരുകയും നിലയ്ക്കാത്ത കയ്യടി നേടുകയും ചെയ്തു.തൊണ്ണൂറ്റി ഒന്നുകാരനായ നാരായണ്‍ഈ പ്രായത്തില്‍ ചവിട്ടി കയറിയത്  മൂവായിരത്തി അഞ്ഞൂറ് അടി ഉയരമുള്ള ലോണാവാല കുന്നു മാത്രമല്ല.റാപ്ലിംഗ് നടത്തി കാണികളുടെ കയ്യടിയും നേടി.ഒപ്പം ലിംക ബുക്ക്‌ ഓഫ് റെകോര്‍ട്സില്‍ സ്വന്തം പേരും.അറുപത്തഞ്ചാം വയസ്സില്‍ പരിശീലനം  തുടങ്ങി ഷൂട്ടിങ്ങില്‍ സ്റ്റേറ്റ് ,ദേശീയ ലെവലില്‍ മെഡലുകള്‍ വാരിക്കൂട്ടിയ യു പി യിലെ ജുഹൈടിഗ്രാമത്തില്‍ നിന്നും എത്തിയ ചന്ദ്ര തോമാറും പര്‍കാഷി തോമാറും പ്രേക്ഷകര്‍ക്ക്‌ അദ്ഭുതമായി.
വാര്‍ധക്യം എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്നും നാം ഓരോരുത്തരും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ടവര്‍  ആണെന്നും ഇന്നും നാം നമ്മുടെ മാതാപിതാക്കളോടെ ചെയ്യുന്നത് നാളെ നമ്മുടെ മക്കളും പലിശ സഹിതം നമുക്ക് മടക്കി തരും എന്ന സത്യം നമ്മെ ഒര്മിപിക്കാന്‍ ഇന്നത്തെ എപിസോഡ് സഹായകമായിട്ടുണ്ടാവും എന്ന് ഞാന്‍ അടിവരയിട്ടു പറയാന്‍ ആഗ്രഹിക്കുന്നു.

No comments: