മുല്ലപ്പെരിയാര്‍ പൊട്ടി!
അല്ല, അങ്ങനെ സങ്കല്പ്പിച്ചു നോക്കുക!
എന്താവും ഉണ്ടാവുക?
മുല്ലപ്പെരിയാറിനെ പറ്റി വാ തോരാതെ വിളിച്ചു കൂവി എല്ലാവരും നടക്കുന്നുണ്ട്. പക്ഷെ പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു നടന്നവന്റെ അവസ്ഥയില്‍ ആകും മിക്കവാറും . എന്ത് ചെയ്യും? അല്ല എന്ത് ചെയ്യും അഥവാ എന്ത് ചെയ്യണം? ഈ വക കാര്യങ്ങളെ പറ്റി ഗൌരവമായി ആര് ചിന്തിച്ചിട്ടുണ്ട് ? എല്ലാവരും ഭീതിയോടെ മുല്ലപ്പെരിയാര്‍ പൊട്ടി വരുന്നതും സ്വപ്നം കണ്ടു തുള്ളപ്പനി വന്നു നടക്കുകയാണ് .അതിനപ്പുറം ഒരു അടിയന്തിര സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന് ആര്‍ക്കു അറിയാം ?
ഈ വിഷയത്തെപ്പറ്റി ഇതേവരെ ക്രിയാത്മകമായ ഒരു സമീപനം പൊതു ജനത്തിന്റെ ഭാഗത്ത് നിന്നോ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നോ ഉയര്‍ന്നു കണ്ടിട്ടില്ല.മുല്ലപ്പെരിയാര്‍ പൊട്ടും എന്നത് ഇപ്പോഴും ഒരു ഭാവന മാത്രമായി ആണ് ഗവന്മേന്റ്റ് കാണുന്നതെന്ന് തോന്നുന്നു. അതിനപ്പുറമുള്ള ഒരു നടപടികളും ഇതുവരെ ആലോചിച്ചു തുടങ്ങിയിട്ടില്ല,അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ പോലും ഉണ്ടാവുന്നില്ല എന്നത് ഒരു ഗവണ്മെന്റിന്റെ ആലോചന ദാരിദ്ര്യത്തിന്റെയും കഴിവില്ലയ്മയുടെയും കാര്യ ക്ഷമതയില്ലയ്മയുടെയും മികച്ച ഉദാഹരണമാണ്.
ഒരു കാലവര്‍ഷത്തില്‍ ഒരു ഉരുള്‍ പൊട്ടല്‍ ഉണ്ടായാല്‍ നാം കണ്ടിട്ടുണ്ട് നമ്മുടെ സര്‍ക്കാരിന്റെയും ഭരണകൂടത്തിന്റെയും കാര്യക്ഷമത. അതേപോലെ ചെറുതാക്കി കാണാവുന്ന ഒന്നല്ല മുല്ലപെരിയാര്‍ പൊട്ടിയാല്‍ സംജാതമാവുന്ന അന്തരീക്ഷം. സകലതും തകര്‍ത്തെറിഞ്ഞു ഒരു പ്രദേശത്തെ, അവിടുത്തെ ജനത്തെ മുഴുവന്‍ തുടച്ചു നീക്കി വരുന്ന മഹാ പ്രളയത്തിന്റെ ഗതിയോ രൂക്ഷതയോ ഏതു പ്രവചനങ്ങള്‍ക്കും അപ്പുറമായിരിക്കും തീര്‍ച്ച.ഒരു ഭരണകൂടത്തെ മുഴുവന്‍ സംയോജിപ്പിച്ച് അടിയന്തിരമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന് എന്താവും ആ സമയം ബാക്കിയുണ്ടാവുക എന്നത് പ്രവചാനാതീതമാണ്.ആരാവും ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക? എവിടെ നിന്നാവും ഈ ഉത്തരവാദിത്വ പ്രവര്‍ത്തനം ഏകോപിപ്പിക്കുക? പരസ്പര ആശയവിനിമയത്തിന് എന്ത് മാര്‍ഗമാവും ആ സമയം ഉപയോഗിക്കാനാവുക? ലൈവ് ഷോ കാണിക്കാന്‍ ചാനലുകാര് ആരും ആ വഴിക്ക് അപ്പോള്‍ വരില്ലല്ലോ? വെള്ളം എവിടെയെത്തിയെന്നു ആര് ആരെ അറിയിക്കും? ഇനി അഥവാ അറിയിക്കണമെങ്കില്‍ പോലും വെള്ളം വരുന്ന വഴി നോക്കി ആരാണ് കാത്തിരിക്കുക?
ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞെന്നു കേട്ടു. എന്തൊക്കെ ആണാവോ ഈ നടപടികള്‍? ഇതൊക്കെ ആര്‍ക്കറിയാം? ഇതിനു വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം നടത്തിയിട്ടുണ്ടോ? രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി മുന്‍പന്തിയില്‍ നില്‍ക്കേണ്ട പോലീസിനു എന്ത് പരിശീല്ലനം ആണ് നല്‍കിയിട്ടുള്ളത്? എത്ര പോലീസെ സേന ആവശ്യമായി വരും ? അവരെ എങ്ങനെ?എവിടെ എത്തിക്കണം? കേരളത്തിലെ മറ്റേതു ജില്ലയില്‍ നിന്ന് ആ സമയം പോലിസിനെ ഇടുക്കിയിലോ മറ്റോ എത്തിക്കാന്‍ ആവും? ഏതു വഴിയിലൂടെ?എത്ര സമയം കൊണ്ട്? അതോ തമിഴ് നാടിന്റെ പോലീസിനാണോ അവിടെ എത്താനാവുക? ഏതൊക്കെ ആശുപത്രികള്‍ നമുക്ക് ഇടുക്കിയില്‍ ബാക്കി ഉണ്ടാവും? എത്ര ഡോക്ടര്‍മാര്‍ക്ക് ,ആശുപത്രി ജീവനക്കാര്‍ക്ക് നാം പരിശീലനം നല്‍കിയിട്ടുണ്ട്?കേരളാ ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ കയ്യില്‍ പാതാള കരണ്ടിയല്ലാതെ എന്ത് ഉപകരണം ആണുള്ളത്?എന്ത് രക്ഷ പ്രവര്‍ത്തനം ആണ് അവര്‍ക്ക് നടത്താനവുക? ഇത് രക്ഷാപ്രവര്‍ത്തനം ആണ്, അല്ലാതെ ശവം എടുക്കാന്‍ വരുന്ന വരവല്ലെന്നു ഓര്‍ക്കണം.ശവമൊക്കെ പട്ടാളം രണ്ടു ദിവസം കഴിഞ്ഞു വെള്ളം എല്ലാം ഒലിച്ചു അറബിക്കടലില്‍ എത്തികഴിയുംപോള് വന്നു വാരി എടുത്തോളും.
ഏതു വഴിയിലൂടെയൊക്കെ വെള്ളം വരാന്‍ സാധ്യതയുണ്ട് ? ആ വഴിയില്‍ ഏതൊക്കെ സ്ഥലത്ത് എത്ര സമയം കൊണ്ട് വെള്ളം എതിചെര്ന്നെക്കാം?എത്ര ഉയരത്തില്‍ വെള്ളം ഏതൊക്കെ പ്രദേശങ്ങളില്‍ എത്തും ? അവിടെയുള്ളവര്‍ രക്ഷപെടാന്‍ എങ്ങോട്ട് പോകണം?കോട്ടയത്തോട്ടോ പോണോ,കൊച്ചീലോട്ടു പോകണോ? കെ കെ റോഡു ഏതൊക്കെ ഭാഗം ബാക്കിയുണ്ടാവും രക്ഷപെടാന്‍ ? എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണം? മുല്ലപ്പെരിയാരിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങള്‍ ഏതൊക്കെ? വെള്ളം വരുന്ന വഴി ആര്‍ക്കും പ്രവചിക്കാന്‍ ആവില്ലെങ്കിലും ഏതൊക്കെ വഴിയിലൂടെ വന്നേക്കാന്‍ സാധ്യതയുണ്ട് ? ഇത് വരെ ആരും പത്തനംതിട്ട ജില്ലയെ പരാമര്‍ശിച്ചു കണ്ടില്ല. വണ്ടിപെരിയാര്‍ വള്ളക്കടവ് ഭാഗത്ത് നിന്ന് വെള്ളം തിരിഞ്ഞു പച്ചക്കാനം, ഗവി ഭാഗത്തേക്ക് പോയാല്‍ ആ ഭാഗങ്ങളിലുള്ള ഡാമുകള്‍ക്ക് വല്ലതും സംഭവിക്കുമോ? ശബരിഗിരി ജലവൈദ്യുത പദ്ധതിയെ ഇത് എങ്ങനെ ബാധിക്കും?കക്കാട്,മണിയാര്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് എന്ത് സംഭവിക്കും? പത്തനംതിട്ടയില്‍ വെള്ളം എത്തുമോ? സര്‍ക്കാരേ, ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.
ഈ രീതിയില്‍ എന്തെങ്കിലും വസ്തുനിഷ്ടമായ പഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ?
ഇതൊക്കെ കൊച്ചു കുട്ടികളെയും മറ്റും പറഞ്ഞു ബോധ്യപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്? സ്കൂള്‍ തലത്തില്‍ എന്തെങ്കിലും ബോധാവല്ക്കരനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ? എത്രപേരെ ഏകദേശം രക്ഷപെടുത്താന്‍ കഴിഞ്ഞേക്കാം? അവരെ തല്കാലമെങ്കിലും എവിടെ പുനരധിവസിപ്പിക്കും? അതിനു ഏതെങ്കിലും സ്കൂളോ പള്ളിയോ മറ്റോ ബാക്കിയുണ്ടാവുമോ?ആളുകളെ അവിടെ എങ്ങനെ എത്തിക്കും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ? ആരാണ് ഇത് ഏകോപിപ്പിക്കുക? അല്ലെങ്കില്‍ സ്വയം ഏകോപനം നടത്താന്‍ വിധം ആളുകള്‍ക്ക് പരിശീലനം നകിയിട്ടുണ്ടോ? അല്ലെങ്കില്‍ നല്കാന് ഉദ്ദേശിക്കുന്നുണ്ടോ?
എന്റെ പൊന്നു സര്‍ക്കാരെ ഹൈക്കോടതിയില്‍ നിന്ന് കള്ളത്തരം പറഞ്ഞു രക്ഷപെട്ടിട്ടുണ്ടാവും.പക്ഷെ ഒരു അടിയന്തിര സാഹചര്യത്തില്‍ എന്ത് ചെയ്യും? ഇത് തമാശയല്ല. ഒരു സംസ്ഥാനത്തിനല്ല ,ഒരു രാഷ്ട്രത്തിനു പോലും ഒരു പക്ഷെ ഒന്നും ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല ഇത്.പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്തിന്,കേരളം പോലൊരു സംസ്ഥാനത്തിന്. നമുക്ക് മുന്പില് അനുഭവങ്ങളുണ്ട്. ഒരു ഭൂകമ്പമോ വെള്ളപ്പോക്കാമോ വന്നു പത്തോ മൂവായിരമോ പേര് ചാവുമ്പോള്‍ ചില ലോക രാഷ്ട്രങ്ങള്‍ പകച്ചു നില്‍ക്കുന്നത് നാം കണ്ടിട്ടില്ലേ? പലപ്പോഴും ഭരണകൂടം നിസ്സഹായരായി പോകും ആരെയും കുറ്റം പറയാന്‍ ആവില്ല.അന്താരാഷ്ട്ര സഹായം ഇല്ലാതെ പിടിച്ചു നില്‍ക്കാനാവില്ല.ഒരു കാട്ടുതീ ഉണ്ടായപ്പോള്‍ അല്ലെങ്കില്‍ ഒരു കൊടുങ്കാറ്റു ഉണ്ടായപ്പോള്‍ പോലും അമേരിക്ക പോലെ ഒരു രാഷ്ട്രം കഷ്ട്ടപ്പെടുന്നത് നാം കണ്ടതാണ്.അപ്പോഴാണ് നമ്മുടെ 'മഹത്തായ' ഇന്ത്യ .നൂറു വട്ടം ഉറപ്പിച്ചു പറയാം,കേരള ഗെവന്മേന്റ്റ് ഒരു ചുക്കും ചെയ്യില്ല ,അല്ലെങ്കില്‍ അവര്‍ക്കു ഒന്നും ചെയ്യാന്‍ കഴിയില്ല.ചുമ്മാതങ്ങു വിളിച്ചു കൂവുകല്ലേ മുപ്പതു ലക്ഷം പേരെ ഇപ്പൊ അങ്ങ് രക്ഷിക്കാന്‍ എന്തോ വിദ്യയുണ്ടത്രേ!.
ഒരു സുനാമി വന്നു ,നാല് തിരയടിച്ചു പോയിട്ട് വര്‍ഷം എത്ര കഴിഞ്ഞു? എന്ത് കോപ്പാണ് കേരള സര്‍ക്കാര്‍ ചെയ്തതെന്ന് എല്ലാവര്ക്കും അറിയാമല്ലോ.ഇപ്പൊഴു പല പാവങ്ങളും സ്കൂളിലും തെരുവിലുമാണ്. ആ കാശ് കയ്യിട്ടു വാരി നക്കിയ മാന്യന് തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. എന്തായിരിക്കും ഫലം എന്ന് എല്ലാവരും ആലോചിച്ചാല്‍ നല്ലത്.സുനാമി വന്നു തീരത്തൂടെ പോയതെ ഉള്ളൂ.അതുപോലും നേരിടാന്‍ കഴിയാതെ പോയവരാണ് മൂന്നു നാല് ജില്ല മുഴുവന്‍ തൂത്തു വാരി വരുന്ന പ്രളയം കോളേജ് പിള്ളേരെ നേരിടുന്ന പോലീസ് ബാരിക്കേഡു കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ പോവുന്നത്. പ്രളയം വന്നു പോയി കഴിഞ്ഞു എടുക്കുന്ന നടപടികളെ പറ്റിയാണ് ഇവര്‍ പറയുന്നത്.അതല്ല നമുക്ക് വേണ്ടത്.അപകടമുണ്ടായാല്‍ രക്ഷപെടാനുള്ള വഴികളാണ് നമുക്ക് വേണ്ടത്. അതുകൊണ്ട് മുന്‍കരുതല്‍ നാം തന്നെ എടുക്കണം .അല്ലാതെ തിരോന്തരത്ത് സെക്രടറിയേറ്റിന്റെ ഏതോ മൂലയില്‍ പൊടിപിടിച്ചു കിടക്കുന്ന റിപ്പോര്‍ട്ട് ഒന്നും നമ്മെ രക്ഷിക്കില്ല.നമ്മുടെ മക്കളെ നാം ബോധവത്കരിക്കുക.അവര്‍ സ്കൂളില്‍ പോകുമ്പോഴാണ് അത്യാഹിതം നടക്കുന്നതെങ്കില്‍ എന്ത് ചെയ്യണം,എങ്ങോട്ട് രക്ഷപെടണം,തുടങ്ങിയ കാര്യങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കുക.വീട്ടിലാണെങ്കില്‍ എന്ത് ചെയ്യണം,രക്ഷാമാര്‍ഗം എവിടെയാണ് ,അടിയന്തിര ആവശ്യമുണ്ടായാല്‍ ആരെ ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ അറിയട്ടെ, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കട്ടെ.ഓരോരുത്തരും കാര്യങ്ങളെപ്പറ്റി സ്വയം ബോധ്യമുള്ളവര്‍ ആയിരിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ ബോധാവത്കരിക്കുന്നതില് ജാഗരൂകരായിരിക്കട്ടെ.എന്തായാലും കുറെ പേര് പോകും,തര്‍ക്കമില്ലാത്ത വസ്തുതയാണ്.പക്ഷെ പോകും മുന്‍പേ സ്വയം രക്ഷിക്കാന്‍ അല്ലെങ്കില്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്തു എന്ന സമാധാനത്തോടെ നമുക്ക് പോകാം.
മുല്ലപ്പെരിയാര്‍ പൊട്ടും എന്നാ കാര്യത്തില്‍ നമുക്കൊന്നും തര്‍ക്കമില്ലല്ലോ.അല്ലെ? ഇനി പൊട്ടില്ല എന്നായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പുകിലൊക്കെ ? വെറുതെ കുറെ പാവം മലയാളികള്‍ പാണ്ടികളുടെ അടി കൊണ്ടു.അതിനു വേണ്ടിയായിരുന്നു ഈ പൊറാട്ടു നാടകം? എന്തിനായിരുന്നു പുതിയ ഡാം വേണമെന്ന് നാം ആവശ്യപ്പെട്ടത്? അതുകൊണ്ട് പുതിയ ഡാം എന്നതിനേക്കാള്‍ ഇപ്പോഴത്തെ ഡാം പൊട്ടിയാലെന്തു ചെയ്യും എന്നാ കാര്യത്തില്‍ നാം ഗൌരവതരമായ നടപടികളിലേക്ക് കടക്കെണ്ടിയിരിക്കുന്നു.സമരം ചെയ്യാന്‍ താത്പര്യമുള്ളവര്‍ അത് ചെയ്യട്ടെ.കാരണം ഈ വിഷയം സജീവമായി നിര്‍ത്താന്‍ അത് അത്യാവശ്യമാണ്. അതോടൊപ്പം സാധാരണക്കാരായ മറ്റുള്ള ആളുകള്‍ ഇത്തരം ബോധവത്കരണ നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണം.ഇതില്‍ ഒട്ടും അമാന്തം കാണിച്ചുകൂടാ.മുപ്പതു ലക്ഷത്തില്‍ നമുക്ക് ഒന്നോ രണ്ടോ പേരെ കുറയ്ക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടോ? ചാനലുകാരും പത്രക്കാരും നമ്മുടെയൊക്കെ ചരമക്കുറിപ്പും എഴുതി ഫ്ലാഷ് ന്യൂസിനുള്ള വകയൊക്കെ റെഡിയാക്കി വച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ കൂടിയാലും കുറഞ്ഞാലും അവര്‍ക്കൊന്നുമില്ല. അവര്‍ മുപ്പതെന്നോ നാല്പ്പതെന്നോ എഴുതിക്കോട്ടെ.നമുക്കെന്താ നഷ്ടം?ഇതൊന്നും വായിക്കാനും കാണാനും നാമുണ്ടാവില്ലല്ലോ.
പുതിയ ഡാം വരുന്നത് വരെ പൊട്ടാതെ നിന്നോളാം എന്ന് മുല്ലപ്പെരിയാര്‍ ഡാം ആര്‍ക്കും വാക്ക് ഒന്നും തന്നിട്ടില്ലല്ലോ.ഉവ്വോ?
അത് കൊണ്ട് നാം അലസത മതിയാക്കി എഴുന്നേല്ക്കുക.നമ്മുടെ തലമുറയിലെ ഒരാളെയെങ്കിലും ബാക്കി വക്കാന്‍ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം.