അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Wednesday, April 30, 2014

വിലക്കപ്പെട്ട കനി കട്ട് തിന്നുന്നവർ ...!!

ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു, ആ മൂന്നാം ക്ലാസ്സുകാരന്റെ ചിതറിയ ചിന്തകൾ.വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ആ ദിവസങ്ങള് എനിക്കൊര്മയുണ്ട്.പുറംലോകം ഏറെ കണ്ടിട്ടില്ലാത്ത ആ കുഞ്ഞു  മനസ്സില്  ഇടയ്ക്കിടെ വീട്ടില് അതിഥിയായി എത്തുന്ന വെള്ള കുപ്പായക്കാർക്ക് ബൈബിൾ കഥകളിലെ ദേവദൂതന്മാരുടെ സ്ഥാനം ആയിരുന്നു. താടിയും മീശയും വളര്ത്തി  വാത്സല്യവും  സ്നേഹവും തിരതല്ലുന്ന കണ്ണുകളും ആയി കടന്നു വരുന്ന അവര്ക്ക് എന്റെ മനസ്സില് യേശുവിന്റെ രൂപമായിരുന്നു.ശാന്തവും സൗമ്യവുമായ അവരുടെ  സംസാരവും  പ്രാർഥനകളും പതിയെ മനസ്സില്  പതിഞ്ഞു തുടങ്ങി. പള്ളീലച്ചൻ വരുന്നു എന്ന് കേൾക്കുമ്പോൾ വീട്ടില് കാണുന്ന ഒരുക്കങ്ങളും ഭക്തിയും(അതോ അച്ചന്മാർ വരുമ്പോൾ നിരത്തുന്ന പുഴുങ്ങിയ മുട്ടയും ഏത്തപ്പഴവും കാച്ചിയ പാലും ആണോ  എന്തോ?)  എന്റെ കുഞ്ഞു മനസ്സിൽ ഭാവിയിൽ ആരാകണം എന്നാ ചോദ്യത്തിന് ഉത്തരമായി മാറി.
.............................................................................................................................
വർഷാദ്യം കടന്നു വരുന്ന പള്ളി കണ്‍വെൻഷനുകൾ ഒരു വര്ഷത്തെ ആത്മീയ ജീവിതത്തിനു ഊര്ജം പകരുന്ന ഒന്നായിരുന്നു ആ കാലത്ത്. കർത്താവിനെ രക്ഷകനായും ബൈബിളിനെ സ്വജീവിത വഴികാട്ടിയായും പരസ്യമായി ഏറ്റു പറയുന്ന ആ ദിവസങ്ങള്ക്ക് എന്തോ ഒരു ആത്മീക ചൈതന്യം ഉണ്ടായിരുന്നു.വകതിരിവോ തിരിച്ചറിവോ ഇല്ലാതിരുന്ന ആ മൂന്നാം ക്ലാസ്സുകാരൻ അങ്ങനെ ആ കണ്‍വെന്ഷൻ കാലത്ത് ഭാവിയിൽ മണ്ടത്തരം എന്ന്  തിരിച്ചറിഞ്ഞ ആ തീരുമാനം എടുത്തു. സ്വയം തിരിച്ചറിവിന്റെ കാലത്ത് എടുക്കേണ്ട ഒരു തീരുമാനം എന്ന് പറഞ്ഞു ശക്തിയായി എതിര്ത്ത അപ്പന്റെ വാക്കുകളെ അവഗണിച്ചു ഞാൻ ആ പൊട്ടക്കിണറ്റിൽ എടുത്തു ചാടി.! വെള്ളമില്ലാത്ത ആ പൊട്ടക്കിണറ്റിൽ ഒരു കുഞ്ഞു പാതിരി ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.!
.......................................................................................................................


ബാല്യവും കൌമാരവും ആത്മീയ ഗോളത്തിൽ ഉരുണ്ടു കളിച്ചു.പള്ളി പുസ്തകങ്ങൾ  പാഠപുസ്തകങ്ങലെക്കാൾ പ്രിയപ്പെട്ടതായി. ലോജിക്കില്ലാ  കഥകൾ ശാസ്ത്ര തത്വങ്ങൾ പോലെ കാണാപ്പാഠം ആയി .ആദമും ഹവ്വയും പരിണാമ കുരങ്ങുകളെ വഴിയിൽ ഒരിടത്തും കണ്ടുമുട്ടാതെ സമാന്തരമായി നീങ്ങി . ഒരാഴ്ച കൊണ്ട് ദൈവം സൃഷ്ടിച്ച ഭൂമി പരീക്ഷ പേപ്പറിൽ വെറും ഒരു നിമിഷം കൊണ്ട് വെറുമൊരു ബിഗ്‌ ബാംഗ് പൊട്ടിത്തെറിയായി എരിഞ്ഞടങ്ങി. എന്നിട്ടും സംശയാലുവായ തോമസ്‌ ദൈവ നിന്ദകൻ ആയി. വിശ്വാസം കാണാകാഴ്ചകളുടെ നിശ്ചയമായി തീർന്നു!
..............................................................................................................................................................
സ്വപ്നങ്ങളുടെ നിറ വസന്തമായ  യൌവ്വനം ചിന്തകളുടെ പണിശാലയായി. ഉത്തരം കിട്ടാ ഗണിത പ്രശ്നങ്ങളായി വിശ്വാസങ്ങൾ മാറി. ഏകാന്തമായ ഒരു ഒറ്റയടിപ്പാത പോലെ വിശ്വാസ പാത നീണ്ടു കിടന്നു. ജീവിതാനുഭവങ്ങൾ ഓരോന്നും കഠിന പരീക്ഷകൾ ആയി മാറി.വിശ്വാസം ഒരു വഴിക്ക്, നന്മ തിന്മകൾ ഇഴ ചേര്ന്ന യഥാർത്ഥ ജീവിതം മറു വഴിക്ക്. നന്മ തിന്മ പാപ ചിന്തകളുടെ നൂല്പാലത്തിലെ ട്രപ്പീസ് കളിയായി യൌവ്വനം .ഉണ്മാദമായ യൌവ്വനം മനപീടകളുടെ നേരിപ്പോടായ് അവസാനിപ്പിക്കാൻ മനസ്സ് വന്നില്ല.ചിന്തകളിൽ സംശയത്തിന്റെ കനൽ എരിഞ്ഞു  തുടങ്ങി. സ്വച്ചന്ദം ആയ ജീവിതത്തിന്റെ മറുപാത പ്രലോഭനം ആയി.സുരഭിലവും മോഹനവുമായ  ആയ യൌവ്വനത്തിൽ ശരി തെറ്റുകൾ വേർതിരിക്കുന്ന  രേഖ വെള്ളത്തിൽ വരച്ച വര പോലെ   നേർത്തു ഇല്ലാതെ ആയി .പാപചിന്തകളുടെയും കുറ്റബോധത്തിന്റെയും ഉമിത്തീയിൽ ചുട്ടെരിച്ച കൊടും പാപങ്ങൾ കുഞ്ഞു കൈത്തെറ്റുകൾ മാത്രമായി. എങ്കിലും പഠിച്ച പാഠങ്ങളിലെ ഗുണപാഠങ്ങൾ ജീവിത വഴിയിൽ കൈത്തിരിയായി. പതിരായി മാറിയ അദ്ഭുത കഥകൾ ശാസ്ത്ര ബോധത്തിന്റെയും അറിവിന്റെയും നടവഴികളിൽ എവിടെയോ കുഴിച്ചു മൂടി. അറിവിന്റെ വെള്ളി വെളിച്ചം തേടി അഞ്ജതയുടെ അന്ധകാരത്തിൽ നിന്നും  തുറന്ന ലോകത്തേയ്ക്ക് വഴി മാറി നടന്നു .
...........................................................................................................................................................
രണ്ടു ദശകങ്ങൾക്ക്‌ ഇപ്പുറം ഇടയ്ക്കിടെ ചികഞ്ഞ ഓർമകളിൽ ബാല്യവും കൌമാരവും വിരുന്നുകാരായി.മായാവിയും ഡിങ്കനും ലുട്ടാപ്പിയും രാമനും രാവണനും ആദമും ഹവ്വയും രസകരങ്ങളായ ഓർമകൾ ആയി. മിത്തുകളും അദ്ഭുത വീര കഥകളും വായനയെയും  ഭാവനയെയും  ചിന്തകളെയും പരിപോഷിപ്പിച്ച നല്ല മണ്ണായി.എങ്കിലും വഴി മാറി നടക്കാനുള്ള തീരുമാനം ചിന്തകളെ ഇത്ര മേൽ മാറ്റിമറിക്കും എന്ന് അന്ന് കരുതിയില്ല. കാപട്യം നിറഞ്ഞ  വിശ്വാസ മൂടുപടം വലിച്ചെറിയുമ്പോൾ തിമിരം ബാധിക്കാത്ത നല്ല കാഴ്ചകളുടെ വസന്തമാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. കുറ്റബോധം ഇല്ലാത്ത ഋജുവായ ഒരു മനസാക്ഷിയാണ് സ്വതന്ത്ര ചിന്തയുടെ വാതായനങ്ങൾ തുറന്നു തന്നത്.
..........................................................................................................................................................
ദുഷിച്ചു നാറിയ ഇന്നത്തെ ആത്മീയ ലോകം എന്നെ  ഓര്മപ്പെടുത്തുന്നത് അന്ന് വഴിമാറി നടക്കാൻ എടുത്ത തീരുമാനത്തിന്റെ ശരിയെയാണ് . കള്ള നാണയങ്ങൾക്കിടയിൽ എണ്ണപ്പെടാതെ മാറി നില്ക്കാൻ ആയി എന്നത് വലിയ നേട്ടം.. മതപരമായ ഒരു സമൂഹത്തിൽ വേലിക്കെട്ടുകൾ ഇല്ലാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന നന്മ കുറ്റകരം ആണ്. എന്റേത്,ഞങ്ങളുടേത് വീതം വയ്പ്പിന്റെ ലോകം ആണിത്..നമ്മുടേത്‌ എന്ന ചിന്ത അപ്രസക്തം ആണ് ഇവിടെ. ലൈംഗികത പാപമല്ല, എന്നാൽ അന്യന്റെ ഭാര്യയെ നോക്കുന്നത് പോലും പാപമെന്നു നാഴികയ്ക്ക് നാല്പ്പത് വട്ടം യാതൊരു കാര്യവും ഇല്ലാതെ ഉത്ബോധിപ്പിക്കുന്നവർ അതെ കാര്യം തന്നെ രഹസ്യത്തിൽ ചെയ്യുന്നതിന്റെ ധാര്മികതയാണ് എനിക്ക് മനസിലാകാത്തത് .
............................................................................................................................................................
സ്വകാര്യ ജീവിതം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം ആണ്. ലൈംഗികതയും അങ്ങനെ തന്നെ. അതിൽ തലയിടെണ്ട കാര്യം ആര്ക്കും  ഇല്ല.പക്ഷെ കാലാകാലങ്ങളായി വൃത്തികെട്ട മതത്തിന്റെ പേരിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ ഒളിഞ്ഞു നോക്കുകയും ഭീഷണിപ്പെടുത്തി ജീവിതത്തിലെ മനോഹരങ്ങളായ നിമിഷങ്ങൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്തവർ വിലക്കപ്പെട്ട കനി  കട്ടു തിന്നുന്നത്  ഒരു മ്ളെച്ചം ആയ കാഴ്ച തന്നെ....!!