അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Tuesday, February 15, 2011

അണയുന്ന പ്രകാശഗോപുരങ്ങള്‍!


ദേശീയപാത വികസനം മറ്റൊരു 2 ജി സ്‌പെക്ട്രമാകും: സുധീരന്‍
തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാത വികസനം നിലവിലെ രീതിയില്‍ നടപ്പിലാക്കിയാല്‍ മറ്റൊരു 2 ജി സ്‌പെക്ട്രം അഴിമതിയായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കേരള വികസന കോണ്‍ഗ്രസ്സിലെ 'വികസന വീക്ഷണം- 2025' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ദേശീയപാതകള്‍ അന്യവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന ബി.ഒ.ടി വ്യവസ്ഥ കാണാതെ പോവുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. സര്‍വകക്ഷിയോഗങ്ങള്‍ പോലും അരമണിക്കൂര്‍ കൊണ്ട് അവസാനിക്കുന്നു. ദേശീയപാത വികസനത്തിനുവേണ്ട നിര്‍മാണച്ചെലവ് പെരുപ്പിച്ചാണ് കാട്ടിയിട്ടുള്ളത്. ചിലയിടത്ത് കിലോമീറ്ററിന് 17 കോടിയും മറ്റു ചിലയിടത്ത് 23 കോടിരൂപയുമാണ് കാണിച്ചിട്ടുള്ളത്. കേന്ദ്രം നല്‍കുന്ന 40 ശതമാനം തുക കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാകും. ബാക്കി തുക ബി.ഒ.ടി കമ്പനിക്കുള്ളതാണ്. പാതയരികില്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും ഈ കമ്പനിയാണ് - സുധീരന്‍ പറഞ്ഞു.


3200 കോടി രൂപയുടെ വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്തിട്ടും
പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ട 326 കുടുംബങ്ങള്‍ ഇന്നും ജീവിതത്തിന് പുറത്താണെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. മൂലമ്പള്ളിയിലെ ജനങ്ങളെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ലെന്നും അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന തിരിച്ചറിവുണ്ടാകണമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
സുധീരന്റെ വാദങ്ങള്‍ അസംബന്ധം: അബ്ദുള്ളക്കുട്ടി
ദേശീയപാത വികസനം സംബന്ധിച്ച് വി.എം. സുധീരന്റെ വാദങ്ങള്‍ അസംബന്ധമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി എം. എല്‍. എ. വ്യക്തമാക്കി. കേരള വികസന കോണ്‍ഗ്രസ്സില്‍ വി. എം. സുധീരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
''സുധീരന്റെ വാദങ്ങള്‍ ശുദ്ധ അസംബന്ധമാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തലങ്ങും വിലങ്ങുമായി പതിനായിരക്കണക്കിന് കിലോമീറ്റര്‍ റോഡുകള്‍ നാലുവരിയും ആറുവരിയുമൊക്കെയായി പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം ഇത് പാടില്ലെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. കേന്ദ്രത്തിന്റെ ഗ്രാന്റ് ഉണ്ടങ്കിലേ അത്യാധുനിക സൗകര്യങ്ങളുള്ള കമ്പനികളെ റോഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ. വികസനത്തിനെതിരെ തീവ്ര നിലപാടെടുത്തതിനാലാണ് സി.പി.എം. പഠന കോണ്‍ഗ്രസുകള്‍ ശ്രദ്ധയാകര്‍ഷിക്കാത്തത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഇത്തരം നിലപാട് എടുക്കുന്നത് വേദനാജനകമാണ്. സുധീരന്റെ വാദം തീവ്രഇടതുപക്ഷ വാദമായി 
മാത്രമേ കാണാന്‍ കഴിയുകയുള്ളൂ''-അബ്ദുള്ളക്കുട്ടി പറഞ്ഞു.

ചില സത്യങ്ങള്‍ അപ്രിയങ്ങളാണ്.അത് പലപ്പോഴും ഇത്തരം സത്യങ്ങള്‍  തുറന്നു  പറയപ്പെടുമ്പോള്‍ അത് ചെന്ന് കൊള്ളുക പലപ്പോഴും  അപ്രതീക്ഷ സ്ഥാനങ്ങളിലാണ്. വികസന വീക്ഷണം 2025 സെമിനാറില്‍   വി  എം  സുധീരന്റെ  പ്രസംഗവും  അതിന്റെ  പ്രതികരണമായി അബ്ദുല്ലക്കുട്ടിയുടെ ഇറങ്ങിപ്പോക്കും ഉയര്‍ത്തുന്ന ചില പ്രസക്ത ചോദ്യങ്ങളുണ്ട്.
വികസനം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?ഇന്നത്തെ വികസന സങ്കല്പം ഒരു പൊളിച്ചെഴുത്തിനു വിധേയമാക്കേണ്ട  സമയം അധികരിച്ചില്ലേ? വികസനം എന്നത് സമൂഹത്തിലെ മധ്യവര്‍ഗത്തിന്റെയോ ഉപരിവര്‍ഗത്തിന്റെയോ   സാമ്പത്തികമായ  നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍വചിക്കപ്പെടെണ്ടാതാണോ? എല്ലാ വികസനത്തിന്റെയും കുപ്പത്തൊട്ടിയിലേക്ക്‌ വലിച്ചെറിയപ്പെടുകയോ വികസനത്തിനായി നഷ്ടങ്ങള്‍ സഹിക്കയോ വേണ്ടി  വരുന്ന ഒരു വലിയ ജന സമൂഹത്തിന്റെ വിലാപങ്ങള്‍ എപ്പോഴും എന്തേ വിസ്മ്രിതമായിപ്പോകുന്നു? ഈ സമൂഹത്തിനു നേരെ മാനുഷികമായ  ഒരു സമീപനത്തിന് പോലും  ആരും   തയ്യാറാവുന്നില്ല?എന്തേ രാഷ്ട്രീയക്കാര്‍ പോലും ഈ വിഷയത്തില്‍ ഗൌരവതരമായ ഒരു സമീപനം സ്വീകരിക്കാന്‍ തയ്യാറാവാത്തത്?തീര്‍ച്ചയായും നാം ഇതിന്റെപിന്നിലെ സാമ്പത്തിക    രാഷ്ട്രീയ താല്‍പര്യങ്ങളെ കാണാതിരുന്നുകൂടാ? രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടിന്റെ നാറിയ കഥകള്‍ ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും.
ഈ സാഹചര്യത്തില്‍ വി എം സുധീരനെപ്പോലെ ഒരു ജനനേതാവിന്റെ മുന്നറിയിപ്പിനെ നാം അര്‍ഹിക്കുന്ന ഗൌരവത്തോടെയും ആദരവോടെയും തന്നെ കാണേണ്ടതാണ്.കാരണം അച്യുതാനന്ദനും സുധീരനും ഒക്കെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ സങ്കല്‍പ്പങ്ങളുടെ പ്രതീകങ്ങളാണ്.ഒരു പക്ഷെ ഈ ഇടതുപക്ഷ ഗവണ്മെന്റിന്റെ ആയുസിനപ്പുറം ഈ പ്രതീകങ്ങള്‍ക്കും ആയുസ്സുണ്ടാവില്ലെന്നു നാം ഭയക്കേണ്ടിയിരിക്കുന്നു.ഇടതുപക്ഷത്തെ സംശുദ്ധ  രാഷ്ട്രീയത്തിന്റെ ഒരുപക്ഷെ അവസാനത്തെ കണ്ണിയാണ് അച്യുതാനന്ദന്‍ . വലതുപക്ഷത്തെ, മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടെത്താനാവാത്ത     ആദര്‍ശത്തിന്റെ, വ്യക്തി രൂപം ആണ്  സുധീരന്‍ .ഇത്തരം രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനം ഇല്ലാതെ വരുന്നത് തീര്‍ച്ചയായും ഭീധിതമായ ഒന്നാണ്.ഇതിന്റെ അനന്തര  ഫലങ്ങലെകുറിച്ചു നാം ആശങ്കയോടെ നോക്കിക്കാണേണ്ടതുണ്ട്.
ഒരുപക്ഷെ ജനപക്ഷത്തു നിന്നുകൊണ്ട് എന്തെങ്കിലുമൊക്കെ പറയാനെങ്കിലും കഴിയുന്ന നേതാക്കളെ വികസന വിരോധികള്‍ എന്ന മുദ്ര ചാര്‍ത്തി രാഷ്ട്രീയ വനവാസത്തിനയക്കുക എന്നതാണ് ഈ രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടിന്റെ ആത്യന്തിക ലക്‌ഷ്യം.മാറ്റത്തിന്റെ രാസ ത്വരഗമാവേണ്ട യുവത്വം രാഷ്ട്രീയമായി വന്ദ്യംകരിക്കപ്പെട്ട ഒരു സമൂഹത്തില്‍ തൊഴില്‍,സാമ്പത്തിക വളര്‍ച്ച എന്നീ  തുറുപ്പു ചീട്ടുകളാണ് ഈ മാഫിയാ സംഘങ്ങള്‍ ഇറക്കി കളിക്കുന്നത്.അതുവഴിയെ യുവതലമുറയെ ഇത്തരം സംശുദ്ധരായ നേതാക്കന്മാര്‍ക്കെതിരാക്കുക . സ്മാര്‍ട്ട് സിറ്റിയുടെ  പേരില്‍ അച്യുതാനന്ദന്‍  നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ യോര്‍ക്കുക. എല്ലാ കോണില്‍ നിന്നും  വന്ന കൂരമ്പുകളെ നേരിടേണ്ടി വന്നപ്പോഴും സ്വയം പ്രധിരോധിച്ചുകൊണ്ട് തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്  കേരളത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി.എന്തായിരുന്നു സ്മാര്‍ട്ട് സിറ്റിക്കാരന്റെ യഥാര്‍ത്ഥ  ഉദ്ദേശ്യം എന്ന് തിരിച്ചരിയാനെങ്കിലും നമുക്ക് കഴിഞ്ഞത് അച്യുതാനന്ദന്‍  എന്ന നേതാവിന്റെ രാഷ്ട്രീയ ആര്‍ജവത്തിന്റെ ഫലമായിട്ടാണ്.
നമ്മുടെ രാഷ്ട്രീയം അബ്ദുല്ലകുട്ടിമാര്‍ കയ്യടക്കുന്നത് ആശങ്കയോടെ  വേണം നാം കാണേണ്ടത്.കച്ചവട മനസുള്ള ഇത്തരം കുട്ടി നേതാകന്മാര്‍ നാളെ നമ്മെ വിറ്റു കാശാക്കും എന്നതില്‍ സംശയമില്ല.ഇവിടുത്തെ സാധാ ജനത്തിനു വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാവില്ല എന്ന ദുര്യോഗത്തിലെക്കാണ്  നമ്മുടെ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്നത്.കമ്പനികളുടെയും മാഫിയകളുടെയും കൂട്ടികൊടുപ്പുകാരായ   ധല്ലാളന്മാരായി  മാറുകയാണ് നേതാക്കന്മാര്‍.വികസനത്തിന്റെ പേരില്‍ ഭൂമാഫിയകളും ഗുണ്ട സംഘങ്ങളും  തഴച്ചു വളരുകയാണിവിടെ.സാധാരണക്കാരന്റെ വിലാപങ്ങള്‍ ബധിരവിലാപങ്ങളായി  മാറുന്നു .
പ്രതീക്ഷയുടെ പ്രകാശ ഗോപുരങ്ങളായ,ആദര്‍ശങ്ങളുടെ  ആള്‍ രൂപങ്ങളായ സത്യസന്ധരായ നേതാക്കന്മാര്‍ നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.
എവിടെയാണ് നാം ഇനി പ്രതീക്ഷയര്‍പ്പിക്കുക?ഒരു മാറ്റത്തിന്റെ കാറ്റ് വീശുമോ?
അസംതൃപ്തരായ ജനത്തിന്റെ ഇടയില്‍ ഒരു പുതിയ വിപ്ലവത്തിന്റെ മുള  പൊട്ടുമോ?
 നമുക്ക് കാത്തിരിക്കാം!.


No comments: